Friday, April 29, 2016

കഥകളുടെ മാടമ്പി





 മാടമ്പിമാരുടെ ആജ്ഞകളും ആദിവാസികളുടെ ദാരിദ്രവും നക്സലുകളുടെ വെടിമരുന്നിന്‍റെ  ഗന്ധവും പോലീസ്ബൂട്സിന്‍റെ ശബ്ദവും കേട്ടുമടുത്ത് ചുരമിറങ്ങുന്ന വയനാടന്‍ കാറ്റിനോടൊപ്പം അറപതുകളില്‍ ചേക്കുവും ചുരമിറങ്ങും.ചുരമിറങ്ങുന്ന കാറ്റുനിറയെ വെടിമരുന്നിന്‍റെ ഗന്ധമാണെങ്കില്‍ ചേക്കുവില്‍ നിറയെ കഥകളാണ്.മടക്കികുത്തിയ മുണ്ടുനിറയെ കഥകളുമായാണ് കഥകളുടെ മാടമ്പിയായ ചേക്കു ചുരമിറങ്ങുക.         

               ചേക്കു ചുരമിറങ്ങിയാല്പിന്നെ എന്‍റെ മുത്തശ്ശനും എനിക്കും നല്ലകോളാണ്,മുത്തശ്ശന്  മദ്യത്തിന്‍റെ കോളും എനിക്ക് കഥകളുടെ കോളും.ചുരമിറങ്ങി വീട്ടുമുറ്റത്തെത്തുന്ന ചേക്കു നീട്ടിയൊരുവിളിയാണ് ,രാമന്‍ നായരെ ഇങ്ങള് ഇങ്ങട് എര്‍ങ്ങി ബരീന്‍.............പിന്നെ രാമന്‍ നായരും ചേക്കുവും സംഘവും നേരെ ഒരുപോക്കാണ് പാമ്പാടിയിലെ തെങ്ങിൻതോപ്പിലേക്ക്. തെങ്ങിൻതോപ്പിലിരുന്ന്‍ കാമ്പുറക്കാത്ത ഇളനീരില്‍ വിദേശമദ്യം ചേര്‍ത്തു കുടിക്കലും ആ ലഹരിയില്‍ സൊറപറച്ചിലും ചീട്ടുകളിയും കലാപരിപാടികളും.ലഹരി തലക്കുപിടിച്ചാല്‍ രണ്ടിനും ഗാന്ധിജിയോടുള്ള സ്നേഹം കൂടും ഒപ്പം ഇ എം എസ്സിന്‍റെ  കമ്മ്യൂണിസത്തെ പച്ച പുലയാട്ടും വിളിക്കും.  


        ലഹരി തലക്കുപിടിച്ച ചേക്കുവിനു ചീട്ടുകളി വെറുമൊരു കളിമാത്രമല്ല,ബുദ്ധിയും തന്ത്രവും ഉപയോഗിച്ച് ശത്രുവിനെ കീഴ്പ്പെടുത്തുന്ന ഒരു യുദ്ധമോ ഒരു രാഷ്ട്രീയ പകപോക്കാലോ ആണ്.ക്ലാവറിന്‍റെയൊ ഇസ്പേഡിന്‍റെയൊ തുരുപ്പുകൊണ്ട് കമ്മ്യൂണിസ്റ്റായ ചുവന്ന ആഡിയനെയോ ഡയമണ്ടിനേയോ വെട്ടിവീഴ്ത്തുക അതുവഴി കമ്മ്യൂണിസത്തെ തോല്‍പ്പിക്കുക ഉത്മൂലനം ചെയ്യുക. അങ്ങനെകിട്ടുന്ന സംത്യപ്തിയുടെ ഉച്ചിയില്‍ തെങ്ങിന്‍തോപ്പിലെ  പച്ചമണ്ണില്‍ കിടന്നുറങ്ങുക.

                 ഇ എം എസ്സിന്‍റെ ചുവപ്പിനോടും മുദ്രാവാക്യങ്ങളോടും എനിക്ക് വളരെ ഇഷ്ടമായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ്‌ വിരോധിയായ, കള്ളുകുടിച്ചാല്‍ കമ്മ്യൂണിസത്തെ പച്ചപുലയാട്ടുവിളിക്കുന്ന ചേക്കുവിനെയും എനിക്ക് ഇഷ്ടമായിരുന്നു.കാരണം ചേക്കു കഥകളുടെ മാടമ്പിയാണ്.ഞാന്‍ കഥകളുടെ അടിമയും.

          പയങ്കളോത്ത് തറവാട്ടിലെ കാര്‍ന്നവര്‍ നങ്ങപ്പിള്ളേരെ കുന്നിന്‍മുകളില്‍ കൊണ്ടുപോയ് കൊന്നതും നങ്ങപ്പിള്ളേരുടെ ശാപംമൂലം ആ കുന്നില്‍ പിന്നീട് പുല്ലുമുളക്കാതെ മൊട്ടകുന്നായതും പയങ്കളോത്ത് തറവാട്ടിലെ എല്ലാവര്‍ക്കും കുഷ്ഠം വന്ന് കുലംമുടിഞ്ഞതും, പുലര്‍ച്ചെ  എണീറ്റ്‌ ഉമ്മറപ്പടി കഴുകി നാഗദേവനുവിളക്കുവെക്കുന്ന  വയ്യാട്ട് വീട്ടിലെ മുത്തശശിക്ക് നാഗദേവന്‍ എന്നും ഉമ്മറപ്പടിയിലെ പൊത്തില്‍ ഒരു സ്വര്‍ണ്ണ നാണയം വെച്ചുകൊടുക്കാറുള്ളതും അതിമോഹം മൂത്ത് ഉമ്മറപ്പടിയിലെ ആ പൊത്ത് കുഴിച്ചുനോക്കിയതും നാണയമുത്തശ്ശി അങ്ങനെ അപ്രത്യക്ഷയായതും ആ പൊത്ത് പിന്നീട് കൊടും വേനലിലും ഉറവ വറ്റാത്ത കിണറായ് മാറിയതും ആ ഉറവ നാണയമുത്തശ്ശിയുടെ കണ്ണുനീരാണെന്നുമുള്ള കഥയും എനിക്ക് പറഞ്ഞുതന്നത് കഥകളുടെ മാടമ്പിയായ ചേക്കുവാണ്.

    ചീട്ടുകളിയില്‍ പ്രതീകാത്മകമായ് കമ്മ്യൂണിസത്തെ ഇല്ലാതാക്കുന്നതില്‍ നിര്‍വൃതി ആസ്വദിച്ചിരുന്ന ചേക്കുവിന് കഥപറച്ചിലിലുംഅത്തരമൊരു നിര്‍വൃതി ആസ്വദിച്ചിരുന്നു.കഥയില്‍ ആകാംഷനിറച്ച് ,മുള്‍മുനയില്‍നിര്‍ത്തി കഥ മുഴുമിപ്പിക്കാതെ കേള്‍വിക്കാരനില്‍ കഥയുടേയും കഥാപാത്രങ്ങളുടെയും ഭാരം കയറ്റിവെച്ച് ആ നിര്‍വൃതിയില്‍ വീണ്ടും തന്‍റെ മാടമ്പിത്തരത്തിന്‍റെ ചുരം കയറുക.
                  പന്ത്രണ്ടു വിരലുകളുള്ള ലീലേച്ചിയേയും ആ പന്ത്രണ്ടു വിരലുകളെ പ്രണയിച്ച ഉണ്ണികുട്ടേട്ടന്‍റെയും കഥ എനിക്ക് പറഞ്ഞുതന്നതും കഥകളുടെ മാടമ്പിയായ ചേക്കുവാണ്.

    പന്ത്രണ്ടു വിരലുകളുള്ള ലീലേച്ചിക്ക് പാരിജാതപൂവിന്‍റെ ഗന്ധമായിരുന്നത്രെ.!മുടിയിഴയില്‍ പാരിജാതപൂക്കളും ചൂടിനില്‍ക്കുന്ന ലീലേച്ചിയെ ചേക്കു വര്‍ണ്ണിച്ചുതരുമ്പോള്‍ ഉണ്ണികുട്ടേട്ടനെപോലെ ഞാനും ലീലേച്ചിയെ പ്രണയിച്ചുപോയ്‌.എന്‍റെ തറവാട്ടുമുറ്റത്തെ പാരിജാതപൂവിന്‍റെ ചെടികളില്‍നിന്ന് കൊഴിഞ്ഞുവീണ പാരിജാതപൂക്കള്‍ പെറുക്കിയെടുത്ത് മണത്തുനോക്കുമ്പോള്‍ എനിക്ക് ലീലേച്ചിയെ ഓര്‍മ്മവരും. ആദ്യമായ് ഞാന്‍ അറിഞ്ഞ പെണ്ണിന്‍റെ ഗന്ധം ലീലേച്ചിയുടെ ഗന്ധമായിരിക്കാം,ആ പാരിജാതപൂക്കളുടെ ഗന്ധമായിരിക്കാം.

    ഉണ്ണികുട്ടേട്ടന്‍ ലീലേച്ചിയ്ക്കുമുന്നെ വേറൊരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളു അത് ഇ  എം എസ്സിനെയാണ്. അന്നാട്ടിലെ ഉണ്ണി ഇ എം എസ് എന്നാണ് ഉണ്ണികുട്ടേട്ടന്‍ അറിയപ്പെടുന്നത്. ഉണ്ണികുട്ടേട്ടന് രണ്ടു സ്വപ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ.ഒന്ന്‍ ലോകം കണ്ട ഏറ്റവും സുന്ദരമായ സ്വപ്നമെന്ന് വിളിക്കുന്ന കമ്മ്യൂണിസവും രണ്ട് പന്ത്രണ്ടു വിരലുകളുള്ള പാരിജാതപൂക്കളുടെ ഗന്ധം പൊഴിക്കുന്ന ലീലേച്ചിയും.

             ചേക്കുവിന് എല്ലാം അറിയാം.ഹവാല ഉണ്ണി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന്‍ അറിയാം, പയങ്കളോത്ത് തറവാട്ടിലെ കാര്‍ന്നവര്‍ നങ്ങപ്പിള്ളേരെ കുന്നിന്‍മുകളില്‍ കൊണ്ടുപോയ് വെട്ടികൊന്നത് തറവാട്ടിലെ കുട്ടിക്ക്‌ അവിഹിത ഗര്‍ഭം സമ്മാനിച്ചതിനാണെന്നും ,നക്സല്‍ വര്‍ഗ്ഗീസ് ഒളിവില്‍ കഴിയുന്നത് എവിടെയാണെന്നും ഉണ്ണികുട്ടേട്ടനും ലീലേച്ചിയും അമ്പലപ്പടവിനു ചുവട്ടിലുള്ള പൂമരത്തിന്‍റെ ചുവട്ടില്‍വെച്ച് കണ്ടുമുട്ടുന്നതും ആ പൂമരത്തില്‍ വലിയൊരു പൊത്തുള്ളതും ആ പൊത്തില്‍ ഉണ്ണി ഇ എം എസ്സും ലീലേച്ചിയും ഒളിപ്പിച്ചുവെക്കുന്ന കത്തുകളെകുറിച്ചും ചേക്കുവിന് അറിയാം.കാരണം ചേക്കു കഥകളുടെ മാടമ്പിയാണ്.

              ചേക്കുവിനെപോലെ കഥപറയാന്‍ എനിക്കും ഇഷ്ടമാണ്.പക്ഷെ കഥകളുടെ മാടമ്പിയെപോലെ കഥയെ അതിന്‍റെ വഴിത്തിരിവില്‍വെച്ചുനിര്‍ത്തി മറ്റൊരുവഴിക്ക് ചുരംകയറിപോയ്‌ കേള്‍വിക്കാരനെ ആകാംഷയുടെ തെരുവില്‍ ഒറ്റപ്പെടുത്താനുള്ള കഴിവ് എനിക്ക് ഒട്ടുംതന്നെ കിട്ടിയിട്ടില്ല.

               ലീലേച്ചിയും ഉണ്ണി ഇ എം എസ്സും അമ്പലപടവിലെ പൂമരചോട്ടില്‍ കണ്ടുമുട്ടി. ഗുല്‍മോഹറുകള്‍ കൊഴിഞ്ഞുവീണ്, ചുവന്ന പൊട്ടുകളുള്ള വെള്ളപാവാടനിവര്‍ത്തിയിട്ടപോലെ ഭാരതപുഴ പൂമരത്തിനുചുവട്ടിലൂടെ ഒഴുകി.ലീലേച്ചിയും ഉണ്ണി ഇ എം എസ്സും പരസ്പരം സ്പര്‍ശിച്ചിരുന്നത് ആ പുഴയിലെ ഓളങ്ങളിലൂടെ ആയിരുന്നു.പന്ത്രണ്ട് വിരലുകളുള്ള ലീലേച്ചി പുഴയില്‍ തൊടുമ്പോള്‍ പുഴയില്‍ ഓളങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.ആ ഓളങ്ങള്‍ പ്രണയലേഖനങ്ങളും സ്വപ്നങ്ങളും പരിഭവങ്ങളുമായ് ഉണ്ണി ഇ എം എസ്സിന്‍റെ കാല്‍പാദങ്ങളിലേക്ക് തഴുകിയെത്തി.ആ ജലസ്പര്‍ശത്തിലേക്ക്,ആ പുഴയിലേക്ക് ഉണ്ണി ഇ എം എസ് പതിയെ ഇറങ്ങിച്ചെന്നു.പരസ്പരം വാരിപുണര്‍ന്ന്‍ ചുംബിച്ചതിനേക്കാളും ലീലേച്ചിയുടെ പാരിജാതപൂവിന്‍റെ ഗന്ധം വിടര്‍ത്തുന്ന അനുഭൂതിയെക്കാളും പന്ത്രണ്ട് വിരലുകളുടെ തലോടലിനെക്കാളും പതിന്‍മടങ്ങ്‌ വീര്യമുണ്ടായിരുന്നു ആ ജലസ്പര്‍ശത്തിന്, ആ പുഴയുടെ ഓളങ്ങള്‍ക്ക് .

                   ലീലേച്ചിക്ക് കുന്നോളം വലിയൊരു സ്വപ്നമുണ്ടായിരുന്നു.ഉണ്ണി ഇ എം എസ്സിനു നല്ലൊരു ഉദ്യോഗം കിട്ടുന്നതും ലീലേച്ചിക്ക് സമ്മാനപൊതികളുമായ് അവധിക്ക് ഭാരതപ്പുഴ റെയിലവേ സ്റ്റേഷനില്‍ വന്നിറങ്ങുന്നതും പാരിജാതപൂക്കള്‍ ചൂടി സ്റ്റേഷനില്‍ ലീലേച്ചി അതിരാവിലെതന്നെ ഉണ്ണി ഇ എം എസ്സിനെ കാത്തിരിക്കുന്നതുമായ കുന്നോളം വലിയൊരു സ്വപ്നം.
    ആ റെയിലവേ സ്റ്റേഷനും തീവണ്ടിയും ലീലേച്ചിയുടെ സ്വപ്നത്തിലെ മാത്രം ഭാഗമായിരുന്നില്ല.അന്നാട്ടിലെ എല്ലാവരുടെയും ജീവിതത്തിലും സ്വപ്നത്തിലും സ്വപ്നഭംഗങ്ങളിലും ആ റെയിലവേ സ്റ്റേഷനും തീവണ്ടിയും ബന്ധപെട്ടു കിടന്നിരുന്നു.

           സ്റ്റേഷനില്‍ വന്നിറങ്ങുന്ന പേപ്പര്‍കെട്ടുകള്‍ ചുമന്നുകൊണ്ടുവരുന്ന പയ്യനോടൊപ്പമായിരുന്നു പ്രഭാതം ആ ഗ്രാമത്തിലേക്ക് പ്രവേശിച്ചിരുന്നത്,നാരായണി വൈകീട്ട് പശുവിനെ കറക്കുന്നത് മൂന്നെമുക്കാലിന്‍റെ നിസാമുദ്ദീന്‍ കടന്നുപോയാലാണ്,ജാനുവിന്‍റെ മൂത്തമകളെ വിധവയാക്കിയത് ഒരു സുപ്പര്‍ഫാസ്റ്റ് തീവണ്ടിയാണ്,പൊട്ടന്‍ബാബുവിന് ഭ്രാന്തുപിടിച്ചത് ട്രൈനില്‍നിന്നും വീണതിനുശേഷമാണ്,അന്നാട്ടിലെ ഒരേഒരു ലോക്കോ പൈലറ്റ്‌ ഹരി ഏട്ടനാണ്.അങ്ങനെ അന്നാട്ടുകാരുടെ ജീവിതത്തിലും സ്വപനത്തിലും സ്വപ്നഭംഗങ്ങളിലും അറിഞ്ഞോ അറിയാതെയോ ആ റെയില്‍വേ സ്റ്റേഷനും തീവണ്ടികളും ബന്ധപ്പെട്ടുകിടക്കുന്നു.

    തെക്കുനിന്നുവന്ന ഒരു തീവണ്ടിയുടെ ചൂളംവിളിയിലൂടെയാണ് പന്ത്രണ്ടു വിരലുകളുള്ള ലീലേച്ചിയുടേയും ലീലേച്ചിയെക്കാള്‍ പന്ത്രണ്ടു ദിവസത്തേക്കാള്‍ ഇളയതായ ഉണ്ണി ഇ എം എസ്സിന്‍റെയും പ്രണയം അന്നാട്ടിലെ ഓരോ ചെവിയിലും ചൂളമടിച്ചെത്തിയത്.ഇ എം  എസ്സിന്‍റെ ചുവപ്പിനേയും പന്ത്രണ്ടു വിരലുകളും പാരിജാതപൂവിന്‍റെ ഗന്ധവുമുള്ള ലീലേച്ചിയേയുംവിട്ട് തന്‍റെ പ്രിയപ്പെട്ട ചെങ്കൊടിയും ആ ചെങ്കൊടിയില്‍ ഒരു കത്തും അമ്പലപടവിനു താഴെയുള്ള പൂമരപൊത്തില്‍ ഒളിപ്പിച്ചുവെച്ച് ഉണ്ണി ഇ എം എസ്സ് അന്നുരാത്രി തീവണ്ടി കയറിപ്പോയ്.  

            ഉണ്ണി ഇ എം എസ്സ് തീവണ്ടികയറിപോയ അന്ന് രാത്രിതന്നെ ചേക്കുവും ചുരം കയറി.ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആകാംഷയും പാതിയെഴുതിതീര്‍ത്ത  കഥയുടെ ഭാരവും എനിക്കുസമ്മാനിച്ചതിന്‍റെ നിര്‍വൃതിയില്‍ കഥകളുടെ മാടമ്പി ചുരം കയറിപ്പോയ്.പന്ത്രണ്ടു വിരലുകളും പാരിജാതപൂവിന്റെ ഗന്ധമുള്ള ലീലേച്ചി ഉണ്ണികുട്ടേട്ടനെ കാത്തിരുന്നപോലെ (കാത്തിരുന്നിട്ടുണ്ടാകാം) ഞാനും ചേക്കുവിനെ കാത്തിരിക്കണം.മുണ്ടുമടക്കികുത്തി ചുരമിറങ്ങിവരുന്ന കഥകളുടെ മാടമ്പിയെ കഥകളുടെ അടിമ കാത്തിരിക്കണം.

           രാമന്‍ നായരെ ഇങ്ങട് ഇറങ്ങിബരീന്‍ എന്ന പതിവുവിളിയുമായല്ല നാളുകള്‍ക്കുശേഷം ചേക്കു എന്‍റെ വീട്ടിലേക്ക് വന്നുകയറിയത് പകരം രാമന്‍ നായര്‍ ഇല്ലേ എന്ന ഭയവിഹ്വലതകലര്‍ന്ന  ഇടറിയ ശബ്ദവുമായാണ് ചേക്കു കയറിവന്നത്.ചേക്കുവിന്‍റെ ശബ്ദം ഇടറിപോകുന്നത് ഇതിനുമുന്‍മ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.മുത്തശ്ശനോട്‌ സംസാരിക്കുന്ന ആ ഇടറിയ ശബ്ദത്തില്‍നിന്നും അവര്‍ എന്നെകൊല്ലും എന്നുമാത്രം അന്നെനിക്ക് വായ്‌ച്ചെടുക്കാനായി.ചേക്കുവിനോപ്പം ഇറങ്ങാന്‍ തുടങ്ങിയ മുത്തശ്ശനെ മുത്തശ്ശി തടയുന്നതും കഥകളുടെ മാടമ്പി മുണ്ടുമടക്കികുത്താതെ തിരിച്ചുപോക്കുന്നതും അന്നുരാത്രിയില്‍ ഞാനും ഉണ്ണികുട്ടേട്ടനെ കാത്തിരിക്കുന്ന പന്ത്രണ്ടുവിരലുകളും പാരിജാതപൂക്കളുടെ ഗന്ധവുമുള്ള ലീലേച്ചിയും നോക്കിനിന്നു.

           അടുത്തദിവസത്തെ സൂര്യോദയം അന്നാട്ടില്‍ ആദ്യം കണ്ടത് കഥകളുടെ മാടമ്പിയായ ചേക്കുവായിരുന്നു.അങ്ങാടിയിലെ പുതിയതായ് ഉയര്‍ന്നുവന്ന കൊടിമരത്തില്‍ അറുത്തെടുത്ത ചേക്കുവിന്‍റെ തല സൂര്യോദയം നോക്കിനിന്നു.സൂര്യന്‍ ഉദിച്ചുയര്‍ന്നു.അങ്ങാടിയില്‍ സൂര്യപ്രകാശം പടരുന്നതുപോലെ ചേക്കുവിന്‍റെ അറുത്തെടുത്ത തലയ്ക്കുചുറ്റും ജനകൂട്ടം പടര്‍ന്നു.ആ ജനകൂട്ടത്തില്‍നിന്നാരോ പിറുപിറുത്തു,നക്സല്‍ വര്ഗ്ഗീ്സിനെ ഒറ്റിയതിനു നക്സലുകള്‍ പകപോക്കിയതാണത്രേ.ആ പിറുപിറുക്കല്‍ കഥകളുടെ അടിമയായ ഞാന്‍ കുറിച്ചെടുത്തു.സൂര്യന്‍ അസ്തമിച്ചു.ആ അങ്ങാടികവലയിലെ മതിലില്‍ പുതിയൊരു മുദ്രാവാക്യം ഉദിച്ചു.
                                                “ചേക്കു നിന്നെ മറക്കില്ല
                                                 ഇ എം എസ്സുഭരിക്കില്ല “
ആ മുദ്രാവാക്യവും ഞാന്‍ കുറിച്ചെടുത്തു.കാരണം ഞാന്‍ കഥകളുടെ മാത്രം അടിമയല്ല മുദ്രാവാക്യങ്ങളുടെകൂടി അടിമയാണ്.

Saturday, April 9, 2016

ചോക്കുപൊട്ട്













ഈ കറുത്തകാലത്തൊരു 
കൊച്ചുചോക്കുപൊട്ടാകണം.
സ്നേഹമെന്തെന്ന്  വീണ്ടും 
എഴുതി പഠിക്കണം.
മതസൗഹർദമെന്ന്  നൂറുവട്ടം 
ഇമ്പോസിഷൻ  എഴുതണം.
ഹിന്ദുത്വ ഇന്ത്യയുടെ  ഭൂപടംമായ്ച്ച് 
മനുഷ്യത്വ  ഇന്ത്യയുടെ വെളുത്ത  ഭൂപടം വരക്കണം.
ജാതിയും മതവും
വെള്ളതണ്ടുകൊണ്ടുമായ്ച്ച്  
ഈ ഇരുണ്ടകാലത്ത് നമുക്കൊരു 
കൊച്ചുചോക്കുപൊട്ടാകണം

Wednesday, January 13, 2016

ഇളവെയിൽ പ്രണയം

ചില്ലകൾ കോർത്തൊരീ
സ്നേഹവാതിൽ പഴുതിലൂടെ
തെന്നലാം സ്നേഹിത
തളിരിതൾ കാതിലായ്

കാത്തിരിക്കും
ഇളവെയിൽ കാമുകന്റെ
കഥകൾ  മൂളിയനേരം
പൂക്കാലതെരുവിൽനിന്നും  
പൂവരുറുത്തുചൂടിനിൽക്കും 
കാമുകിതൻ ചുണ്ടിൽ നിന്നും
പെയ്തൊരീണമത്രയും

മാരിവില്ലിൻ തന്ദ്രികളിൽ 
കുയിലുകൾ മീട്ടവേ
കാത്തിരുന്ന ഇടവഴിയിൽ
ഇളവെയിൽ കാമുകൻ,

വരച്ചിട്ട സന്ധ്യയിൽ
കാമിനിയാം തളിരില  

നിശാശലഭമായ്
പറന്നിറങ്ങവേ..
കൂരിരുളിൻ  കുളിരിലവർ

കിനാവുകൾ പകരുന്നു.
 കൂരിരുളിൻ നിലാവിലവർ 

കവിതകൾ മൂളുന്നു ...