Monday, September 14, 2020

 വേരുകൾ 
~~~~~~~~~~~~~~~~~~

അവളുടെ വീടിനു പിറകിലായി നിറയെ തൊട്ടാവാടികളും നീളൻ പുൽച്ചെടികളും നിറഞ്ഞു നിൽക്കുന്ന  ഒരു പറമ്പുണ്ട്. ആ പറമ്പിന്റെ അറ്റത്തായി  മണ്ണിൽനിന്നും വന്ന് മണ്ണിലേക്ക് തന്നെ തിരിച്ചുപോകുന്ന വലിയ സർപ്പങ്ങൾകണക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരുപാട് വേരുകൾ ഉള്ള പഴക്കംചെന്ന പടർന്നു പന്തലിച്ചനിൽക്കുന്ന  ഒരു മരവുമുണ്ട്. ആ മരചുവട്ടിലാണ് അവളുടെ സർപ്പക്കാവ് .  കരിങ്കല്ലിൽ മിനുസപ്പെടുത്തിയെടുത്ത ഒത്തിരി നാഗദൈവങ്ങൾ. അവൾ മഞ്ഞളും പാലും കൊടുത്ത് വളർത്തുന്ന പത്തിവിടർത്തിയ സർപ്പരൂപങ്ങൾ. സന്ധ്യക്ക്‌ അവൾ എന്നും ആ സർപ്പക്കാവിൽ  വിളക്കുകൾ വെക്കുമായിരുന്നു.

വിരുന്നുകാർ പോയി തിരക്കുകൾ ഒഴിഞ്ഞപ്പോൾ സന്ധ്യക്ക്‌  അവൾ അവനേയും കൂട്ടി തൊട്ടാവാടികൾക്കിടയിലൂടെ   ആ സർപ്പകാവിലേക് നടന്നു.ആ സർപ്പക്കാവിൽ അപ്പോൾ  ഇരുട്ട്  തളംകെട്ടികിടന്നിരുന്നു. അവൾ  ദീപങ്ങൾ തെളിയിച്ച് മഞ്ഞവെളിച്ചംകൊണ്ട് ആ ഇരുട്ടിനെ  അലങ്കരിച്ചു. കണ്ണുകൾ അടച്ചു പ്രാർത്ഥിക്കാൻ അവൾ അവനു നിർദേശം കൊടുത്തു. അവർ പ്രാര്ഥിക്കുന്നതിനിടക്ക് അവനാണ് ആ കാഴ്ച്ച ആദ്യം കണ്ടത്. രണ്ടു സർപ്പങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു. ഉത്രേ... ദേ അവിടെ ഒരു പാമ്പ്...അവൻ ബഹളം വെച്ചു...അവൾ അവന്റെ വാ പോത്തി....അരുത് അവർ ഇണചേരുകയാണ്... ശല്യം ചെയ്യാൻ പാടില്ല. അവൾ പറഞ്ഞു തീരുമ്പോഴേക്കും  അവളുടെ കൈപിടിച്ച് അവൻ വേഗം അവിടെനിന്നും തിരിച്ചു നടന്നു. അവൾ തിരിഞ്ഞു നടക്കുമ്പോൾ അന്ന് രാവിലെ കതിർമണ്ഡപത്തിൽ അവൾ ചൂടിയ മുല്ലപ്പൂവിന്റെ സുഗന്ധം അവിടെ കൊഴിഞ്ഞുവീണ് സർപ്പക്കാവ് നിറയെ പൂത്തു. ആ രണ്ടു സർപ്പങ്ങൾ വേരുകൾക്കിടയിൽ ആ മുല്ലപ്പൂഗന്ധവുമാസ്വദിച്ച്  അനന്തനേരം  അങ്ങനെ കെട്ടുപിണഞ്ഞു കിടന്നു... പിന്നീട്  ആ മരത്തിന്റെ വേരുകളായി മാറി...കിതച്ചുകൊണ്ട് അവനു പിറകെ നടക്കുമ്പോൾ അവൾ പറഞ്ഞു,  പാമ്പുകൾ ഇണചേരുമ്പോൾ ചുവന്ന ഒരു  പട്ട് ഇട്ടുകൊടുക്കണം. അവർ ആ പട്ടിൽ കിടന്ന് ഇണചേരും. അതിനുശേഷം ആ പട്ട് വീട്ടിൽ  സൂക്ഷിച്ചാൽ വരും തലമുറകൾക്ക്  ഐശ്വര്യം ഉണ്ടാകുമെന്നും പണ്ട് മുത്തശ്ശി അങ്ങനെ ഒരുപട്ടെടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ഇപ്പോഴും മുത്തശ്ശിയുടെ ഏതെങ്കിലും ഒരു മരപെട്ടിയിൽ ആ പട്ട് കാണുമായിരിക്കുമെന്നും പറഞ്ഞുകൊടുത്തു. അവൾ അങ്ങനെ ഒരുകൂട്ടം കെട്ടുകഥകളുടെ കെട്ടഴിച്ചു... സമയമങ്ങനെ തൊട്ടാവാടി ചെടികൾക്ക് ഇടയിലൂടെ  കടന്നുപോയി. ചിരാതിലെ എണ്ണ തീർന്ന് സർപ്പക്കാവിലെ വിളക്കുകൾ കെട്ടു. വീണ്ടും ഇരുട്ട് പൂത്തു.ഇണചേർന്ന പാമ്പുകൾ വേരുകളായിമാറി. പക്ഷേ ആ രാത്രിയിൽ പുതിയ രണ്ടു ഉടലുകൾ പാമ്പുകളായി ജന്മമെടുത്തു. ഇരുട്ടിലൂടെ അവർ പരസ്പരം ഇഴഞ്ഞുനീങ്ങി.. ചുണ്ടിൽ നിന്ന് ചുണ്ടിലേക് ആ പാമ്പുകൾ നാവുനീട്ടി.. രാത്രികളും പകലുകളും കടന്നുപോയി. പക്ഷേ ഇന്നലെ അവളെ അവൻ ചുംബിച്ചപ്പോൾ ശരിക്കും അവനൊരു സർപ്പമായി മാറി.. അവളുടെ സിരകളില്ലേക്ക്  അവന്റെ അന്ത്യചുംബനത്തിൽ നിന്ന് നീലരക്തം ഒറ്റിവീണു... ആ വിഷ ചുംബനത്തിനോട് ഒന്നു പ്രതികരിക്കാനാകാതെ തളർന്ന ശരീരവുമായി അവൾ മാത്രം തനിയെ ആ സർപ്പകാവിലേക് ഇഴഞ്ഞു നീങ്ങി ആ വലിയ മരത്തിന്റെ വേരുകളായിമാറി.പുനർജന്മങ്ങൾ ഇല്ലാതെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി. പക്ഷേ  പ്രതികരിക്കാനാവാതെ മരണപ്പെട്ടുപോകുന്ന  പെൺകുട്ടികൾ സർപ്പക്കാവുകളിൽ യക്ഷികളായി പുനർജനിക്കുകതന്നെ വേണം!

Saturday, November 3, 2018

എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

അവൾ ഏഴാം തരത്തിൽ പഠിക്കുമ്പോൾ ഓലമേഞ്ഞ ക്ലാസ്സ്മുറിയിലെ
ചോർച്ചയിലൂടെ ഞാൻ ഒലിച്ചിറങ്ങുമ്പോഴാണ്
അവളെ ആദ്യമായി കാണുന്നത്.
അന്ന് ഡെസ്കിൽ തുറന്നിട്ട നോട്ടുപുസ്തകം നനച്ചുകളഞ്ഞെന്ന് പറഞ്ഞ് അവളുടെ നല്ല കൈപ്പടയിൽ നിന്ന് എന്നെയവൾ തട്ടിമാറ്റി.
സാരമില്ല പോട്ടെ..
ഇന്റെർവെല്ലിന്ന് ഒരുനോക്കുകൂടി കാണാലോ എന്നുവെച്ച്
സ്കൂൾ മുറ്റത്ത് ഞാൻ നിന്നു പെയ്തു...
പെയ്ത് പെയ്ത് തീർന്നതല്ലാതെ
ആ മുറിപ്പാവാടപെണ്ണ് ക്ലാസ്സ്‌ മുറിവിട്ട് പുറത്തുവന്നില്ല.
എന്നിട്ടും,വൈകുന്നേരംവരെ അവൾ വരുന്ന ഇടവഴിയിൽ കാത്തുനിന്നു.
പക്ഷേ, കുടചൂടി..
മുഖം മറച്ച്‌
എന്നെ നോക്കാതെ
അവൾ നടന്നുപോയി.
ചിലപ്പോൾ എതിരെവന്ന ശങ്കരേട്ടനെ കണ്ടുഭയന്നിട്ടാകണം അവളെങ്ങനെ നടന്നുപോയത്.
രാത്രിയിൽ ആരും കാണതെ
അവൾ എന്നെ കൈനീട്ടി തൊട്ടുനോക്കുമെന്നും
കുളിരണിയുമെന്നും മോഹിച്ച്
അവളുടെ ജനലരികിലെ മുല്ലപ്പൂവള്ളികളിൽ ഞാൻ കാത്തിരുന്നു.
പക്ഷെ ജനാലകൾ തുറക്കപ്പെട്ടതേയില്ല.
ഒരു വർഷകാലംമൊത്തം ഞാൻ അവളുള്ളിടത്തെല്ലാം ആർത്തുപെയ്തു..
മരക്കൊമ്പുകളിൽ ഒളിച്ചിരുന്ന്
അപ്രതീക്ഷിതമായി അവളിലേക്ക് എടുത്തുചാടാൻ കാറ്റിനെ ഒരുപാടുവട്ടം ചട്ടംകെട്ടി..
വേനലിലും ഇടക്കൊക്കെ അവളെ കാണാൻവേണ്ടിമാത്രം പൊള്ളുന്ന വെയിലിലൂടെ ഞാൻ ഇറങ്ങി നടക്കാറുണ്ടായിരുന്നു.
എന്നിട്ടും,
എന്റെ പ്രണയത്തിന്റെ ഒഴുക്കിലേക്ക്
ഒരു ചെറുകളിവള്ളം പോലും അവൾ സമ്മാനിച്ചില്ല...
അവൾക്കുകൊടുക്കാൻ എത്ര
മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ..