Wednesday, July 3, 2013

പ്രണയം!


ഈ കവിത ജനിക്കുന്നനേരം

മരിക്കുന്നുജ്വലിക്കുന്ന തിരിയും,

ഒരുചെറുപ്രാണിതന്‍ നിമിഷസ്വപ്നവും.

എങ്കിലുംഞാന്‍ കുറിച്ചീടുന്നു

മുന്‍മ്പേമരിച്ചൊരെന്‍ പ്രണയഗീതം.

ക്രിയകള്‍നടത്തുന്നു ഞാനാജഡത്തില്‍

ഹൃദയമഞ്ചത്തില്‍നിന്നിറക്കികിടത്തണം-

നടുമുറ്റത്തെ മുഴുനീളന്‍ ഇലയില്‍.

സ്വപ്നങ്ങളുടച്ചു കാല്‍ക്കലില്‍ വെക്കണം.

തലക്കല്‍ എരിയട്ടെ വികാരനാളങ്ങള്‍

മൂടുക പ്രണയത്തിന്‍ നിര്‍ലജ്ജമുഖം,

അര്‍പ്പിക്കുക നിയ്യതിന്‍മാറിലെന്‍-

ആദ്യോപഹാരപുഷ്പം.

മിഴികളുടച്ചു കണ്ണീര്‍വാര്‍ത്തെ-

ടുക്കുന്നു ഞാനാജഡത്തെ ചിതയിലേക്ക്.

പിന്‍വിളിച്ചേക്കരുതേ.....

പുനര്‍ജനിച്ചീടുമാപ്രണയം!

Tuesday, May 28, 2013

കുരുതി

ഈ സന്ധ്യയിലും 

ഒരു കുരുതിവേണ്ടേ...

ഇന്നലകളിൽ കുരുതികൊടുത്ത

അതേ സൂര്യനേ?.

കുരുതിക്കുശേഷം

നമുക്കൊരുമിച്ച്‌

രാത്രിയുടെ ഇടനാഴികളിൽ

അത്താഴമൊരുക്കാം

ആദ്യവിഭവം ചുംബനംതന്നെയാകട്ടെ.

ആദ്യം ഞാൻ നിന്നെ

പിന്നെ നീയെന്നെ.

അങ്ങനെ ചുംബിച്ച്‌ ചുംബിച്ച്‌

നമുക്കാസൂര്യനെ പുനർജനിപ്പിക്കാം.

അടുത്ത സന്ധ്യക്ക് നമ്മളാകട്ടെ കുരുതി.



Saturday, May 4, 2013



എന്‍റെ ചുവന്ന പനിനീര്‍പ്പുവിന്

~~~~~~~~~~~~~~~~~~


"കവിത മൂളുവാനൊരു കവിഹൃദയം ഇല്ലെനിക്ക്.
ശേഷിപ്പതോ........
നിന്‍റെ ഓര്‍മ്മയുടെ പനിനീര്‍പ്പൂക്കളാല്‍

മൂടിനില്‍ക്കുന്ന ഹൃദയസ്പന്ദനം. "

പെണ്ണേ


പെണ്ണേ,
നിന്‍റെ ഉദരത്തിലല്ലോ
അവരും തളിര്‍ത്തത്
നിന്‍റെ മുലയിലെ തീര്ത്ഥമല്ലോ
അവരും നുകര്‍ന്നത്
നിന്‍റെ താരാട്ടുപാട്ടിന്‍റെ ഈണത്തിലല്ലോ
അവരും വളർന്നത് .
പിന്നെയെന്തേ
ഒടുന്ന ബസ്സിലും
തീവണ്ടി മുറിയിലും
തിരിയാതെ തിരിയുന്ന ഭൂമി-
യുടെയോരോ നിശാതെരുവിലും
അവർ നിന്‍റെമാറിലെ നഗ്ന-
ശിൽപ്പങ്ങൾ തേടിയിറങ്ങി.
ഉദരങ്ങളിലേക്കളവുകോലുകൾ കയറ്റി
ചോരയുടെ ആഴം നോക്കി .
നിയ്യറിയുക,
നിന്‍റെ മുറിവേറ്റ രോദനത്തിലും
അവര്‍ക്കുള്ള രാഗതാളങ്ങളുണ്ട് പെണ്ണേ.
അരങ്ങത്തു നില്ക്കാനാകില്ല നിനക്കിനി
മടങ്ങുക വന്നവഴിയേ
മടങ്ങുക നീയടുക്കളയിലേക്ക് .
മടങ്ങട്ടേ ഞാനുമൊരു നിശാതെരുവിലേക്ക്
വീണ്ടുമൊരു ഗസ്സൽരാഗത്തിനായ് കാതോർക്കട്ടെ.

Saturday, March 30, 2013

ഒറ്റമുറി

                                                                  
എന്താടാ ചത്തൊന്നു അറിയാന്‍ വന്നതാണോ എന്നാ പതിവ് ചോദ്യമാണ് കുറെ നാളുകള്‍ക്ക് ശേഷം തറവാട്ടിലേക്ക് കയറിച്ചെന്ന എന്നോട് അവര്‍ ചോദിച്ചത്.അല്ല ഈ വീടും പറമ്പും എനിക്ക് എഴുതിത്തരോ എന്നറിയാന്‍ വന്നതാണ്....ചോദ്യത്തിന്‍റെ ഗമ ഒട്ടും നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ഉമ്മറത്ത്‌ കിടന്ന കസേരയിലേക്ക് കയറി ഇരുന്നു.എന്താടാ വേണ്ടേ ?ചായ വെക്കട്ടെ?ചൂടുചായ ഊതികുടിക്കുമ്പോള്‍ ചൂടിനോടൊപ്പം അവരുടെ പരിഭവങ്ങളും തണുത്തു തണുത്ത് ഇല്ലാതാകുന്നു.ആ തണുപ്പ് പതിയെ വിശേഷങ്ങളിലേക്ക് കടന്നു.അച്ഛന്‍ വിളിക്കാറില്ലേ?....ചേച്ചി പൂരത്തിന് വരോ?...നിന്‍റെ പ്രൊജക്റ്റ്‌ എന്തായി?.ചായ ഓരോമിടുക്ക് കുടിക്കുന്നതിനിടക്ക് വാക്കുകള്‍ അതികം നഷ്ടപ്പെടുത്താതെ ഞാന്‍ പറഞ്ഞു.ഉവ്വ്...വരും....കഴിയാറായി.      

                             ഒരിക്കല്‍ കൂട്ടുകാരുമായി സംസാരിക്കുന്നതിന്‍റെ ഇടക്കാണ് ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം അറിയാതെ എപ്പഴോ പവിഴമല്ലിയും നന്ത്യാര്‍വട്ടവും പൂത്തുനിന്നിരുന്ന,തൊഴുത്തിലെ ചാണകത്തിന്‍റെ ഗന്ധമുള്ള,മുറ്റത്ത് കൂട്ടിയിട്ടിരുന്ന വൈക്കോല്‍ കൂനയില്‍ കൂണുകള്‍ മുളപൊട്ടി നില്‍ക്കുമായിരുന്ന എന്‍റെ തറവാട്ടിലെ ആ മുറിയിലേക്ക് എന്റെ മനസ്സ്കയറിയത്.അന്ന് ഞാന്‍ അവരോടു പറഞ്ഞു, നാളെ തറവാട്ടില്‍ പോണം ആട്ടുകട്ടിലുള്ള ആ മുറിയില്‍ കിടനൊന്ന് ഉറങ്ങണം.അതിനു ശേഷം ഏകദേശം രണ്ടുമാസം കഴിഞ്ഞിരിക്കുന്നു എന്നിട്ട് ഇപ്പോളാണ് സമയം കിട്ടിയത്.

                        ചായഗ്ലാസ്‌ തിണ്ടില്‍ വെച്ച് ഞാന്‍ ആ മുറിയിലേക്ക് കടന്നു.പത്തായത്തോട് ചേര്‍ന്നുള്ള മുറി,നീളം കൂടി വീതി കുറഞ്ഞ രണ്ടു വാതിലുകള്‍ ഉള്ള ഒരു ജനല്‍.ആ ജനല്‍പ്പാളികളിലൂടെ നോക്കിയാല്‍ റെയില്‍ പാളങ്ങള്‍ക്കപ്പുറത്ത് നിള ഒഴുകുന്നത് കാണാമായിരുന്നു, രണ്ട് ദേശങ്ങള്‍തമ്മില്‍ കൈകോര്‍ത്തുപിടിച്ച് ഒഴുകുന്ന ഭാരതപ്പുഴ.പഴയ കാഴ്ചകള്‍ കൊതിച്ച് ആ ജനലുകള്‍ തുറന്നുനോക്കി.പക്ഷെ കാലപ്പഴക്കം കൊണ്ട് ശക്തിയേറിയ സൂര്യരശ്മികള്‍ കണ്ണിലേക്കു ഇരച്ചു കയറിയപ്പോള്‍ ഭൂതകാലത്തിന്റെ ആ കാഴ്ചകള്‍ ഇരുണ്ടുപോയി.വാതില്‍ ചാരി ഞാന്‍ ആട്ടുകട്ടിലില്‍ കിടന്നു.കാലുകൊണ്ട്‌ പതിയെ ആ ആട്ടുകട്ടിലിനെ ആട്ടി.ആട്ടുകട്ടില്‍ മുന്നിലേക്കും പിന്നിലേക്കും ചലിക്കുമ്പോള്‍ മനസ്സ് പുറകോട്ടുമാത്രം ചലിക്കുന്നു.വല്യമ്മ കുട്ടിക്കാലത്ത് ഈ കട്ടിലില്‍ കിടന്നു കഥ പറഞ്ഞുതന്നതും പേടിതോന്നുമ്പോള്‍ അരികിലേക്ക് ചേര്‍ന്ന് കിടന്നതും ഇരുട്ടില്‍ നിന്നും അപ്പോള്‍ ആ കട്ടിലിലേക്ക് ഇറങ്ങിവന്നു.ആ ഇരുളില്‍ ഇത്രയും കാലം എന്നെ കാത്തുനിന്നപോലെ.

                        ഞാന്‍ ഇപ്പോള്‍ കിടക്കുന്ന ഈ മുറിയിലേക്കാണ് ഒരുപാട് അമ്മമാരുടെ പേറ്റുനോവിലേക്കു ആശ്വാസമായി ഒരുപാട് കുഞ്ഞുങ്ങള്‍ പോട്ടികരഞ്ഞത്‌.പണ്ടെപ്പഴോ അമ്മ പറഞ്ഞിട്ടുണ്ട് ഈ മുറിയിലാണ് നിന്റെ ചേച്ചിമാരടക്കം ഒരുപാടുപേര്‍ ഈ തറവാട്ടില്‍ ജന്മമെടുത്തത്.കടുങ്ങോത്ത് തറവാട്ടിന്റെ പേറ്റിച്ചി ഈ മുറിയായിരുന്നു.ആ മുറിയില്‍ അവസാനമായി പോട്ടികരഞ്ഞത് എന്റെ ഇളയ ചേച്ചി.എന്നേയും അവിടുന്നങ്ങോട്ടുമുള്ള ജന്മങ്ങളേയും ഉപേഷിച്ച പേറ്റിച്ചി.മതി പുറകോട്ടു പോയത് മനസ്സിനെ ഉണര്‍ത്തി ആട്ടുകട്ടിലില്‍ നിന്നും എണീറ്റ്‌ മുറിയില്‍ന്നിന്നും പുറത്തുകടന്നു.

                      ഞാന്‍ പോവാട്ടോ....ഉണ്ടിട്ട് പോകാമെടാ....,ആ വയസ്സായ സബ്ദത്തെ അവഗണിച്ച് പടികടന്നു തിരിച്ചുനടക്കുമ്പോള്‍ മനസ്സ് പറഞ്ഞു,ഒരുപാട് അകന്നിരിക്കുന്നു അവരില്‍നിന്നും ഞാന്‍......ഒരുപാട് മാറിയിരിക്കുന്നു,ഊഞ്ഞാലിട്ടിരുന്ന ആ മാവ് മാമ്മയുടെ വീടായി പന്തലിച്ചു നില്‍ക്കുന്നു,ഒറ്റവരി ആയിരുന്ന റെയില്‍വേ ട്രാക്ക് ഇരട്ടിച്ചിരിക്കുന്നു,നിള രോഗശയ്യയില്‍,വൈക്കോല്‍ കൂനകളില്ല,പഴയ തൊഴുത്തില്‍ കിടാവില്ല,രാവിലെ പൂക്കാനും വൈകുന്നേരം കൊഴിയാനും പവിഴമല്ലിയില്ല.ഒരുപാട് മാറ്റങ്ങള്‍..പക്ഷെ ആ തറവാട്ടിലെ മൂന്നുജീവിതങ്ങല്‍ക്കുമാത്രം ഒരു മാറ്റവുമില്ല.തുന്നല്‍ മിഷ്യനിന്‍റെ കട കടാ ശബ്ദത്തിനും നാട്ടുവര്‍ത്തമാനം പറയലിനും ഉച്ചക്കുള ആകശവാണിയിലെ പ്രോഗ്രാം കേള്‍ക്കുന്നതിനും എല്ലാറ്റിനും ഉപരി ശാസനകലര്‍ന്ന സ്നേഹത്തിനും ഒരു മാറ്റവുമില്ല.

                      

Saturday, February 23, 2013

ചില്ലകള്‍

അന്നുനാം
ഇടവഴിയില്‍
ഇരുള്‍ മറയില്‍
ഒരുച്ചില്ല തേടി
ഒരു കൂടുവെക്കാന്‍
ഒന്നായ് ഉറങ്ങാന്‍
ഒന്നായ് ഉണരാന്‍ .
അന്നെന്‍ കിനാക്കള്‍
നിന്‍ നഖം കൊണ്ട്,
മുറിവേറ്റ സ്വപ്നങ്ങള്‍
പൂത്തു പൂക്കളായി,
എന്‍ വിരലായ്,

നിന്നില്‍ കൊഴിഞ്ഞു.
      

             ഇന്നുമാച്ചില്ലയിലെന്‍-
             സ്വപ്‌നങ്ങള്‍ മുറിവേറ്റു പിടയുന്നു.
             നോക്കണ്ട നിന്‍ വിരലില്‍-
             കാണില്ല രക്തം.
             മറന്നുവോ നീ-
             നമുക്കിന്നു രണ്ടു ചില്ലകള്‍.
             കാലമൊരു പക്ഷിയായ് പറന്നു
             നിയ്യതിന്‍ ചിറകേറിയകന്നു.