Thursday, September 15, 2011

ശാപം

ഈ ഇരുട്ടിന്റെ തിരശ്ശീലയില്‍
ഞാന്‍ ഏകാകിയാണ്‌
പകല്‍വെളിച്ചം നല്‍കിയ സൂര്യന്‍
കടലാഴങ്ങളില്‍പ്പോയി
മാതൃസ്നേഹം
നിദ്രക്കുകൂട്ടായി
സൗഹൃദം
വേലിപടര്പ്പുകൾക്കപ്പുറത്താണ്
പ്രണയം
നേവാനദിക്കരയിലും
എന്നിരുന്നാലും
പടിഞ്ഞാറില്‍നിന്നും സൂര്യന്‍-
കിഴക്കന്‍ മലനിരകളില്‍ എത്താതിരുന്നുവെങ്കിൽ
കൂട്ടിലെ കോഴി കൂവാതിരുന്നെങ്കിൽ
ഈ ഏകാന്തതയെ  വേര്പിരിയാതിരുന്നെങ്കിൽ-
എന്നാശിച്ചുപോകുന്നു
പക്ഷെ,
കോഴികൂവി
സൂര്യന്‍ വീണ്ടും
കിഴക്കന്‍ മലനിരകളിലെത്തി
അപ്പോള്‍  ആ പകല്‍വെളിച്ചത്തില്‍
ആരോ ചോദിച്ചു
പകലിന്റെ ശാപം
പ്രകാശവും
മാതൃത്വവും
സൗഹൃദവും
പ്രണയവുമാണോ?
             [വി കെ] 

Tuesday, September 6, 2011

ഒരു തീവണ്ടി യാത്ര

പ്രകൃതിയെ  തള്ളി പുറകോട്ടുമാറ്റി
സമയത്തിനു മുന്നെ ഓടുന്ന തീവണ്ടിമുറിയിലിരുന്ന്
അവൾ സ്വപ്നങ്ങൾ കാണുകയായിരുന്നു 
സ്വപ്നങ്ങൾക്ക് ഒരു പുതുകുപ്പായം തുന്നുകയായിരുന്നു
പക്ഷെ,
അവൾക്കറിയില്ലല്ലോ 
ആ പുതുകുപ്പായം പിച്ചികീറുമെന്ന് 
അവളുടെ സ്വപ്നങ്ങളെ നഗ്നയാക്കുമെന്ന്
റയിൽട്രാക്കിനരികിൽ 
കരിങ്കൽകഷ്ണങ്ങൾക്ക് -
കൂട്ടായികിടക്കുമെന്ന്
ജീവനറ്റ ആ ശരീരത്തിൽ
ഇങ്ങനെയൊക്കെ കുത്തി കുറിക്കുമെന്ന് 
അവളുറങ്ങുന്ന മണ്ണിനരികിലിരുന്ന്
മാപ്പിരക്കുമെന്ന്..............................
                             [വി കെ]

Sunday, September 4, 2011

മരണത്തെതേടി

യാത്ര പുറപ്പെടുകയാണുഞാന്‍
മരണത്തെതേടി
വളവുകളൂം
കവലകളും കടന്ന്
യാത്ര തുടര്‍ന്നു
വഴി തെറ്റുമെന്ന് തോന്നിയപ്പോള്‍
എതിരെ വന്ന യത്രികനോട്-
വഴി ചോദിച്ചു
അവന്‍ ചൂണ്ടിയ വഴിയെ നടന്നപ്പോള്‍
ഒരു സെമിത്തേരിയിലെത്തി
അവിടെ നിദ്രയിലാണ്ട ആത്മാക്കള്‍
എനിക്ക് വഴിപറഞ്ഞുതന്നു
ആ വഴിയെ യാത്ര തുടരവേ
ഒരുന്നാള്‍
എന്‍ രക്തം കട്ടപിടിച്ച്
ഹൃദയമിടിപ്പുകള്‍ കുറഞ്ഞ്
മണ്ണില്‍ തലചായ്ച്ചപ്പോള്‍
മരണം എന്നരികില്‍ വന്നുചോദിച്ചു
നിനക്കൊന്നു തിരിഞ്ഞുനോക്കാമായിരുന്നില്ലേ
ഞാന്‍ നിന്റെ പുറകില്‍ ഉണ്ടായിരുന്നു.
                                                                                  [വി കെ]

Thursday, September 1, 2011

മയില്‍‌പ്പീലി

നിൻ ഓര്‍മ്മതന്‍ പുസ്തകതാളില്‍ 
ഒരു മയില്‍‌പ്പീലിതുണ്ടുഞാന്‍ വെക്കുന്നു 
ആ മയില്‍‌പ്പീലി നേത്രങ്ങള്‍ 
എന്റെ സൌഹൃദമാണ് 
സമയചക്രം ആവര്‍ത്തന പാതയിലൂടെ -
മുന്നേറുമ്പോള്‍ 
കാലം 
പുഴയും കടലും കടന്നു 
മുന്നോട്ടുപോകുമ്പോള്‍ 
ഒരു ചെറു പുഞ്ചിരിയോടെ 
അല്ലെങ്കില്‍ കണ്ണീരോടെ 
ഒരു ബിന്ദുവില്‍ നിന്നും 
ഇരു വശങ്ങളിലേക്ക്  നാം അകന്നു പോകും 
ആ ജീവിത യാത്രയില്‍ 
എന്നെങ്കിലും ഒരുനാള്‍
നിയാ പുസ്തകതാളുകള്‍ മറയ്ക്കുമ്പോള്‍
ആ മയില്‍‌പ്പീലി നേത്രങ്ങള്‍ -
ആര്ദ്രമായിരിക്കും
ആ ആര്‍ദ്രത എന്റെ -
കണ്ണുനീര്‍ തുള്ളികളാണ് 
നഷ്ട  സൌഹൃദത്തിന്റെ 
ബലികുടീരത്തിന്  മുന്നില്‍  
ഞാന്‍ പൊഴിക്കുന്ന 
എന്റെ ചുടു കണ്ണീര്‍ ................
                             [വി കെ]