Saturday, November 3, 2018

എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

അവൾ ഏഴാം തരത്തിൽ പഠിക്കുമ്പോൾ ഓലമേഞ്ഞ ക്ലാസ്സ്മുറിയിലെ
ചോർച്ചയിലൂടെ ഞാൻ ഒലിച്ചിറങ്ങുമ്പോഴാണ്
അവളെ ആദ്യമായി കാണുന്നത്.
അന്ന് ഡെസ്കിൽ തുറന്നിട്ട നോട്ടുപുസ്തകം നനച്ചുകളഞ്ഞെന്ന് പറഞ്ഞ് അവളുടെ നല്ല കൈപ്പടയിൽ നിന്ന് എന്നെയവൾ തട്ടിമാറ്റി.
സാരമില്ല പോട്ടെ..
ഇന്റെർവെല്ലിന്ന് ഒരുനോക്കുകൂടി കാണാലോ എന്നുവെച്ച്
സ്കൂൾ മുറ്റത്ത് ഞാൻ നിന്നു പെയ്തു...
പെയ്ത് പെയ്ത് തീർന്നതല്ലാതെ
ആ മുറിപ്പാവാടപെണ്ണ് ക്ലാസ്സ്‌ മുറിവിട്ട് പുറത്തുവന്നില്ല.
എന്നിട്ടും,വൈകുന്നേരംവരെ അവൾ വരുന്ന ഇടവഴിയിൽ കാത്തുനിന്നു.
പക്ഷേ, കുടചൂടി..
മുഖം മറച്ച്‌
എന്നെ നോക്കാതെ
അവൾ നടന്നുപോയി.
ചിലപ്പോൾ എതിരെവന്ന ശങ്കരേട്ടനെ കണ്ടുഭയന്നിട്ടാകണം അവളെങ്ങനെ നടന്നുപോയത്.
രാത്രിയിൽ ആരും കാണതെ
അവൾ എന്നെ കൈനീട്ടി തൊട്ടുനോക്കുമെന്നും
കുളിരണിയുമെന്നും മോഹിച്ച്
അവളുടെ ജനലരികിലെ മുല്ലപ്പൂവള്ളികളിൽ ഞാൻ കാത്തിരുന്നു.
പക്ഷെ ജനാലകൾ തുറക്കപ്പെട്ടതേയില്ല.
ഒരു വർഷകാലംമൊത്തം ഞാൻ അവളുള്ളിടത്തെല്ലാം ആർത്തുപെയ്തു..
മരക്കൊമ്പുകളിൽ ഒളിച്ചിരുന്ന്
അപ്രതീക്ഷിതമായി അവളിലേക്ക് എടുത്തുചാടാൻ കാറ്റിനെ ഒരുപാടുവട്ടം ചട്ടംകെട്ടി..
വേനലിലും ഇടക്കൊക്കെ അവളെ കാണാൻവേണ്ടിമാത്രം പൊള്ളുന്ന വെയിലിലൂടെ ഞാൻ ഇറങ്ങി നടക്കാറുണ്ടായിരുന്നു.
എന്നിട്ടും,
എന്റെ പ്രണയത്തിന്റെ ഒഴുക്കിലേക്ക്
ഒരു ചെറുകളിവള്ളം പോലും അവൾ സമ്മാനിച്ചില്ല...
അവൾക്കുകൊടുക്കാൻ എത്ര
മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ..

Sunday, April 8, 2018

ഋതുമതി

ഒരു ചെടി വസന്തത്തെ ഗർഭം ധരിക്കാൻ
ശിശിരത്തിൽ ഇലകൾ പൊഴിച്ച് ഒരുങ്ങുന്നതുപോലെ.
സ്ത്രീയുടെ ശിശിരകാല ഒരുക്കങ്ങളാണ്
ആർത്തവദിനങ്ങൾ.

റൂം അലോൺ


മുറ്റം നിറയെ ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുൽച്ചെടികൾ, റൂമിലെ ജനാലകളിലും റൂഫിലും കെട്ടികിടക്കുന്ന മാറാലകൂട്ടങ്ങൾ, ചെറിയ ചെറിയ ജീവികൾ,മുൻപ് ഈ വീട്ടിൽ താമസിച്ചവരുടെ ഉൾപ്പെടെ പൂമുഖത്തുനിന്നു പ്രവേശിക്കുന്ന ഹാളിൽ നിറയെ പഴയതും പുതിയതുമായ ചെരിപ്പുകൾ, അടുക്കളയിൽ നൂറോളം മദ്യക്കുപ്പികൾ, മിനറൽ ബോട്ടിലുകൾ. അവയ്ക്കിടയിൽ വിശപ്പിനുമീതെ നല്ല കട്ടിപുതപ്പ് പുതച്ച് ഉച്ചവരെ കിടന്നുറങ്ങി.
പിന്നീട് എണീറ്റ്‌ പൂമുഖത്ത് പൊള്ളുന്ന ഉച്ചവെയിലിലേക്ക് നോക്കിയിരുന്നു. ആരുമില്ലെങ്കിൽ ഉച്ചവെയിലും നല്ല കൂട്ടാണ്. അൽപനേരം അവനുമായി സംസാരിച്ചിരുന്നു. അപ്പോഴാണ് അങ്ങുദൂരെ ഒരു ചെടിയിൽ ഒരു പുഷ്പം വിരിഞ്ഞുനിൽക്കുന്നത് കണ്ടത്. ഈ പകലിന്റെ, വെയിലിന്റെ കൂർത്തതും പൊള്ളുന്നതുമായ രശ്മികൾ ആ പൂവിന്റെ മൃദുലതയിൽ എന്തോ എഴുതിവെക്കുന്നതായ് തോന്നി. ചിലപ്പോൾ പ്രണയമാകാം.എല്ലാ പൂക്കളും പകലിന്റെ മണവാട്ടിമാരായിരിക്കും .
അല്ലെങ്കിൽ കാമമാകാം.എല്ലാ പൂക്കളും പകലിലെ ഇരകളും.
ഇതൊന്നുമല്ലെങ്കിൽ മരണവുമാവാം.എല്ലാ പൂക്കളും നാളയുടെ ശവംനാറി പൂക്കളായിരിക്കാം.
ആ ചിന്തയിൽ നിന്നും പതിയെ എണീറ്റ്‌ വീണ്ടും റൂമിലോട്ട് നടന്നു. കൂടെ അകത്തുകേറാൻ ശ്രമിച്ച പകലിനെ പുറത്താക്കി വാതിലടച്ചു. റൂമിൽ ഇരുട്ട് പടർന്നു. ഏകാന്തതയിലേക്കുള്ള ഒരു ഗുഹാമുഖം ആ ഇരുട്ടിൽ തെളിഞ്ഞുവന്നു.പതിയെ ഞാൻ ആ ഗുഹയിലേക് പ്രവേശിച്ചു. ഹാ നോക്കു എത്ര സുന്ദരം! ആയിരം മയിൽപ്പീലികൾ എന്നിലേക് പെയ്തിറങ്ങി. അദ്യശ്യമായ ഏതോ കോണിൽനിന്ന് പ്രേമഭാജനത്തിന്റെ ശബ്ദങ്ങൾ കാലാന്തരങ്ങൾക്കപ്പുറത്തുനിന്ന് ഒഴുകിവന്നു. ആ കൂരിരുട്ടിൽ അമ്മയുടെ കാത്തിരിപ്പിന്റെ റാന്തൽ വിളക്ക്കണ്ടു.
അച്ഛന്റെ കാലടിശബ്ദം സഗൗരവം എങ്ങോട്ടോ ധൃതിപിടിച്ച് ഇറങ്ങിപോകുന്നത് കണ്ടു. പെങ്ങന്മാരുടെ ചിലമ്പൽ ഏതോ പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച്, പ്രതിധ്വനിച്ച്‌ എന്റെ കാതിലെത്തി. പറങ്കിമാങ്ങകൾ പൂത്തുനിൽക്കുന്ന കുന്നിന്റെ ഉച്ചിയിൽനിന്ന് ലഹരിനുകരാൻ കൂട്ടുകാരൻ ഉറക്കെ വിളിക്കുന്നതായ് തോന്നി. അമ്പലപ്പടവിനു താഴെയുള്ള പ്രിയപ്പെട്ട വലിയ ഗുൽമോഹർ ചെടിയും അതിനു താഴയിലൂടെ ഒഴുകുന്ന ശോകനാശിനി പുഴയേയും കൊഴിഞ്ഞ ഗുൽമോഹറുകളോടൊപ്പം കിടക്കുന്ന എന്നെയും കണ്ടു. അങ്ങനെ അവിടെ ഞാൻ ജീവിക്കുന്നത് ഞാൻതന്നെ ആസ്വദിച്ചുനിന്നു. സുഹൃത്തേ മനസ്സിൽ നിറക്കൂട്ടുകളുണ്ടെങ്കിൽ ഏകാന്തതയെ നമുക്ക് അത്രക്ക് മനോഹരമാക്കാം.(sunday diary)

ശാന്തം


രഘു എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിലെ 26 അദ്ധ്യായവും 6 ഖണ്ഡികയും എഴുതിത്തീർത്തപ്പോൾ അവൻ തന്റെ എഴുത്ത് നിർത്തി പുസ്തകം അടച്ചുവെച്ചു.പിന്നെ, മുറിയിലെ ജനലിലൂടെ പുറത്തേക്ക് അൽപ്പനേരം നോക്കിനിന്നു.അപ്പോൾ പുറത്തെ വാഴത്തോട്ടങ്ങളിലെ നീളൻ വാഴയിലകൾ മങ്ങിയ നിലാവെട്ടത്തിൽ നീണ്ടു നിവർന്നു കിടന്നുറങ്ങുന്ന ആത്മാക്കളാണെന്നും അതിൽ തണ്ടൊടിഞ്ഞു കിടക്കുന്ന ഒരു വാഴയില തൂങ്ങിമരിച്ച ശങ്കരേട്ടൻ തന്നെയാണെന്നും രഘുവിന് തോന്നി. ശങ്കരേട്ടനെപോലെ മരണത്തിൽ നിഗുഢത ഒളിപ്പിച്ചുവെക്കുന്നവരെ മാത്രമേ വരും തലമുറകൾ ഇതുപോലെ ഓർത്തുവെക്കുകയുള്ളു. രഘു ജനലിലെ മരപ്പലകയിൽ താളം പിടിച്ചപ്പോൾ ഇരുട്ടിലെ മച്ചിൽ നിന്ന് ഒരു കടവവ്വാൽ ചിലച്ചുകൊണ്ട് ജലലഴികളിലൂടെ രാത്രിയുടെ അങ്ങേ അറ്റത്തേക്ക് പറന്നുപോയി. രാത്രിയിലേക്ക് ഇങ്ങനെ ഭീതിജനകമായി ഓടിയിറങ്ങണമെങ്കിൽ ആ പറന്നുപോയത് മാറുമറക്കാത്ത ഭ്രാന്തിത്തള്ളയുടെ ആത്മാവുതന്നെയാകണം. മുത്തശ്ശനെ അടക്കിയ തെക്കേ തൊടിയിലെ വലിയ മൂച്ചിമരത്തിലെ ചുവട്ടിൽ വെച്ച് ഇതുപോലൊരു രാത്രിയിൽ പറയൻ ചെക്കനെ തന്റെ നഗ്‌നമായ മാറിൽ ചേർത്തുവെച്ച് തലോടി ഉറക്കുമ്പോളാണ് പതിവില്ലാതെ കാർന്നവർക് മൂത്രശങ്ക വന്നതും മൂത്രമൊഴിച്ച്‌ നിവർന്നപ്പോൾ ചുടലയിലെ ചപ്പിലകൾ ചതഞ്ഞു ഒടിയുന്നതിന്റെ ശബ്ദം കേട്ടതും കാരണവർ അസത്തെ എന്ന് ഒച്ചയിട്ട ദിശയിലൂടെ പറയൻ ഓടിയതും പൊട്ടകിണറ്റിൽ വീണു മരിച്ചതും ഭ്രാന്തിത്തള്ള രാത്രിയിൽ നഗ്നമായ മാറുമായി പറയനെ കാത്തിരിക്കാൻ തുടങ്ങിയതും. മരിച്ചവരുടെ ചരിത്രം രഘുവിൽ പതിയെ വല്ലാത്തൊരു ഉന്മാദം ഉണർത്തി. ആ ഭ്രാന്തിത്തള്ളയെപ്പോലെ തന്നെ ആരോ ചേർത്തുപിടിച്ച്‌ തലോടി ഉറക്കുന്നതായ് രഘുവിനുതോന്നി. പക്ഷേ അപ്പോൾ അസത്തെ എന്ന് വിളിച്ച് കാർന്നവരോ,വേദനകൾ കൊണ്ട് ചിലമ്പിച്ച ചപ്പിലകളോ ശബ്ദിച്ചില്ല. രഘു ശാന്തമായി കിടന്നുറങ്ങി.
സർ,
എന്റെ ഹൃദയം മോഷണം പോയി സർ
എപ്പോൾ,?
കുറച്ചു മുന്നെ.
എവിടെ വെച്ചായിരുന്നു.
ഈ രാത്രിയിൽ സർ
ഹൃദയത്തിൽ വിലപിടിപ്പുള്ള എന്തെങ്കിലും ?
ഉണ്ട് സർ
എന്തായിരുന്നു ?
"അവൾ" സർ
ആരെയെങ്കിലും സംശയം ?
ഉവ്വുസർ..
ആരെ?
എനിക്ക് ചുറ്റും അപ്പോൾ നക്ഷത്രങ്ങളും
കവിതകളും ഏകാന്തതയും ഉണ്ടായിരുന്നു സർ
അവരെ സംശയിക്കാൻ തക്കതായ കാരണം വല്ലതും ?
ഉണ്ട് സർ, പണ്ടും അവർ എന്റെ ഹൃദയം മോഷ്ടിച്ചിട്ടുണ്ട്.
അന്ന് എന്തേ പരാതിപ്പെടാതിരുന്നത് ?
അന്നൊന്നും വിലപിടിപ്പുള്ളതൊന്നും
ഹൃദയത്തിൽ ഉണ്ടായിരുന്നില്ല സർ.
ശരി, പരാതി സ്വീകരിച്ചിരിക്കുന്നു.
താങ്കളുടെ പേര്?
ഭ്രാന്തൻ സർ

ആദ്യനാണം

ജെറുസലേം പുത്രിമാരെ അവൾ കെഞ്ചുന്നു..
പ്രിയപ്പെട്ട സോളമാ,
സമയം തീരുകയാണ്
നമുക്കിനി മുന്തിരിവള്ളികൾ തളിർക്കുന്ന ഗ്രാമങ്ങളോ പ്രഭാതങ്ങളോ ഉണ്ടാകുമെന്നു തോന്നുന്നില്ല.
നമുക്കെത്രയും പെട്ടന്ന് ചെകുത്താന്റെ-
 വിലക്കപെട്ടകനി കായ്ക്കുന്ന
പുരാതന മരച്ചുവട്ടിലേക്ക് പോകാം
ഉടുതുണികൾ അഴിച്ചുവെച്ച്
ആ ഫലം വീണ്ടും ഭക്ഷിച്ച്
നമ്മുക്ക് നമ്മുടെ പ്രണയത്തിന്
ഒരിക്കൽക്കൂടി ആദ്യനാണം
അവസാനമായി സമ്മാനിക്കാം.

അവള്‍ പറക്കട്ടെ

ചായ കുടിച്ച് ഇറങ്ങിയപ്പോൾ അവൾ പറഞ്ഞു ഡാ മെഡിക്കൽഷോപ്പിൽ പോകണം whisper വാങ്ങണം. വീട്ടിൽ നിന്നും എടുക്കാൻ മറന്നുപോയി. അവളെയും കൂട്ടി ഷോപ്പിൽ പോയി. അവിടെ ഒരു ചേച്ചിയാണ് സാധനങ്ങൾ എടുത്തുകൊടുക്കുന്നത്. എന്തുവേണം മോനെ എന്ന് ചോദിച്ചു. ചേച്ചി ഒരു പാക്കറ്റ് wishper. ചേച്ചി ഇത്തിരി നാണത്തോടയോ ആശങ്കയോടെയോ ആദ്യം എന്നെ നോക്കി. പിന്നേ എന്തോന്നാ കൊച്ചേ ഇതൊക്കെ നിനക്ക് സ്വകാര്യമായി വാങ്ങിക്കൂടെ ഈ കൊച്ചന്റെ ഒപ്പമൊക്കെ വന്നാണോ വാങ്ങേണ്ടത് എന്ന ഭാവത്തിൽ അവളെയും ഒന്നു കടുപ്പിച്ചു നോക്കി.(ഓ പിന്നേ, ചേച്ചി ചോദിച്ചത് ഇങ്ങു എടുത്താട്ടെ എന്ന ഭാവത്തിൽ അവൾ തിരിച്ചും നോക്കി ). ശേഷം അവളോട്‌ ചേച്ചി ചോദിച്ചു വിങ്‌സ് ഉള്ളതാണോ ഇല്ലാത്തതാണോ വേണ്ടേന്നു. സംഭവം എന്തിനാ ഈ വിങ്‌സ് എന്നൊന്നും വല്യ പിടിയില്ലെങ്കിലും ഞാൻ ചാടിക്കേറി വിങ്‌സ് ഉള്ളത് തന്നെ ആയിക്കോട്ടെ ചേച്ചി എന്ന് പറഞ്ഞു. എന്റെകൂട്ടുകാരി അല്ലേ, മെൻസസ് ആയി ഇരിക്കുമ്പോൾ ഇനി ചിറകില്ലാത്തോണ്ട് പറക്കാൻ പറ്റാതിരിക്കണ്ട എന്ന് വെച്ച്‌ വിങ്‌സ് ഉള്ളത് തന്നെ വാങ്ങിച്ചു കൊടുത്തു.ഇങ്ങനൊക്കെ സമൂഹത്തിനോട് ചെറിയ രീതിയിൽ കലഹിച്ച് ജീവിക്കാൻ നല്ല രസമാണ്.
അവൾ പറകട്ടെ അയിത്തമുള്ള മനുഷ്യരിൽ നിന്ന് ദൈവങ്ങളിൽ നിന്ന് അവൾ ചിറകുകൾ വിടർത്തി പറക്കട്ടെ.(sunday diary)

ഏകാന്ത നിത്യനിരാശ ശാഖി

ഒരു നനുത്ത മഴപ്പോലെ
എൻസങ്കല്പ പ്രഭാതപടിവാതിലിൽ
മയിൽപ്പീലി മനസ്സിന്റെ മിഴിയരങ്ങിൽ പ്രണയശാഖിയിലാഹരിതഭംഗിയിൽ
ഇന്നലെ പെയ്തൊഴിഞ്ഞ പെണ്ണേ
നിൻ സ്നേഹാർദ്രമഴത്തുള്ളി
കാൽപ്പനിക സൗന്ദര്യ ജലബിന്ദു
തങ്ങിനിൽക്കുന്ന
വെറുമൊരു കാമുകദളമിന്നുഞാൻ.
വെറുമൊരു കാമുകദളമിന്നുഞാൻ.

എവിടെ നീ സഖീ....
പൂക്കുന്ന ഓരോ മഴക്കാറിലും
പിന്നെയോരോ വർഷഋതുവിലും
നിന്നെ തിരഞ്ഞുപോയെങ്കിലും
നിൻഅസാനിധ്യഇരുൾസാഗരം മാത്രം.
ഘനശൈത്യ ജലത്തുള്ളികൾ മാത്രം

ഇന്നിതേ...
വെയിൽകാറ്റുവീശി കടന്നുപോകുന്നു
ശിശിരവും സന്ധ്യയും
കൈകൾകോർക്കുന്നു...
ഇലകൾ കൊഴിഞ്ഞുഞാൻ -
വെറുമൊരു
ഏകാന്തനിത്യനിരാശ ശാഖിയാകുന്നു.
പ്രിയസഖി,ഞാൻ വെറുമൊരു
ഏകാന്ത നിത്യനിരാശ ശാഖിയാകുന്നു

ദൈവത്തോട്

ഗ്രാമത്തിലെ
പുരാതനമായ ഒരു ക്ഷേത്രം
ചെറിയ ഒരു ശ്രീകോവിൽ
ശ്രീകോവിലിനുമുന്നിൽ ക്ഷേത്രക്കുളം
ഒരിക്കൽ ആ കുളത്തിലേക്ക്
ഒരു അമ്മയും പെൺകുഞ്ഞും കുളിക്കുവാൻ പോയി.
നേരം ഏറെ വൈകിയിട്ടും ആ അമ്മയും കുഞ്ഞും തിരിച്ച് വീട്ടിൽ എത്തിയില്ല
വീട്ടുകാരും നാട്ടുകാരും തിരഞ്ഞിറങ്ങി
കുളത്തിന്റെ പടവിൽ നിന്ന്
ബോധരഹിതയായ അമ്മയേയും ആ കുഞ്ഞിന്റെ ചെരുപ്പുകളേയും കണ്ടെത്തി
പിന്നീട് ഒരുപാട് സമയത്തിനുശേഷം
ആ കുഞ്ഞിന്റെ ജീവനറ്റ ശരീരം
കുളത്തിന്റെ അടിത്തട്ടിൽനിന്ന് കണ്ടെടുത്തു.


ആ ശ്രീകോവിലിൽ ഒരു മനുഷ്യനായിരുന്നുവെങ്കിൽപോലും
ആ കുളത്തിലേക്ക് കാഴ്ചകൾ എത്തുമായിരുന്നു.
ആ കുട്ടിയുടെയോ അമ്മയുടെയോ
നിലവിളി കേൾക്കുമായിരുന്നു.
എന്നിട്ടും ദൈവമായ ദൈവം
ഒന്നും അറിഞ്ഞില്ല
ഒന്നും കേട്ടില്ല.
ഇനിയിപ്പോ ആ കുഞ്ഞിനെ കൊണ്ടുപോണമെന്നുതന്നെ ഇരിക്കട്ടെ
ഇങ്ങനെ ശ്വാസംമുട്ടിച്ചിട്ട് വേണമായിരുന്നോ
ഉറക്കത്തിൽനിന്ന് വിളിച്ചാലും പാവം കൂടെ വന്നേനെ.
ഇങ്ങനെയൊക്കെയാണ് ദൈവമേ
ഞാൻ നിനക്ക് എതിരെ ആയവരുടെ പക്ഷത്തായത്.
ചിലപ്പോൾ നീ ചെകുത്താനെക്കാൾ
മോശപെട്ടവനാണ്.

മേല്‍വിലാസം

എനിക്കുചുറ്റും ഞാൻ മാത്രമാകുന്ന
ഇടവേളകളിൽ
വൃക്ഷത്തിന്റെ ജലം തേടിപ്പോയ
വേരുകൾ പോലെ
എന്നിൽ നിന്നും ചിലവേരുകൾ
നിന്നെതേടി ഇറങ്ങിപോകാറുണ്ട്
അവക്ക് നിന്നെ കണ്ടെത്താനാകതെ
തിരിച്ചുപോരേണ്ടിവരുമ്പോൾ
എന്നെങ്കിലും നീ അറിയുവാൻ വേണ്ടിമാത്രം
എൻറെ മേൽവിലാസം (ഭ്രാന്താലയം)
ആ വഴിവക്കിലെ
ചെമ്പരത്തിച്ചെടിയിൽ
രേഖപെടുത്താറുണ്ടവർ.
ആ ചുവന്ന രേഖപ്പെടുത്തലുകൾ
എന്റെ ഞരമ്പിലെ
നീമാത്രമുള്ള എന്റെ മുറിവിലെ
എന്റെ അവസാനത്തെ വിശുദ്ധ രക്തംകൊണ്ടാണ്.
കവിതകൾ... കവിതകൾ...
ലഹരിയിൽ
തലച്ചോറിൽ
കോർത്തിട്ട കവിതകൾ.
വർണ്ണ ശലഭങ്ങൾ
നഗ്ന ദേഹങ്ങൾ
എന്റെ പെണ്ണുടൽ
ചുണ്ടൂറ്റികുടിക്കുന്ന വികാര സാഫല്യം
ആദ്യ പരാഗണ പരവേശം.
എൻ ആത്മനിർവൃതി
കവിതകൾ കവിതകൾ.
ഉണർന്നിട്ടും ഗര്ഭപാത്രത്തിലെന്നപോലെ വാടകവീട്ടിലെ മുറിക്കുള്ളിൽ ഒരുപാട് നേരം കെട്ടുപിണഞ്ഞുകിടന്നു.പിന്നെ പുതപ്പുകൊണ്ട് ശരീരം മൂടി ഇരുട്ടിൽ പകലറിയാതെ ഒളിച്ചിരുന്നു. അങ്ങനെ, മരുഭൂമിപോലെ വിജനവും വിരസവുമായ ഒരുപകലിനെ ഞാൻ യാത്രയാക്കി.സമയം സന്ധ്യയോടടുത്തപ്പോൾ കടൽക്കരയിലേക്ക് നടന്നു. അവിടെവെച്ച്, ഇരുട്ടിൽ വീടുവിട്ട് അഭയംതേടി കരയിലോട്ട് ഇറങ്ങിയോടിവരുന്ന ഇണകളെപോലെ കൈകോർത്തുപിടിച്ചവരുന്ന തിരകളേയും വടക്കോട്ട് ഓടുന്ന ഞണ്ടിൻ കൂട്ടങ്ങളേയും കുറേ മനുഷ്യരേയും കണ്ടു.അവിടെ ആ കാഴ്ചകൾ കണ്ടങ്ങനെ നിൽക്കവെ പതിയെ ദൂരെയൊരു കഴുമരത്തിലേക്ക് ഏകാന്തസൂര്യൻ നടന്നുപോകുകയും എനിക്കുചുറ്റും ഇരുട്ട് കനക്കുകയും ചെയ്തു.ഇരുട്ടിന് കനംകൂടിവന്നപ്പോൾ ജീവിതത്തിന്റെ കൊലമരത്തിൽ കിടന്ന് പിടഞ്ഞുതീരാൻ ആ ഇരുട്ടിലൂടെ ഞാനും ആരുമറിയാതെ തിരിച്ചുനടന്നു.
"ജീവന്റെ കൊലമരത്തിൽ
പിടഞ്ഞുതീരട്ടെ ഈ ജന്മം.
ഒരുപക്ഷിതൻ ചിറകടിയേക്കാൾ
ഉച്ചത്തിൽ പിടഞ്ഞുപിടഞ്ഞു തീരട്ടെ.
നിന്റെ മൗനത്തിലേക്കങ്ങനെഞാൻ
എന്റെ ജീവന്റെ ചിറകുകളെ ഇറക്കിവെക്കട്ടെ." (sunday diary)
എന്റെ മരണമാര് കവിതയാക്കും
തിയ്യോ,
മണ്ണോ,
മരവിച്ച
അമ്മയുടെ മനസ്സോ,
നിന്റെ മിഴിയിലെ
കലങ്ങിയ
മഷിത്തുള്ളിയോ,
മറവിയുടെ പ്രതലമോ....
എഴുത്തുകാരന്റെ ജീവിതം എപ്പോഴും ഒരു അലച്ചിലാണ്‌.വർത്തമാനകാലത്തിലൂടെ മാത്രമല്ല അവൻ അലയുന്നത്‌. ഭാവിയുടെ ആകാശവീഥിയിലും ഭൂതകാലത്തിന്റെ പാതയോരങ്ങളിലും അവന്‌ അലഞ്ഞു നടന്നെ പറ്റു. കടലും പുഴയും പെണ്ണുടലും ലഹരിയുടെ മാകൊമ്പും അവന്റെ വഴിയിലെ ഇടതാവളങ്ങൾ മാത്രം.ഒരുപ്പാട്‌ ജീവിതങ്ങളിലേക്ക്‌ അവന്‌ ഒളിഞ്ഞുനോക്കേണ്ടിവരും, രഹസ്യമെന്നുപറഞ്ഞ്‌ അവന്റെ കാതിൽ ഓതിയത്‌ ഏതുനിമിഷവും വാക്കിലൂടെ അവൻ പരസ്യമാക്കിയേക്കാം.ജീവിതത്തിന്‌ ഭ്രാന്തുപിടിക്കുമ്പോഴാണ്‌ എഴുത്തുകാരൻ ജനിക്കുന്നത്‌ .
അതുകൊണ്ടുതന്നെ തെരുവിലൂടെ അലയുന്ന ഭ്രാന്തന്റെ നിയമങ്ങളാണ്‌ ഒരു എഴുത്തുകാരനും തുടരാൻ കഴിയൂ.(sunday thoughts)

ഞാൻ


കറുത്ത റമ്മടിച്ചിട്ടും
കട്ടൻ ചായ കുടിച്ചിട്ടും
പ്രണയത്തിന്റെ ചുടലയക്ഷി
ഇറങ്ങിപോകാത്ത പാലകൊമ്പ്‌.

ഇറങ്ങിപ്പോയവരെ കാത്ത്‌
ഭൂതകാലത്തിന്റെ മരകുറ്റിയിൽ
കെട്ടിയിട്ട ജീവിത നൗക.
ആഴ്ച്ചയവധിയുടെ വഴിയറ്റത്ത്‌ പ്രത്യക്ഷപ്പെടുന്ന അച്‌ഛ്ന്റേയും അമ്മയുടേയും കുട്ടൻ.
(സ്നേഹത്തിന്റെ വാക്കുകൾകൊണ്ട്‌ എനിക്കൊരിക്കൽ അവരെ ഉമ്മവെക്കണം.)
ഞാൻ എന്നത്‌ അവസാനിക്കുന്നില്ല
ഒരു തുടർച്ചയൊ
പകർന്നാട്ടമൊ മാത്രം.
ശത്രുവിനും നിനക്കും
എന്റെ ഏതെങ്കിലും ഒരു വേഷത്തെ കുറിച്ച്‌
ഇവിടെ കുറിച്ചിടാൻ കാണും.
തീർച്ച.
താൻ ഗാഗുൽത്താൻ മലയിലെവിടയൊ കിടന്നാണ്‌ ഉറങ്ങിയതെന്നും മൂന്നുനാളുകൾക്കുമുൻമ്പ്‌ താൻ തന്റെതന്നെ പാപത്തിനും പിഴക്കും കുരിശ്ശേറിയതാണെന്നും ഹാങ്ങോവെറിന്റെ ഹോളി ക്രോസ്സിൽനിന്നും ഉയർത്തെഴുന്നേറ്റ ചെകുത്താൻ വെറുതെ ചിന്തിച്ചുകിടന്നു.
(Morning thoughts)
അവൻ നേരത്തെ ഉണർന്നുവെങ്കിലും താൻ കിടക്കുന്ന കട്ടിൽ തീ കൊളുത്തുന്നതിനു മുൻമ്പുള്ള തന്റെ ചിതയാണെന്നും താൻ ചലനമറ്റുകിടക്കുന്ന ഒരു ശരീരം മാത്രമാണെന്നും അവനു തോന്നി. അമ്മയുടെ അലമുറയിട്ടുകൊണ്ടുള്ള കരച്ചിൽ അയൽപക്കത്തേക്ക്‌ ഓടിപോകുന്നതിന്റെ കാലടി ശബ്ദത്തിന്നായ്‌ കാതോർക്കുകയും ചുറ്റും കൂടിനിൽക്കാൻ സാധ്യതയുള്ള പരിജിതരായ നാട്ടുകാരുടെ മുഖങ്ങളെ തിരഞ്ഞുനോക്കുകയും ചെയ്തു.പുറത്ത്‌ മഴ ആർത്തുപെയ്യാൻ തുടങ്ങി. അപ്പോൾ അവന്റെ ചുണ്ടിൽനിന്ന്‌ മഴയുടെ കാമുകൻ മരിച്ചാൽ മഴക്കെങ്ങനെ വരാതിരിക്കാനാകുമ്മെന്ന കവിത ഉമിനീരിനോടൊപ്പം കവിളിലൂടെ ഒലിച്ചിറങ്ങി.
മഴക്കുശേഷം അവൻ പതിയെ കോണിപ്പടികൾ ഇറങ്ങുമ്പോൾ അതു തന്നെ ജീവിതത്തിന്റെ തെരുവിൽ പൊതുദർശ്ശനത്തിനു വെക്കാൻ കൊണ്ടുപോകുന്ന ശവഘോഷയാത്രയാണെന്നും തനിക്കുപിന്നിൽ മൗനത്തിന്റെ വലിയൊരു ആൾക്കൂട്ടമുണ്ടെന്നും അതിനിടക്ക്‌ എവിടയോ നീ ഉണ്ടെന്നും അവനുതോന്നി.(sunday ഡയറി)
ഇന്നൊരു നല്ല ദിവസമായിരുന്നു. രാവിലെ എണീറ്റ്‌ പൂമുഖത്ത്‌ ഇരിക്കുമ്പോൾ മുറ്റത്ത്‌ പൂമ്പാറ്റകൾ കുഞ്ഞു പട്ടങ്ങൾപോലെ പാറികളിക്കുന്നുണ്ടായിരു.ആ ഇരിപ്പ്‌ അൽപ്പനേരം തുടർന്നു. പിന്നെ ശങ്കറിൽനിന്ന് പ്രഭാതഭക്ഷണം.ശേഷം വായനയിലേക്ക്‌ തിരിഞ്ഞു.ഒരുപാടുനേരം വായ്ക്കുകയും ആ കഥാപാത്രങ്ങൾക്ക്‌ മനസ്സിൽ രൂപവും ഭാവവും നൽകുകയും ചെയ്തുകൊണ്ടിരുന്നു.ആ കാൽപനിക ചിത്രരചനക്ക്‌ സിഗരറ്റുകൾ ഉത്തേജകമായ്‌.അങ്ങനെ വായനയും വരയും(മനസ്സിൽ) ഉച്ചവരെ നീണ്ടുനിന്നു. വിശന്നുതുടങ്ങിയപ്പോൾ ഉറങ്ങാൻ ശ്രമിച്ചു. പക്ഷെ അധികനേരം പിടിച്ചുനിൽക്കാനായില്ല. വിശപ്പ്‌ അസഹ്യമായപ്പോൾ പുറത്ത്‌ പോയി ഭക്ഷണം കഴിച്ചു. വീണ്ടും വായനയിലേക്ക്‌. ഇടക്ക്‌ എപ്പഴോ എന്തെങ്കിലും എഴുതാൻ തോന്നിയെങ്കിലും വേണ്ടെന്നു വെച്ചു. പകൽ വെളിച്ചതിന്റെ അവസാന നിമിഷത്തിലെപ്പഴോ അറിയാതെ ഉറങ്ങിപ്പോയ്‌.അപ്പോൾ വായ്ച്ചു പകുതിയായ പുസ്തകം അരികിൽ കമിഴ്‌ന്നുകിടപ്പുണ്ടായിരുന്നു.
ദീർഘവും സുഖമവുമായ ഒരു നിദ്രക്കു ശേഷം ദേ വീണ്ടും ഉണർന്നു.ഇനിയെന്ത്‌?...ചുറ്റും ഇരുട്ട്‌ മാത്രം...വൈദ്യുത വിളക്കുകളെല്ലാം ഓഫാണ്‌.   ഉണർച്ച എന്നത്‌ എന്നെ സംഭന്തിച്ച്‌ മരണമാകുന്നു. വീണ്ടും പൂർണ്ണമായ്‌ ഇരുട്ടിൽനിന്ന് മരണത്തിലേക്ക്‌ ഉയർത്തെഴുന്നേൽക്കട്ടെ.
(Sunday diary)

ഒരു മഴരാത്രി

മഴയുടെ ഇരമ്പൽ കേട്ടപ്പോൾ ജനാലകൾ തുറന്നിട്ടു.മുറിയിലെ വെളിച്ചം മഴനനയാനിറങ്ങി. ആ വെട്ടത്തിൽ മഴതുള്ളികൾ പാദസ്വരത്തിലെ വെള്ളിമണികൾ പോലെ തിളങ്ങി. ദൂരെ അപ്പോൾ കാറ്റും മരവും പീലിചൂടിയ ക്യഷ്ണനെയും രാധയേയും പോലെ മഴയുടെ നാദത്തിനൊപ്പം അനുരാഗ ന്യത്തമാടുകയാണെന്ന് തോന്നി.പെട്ടന്ന് മുറിയിലെ കരന്റുപോയി.ചുറ്റും ഇരുട്ട്‌ പടർന്നു... മഴയുടെ ഇരമ്പൽ ഒരു നിലവിളിയായ്‌ മാറി. ഇരുട്ടിലെവിടയൊ കിടന്നു പിടയുന്ന ഒരു പെൺകുട്ടിയുടെ ദീനരൊദനം പോലെ ആ ഇരമ്പൽ കാതിൽ വന്നലയടിച്ചു..പതിയെ പതിയെ ആ നാദം നേർത്തുനേർത്തു ഇല്ലാതായി.

മിറർ


നമ്മുടെ കണ്ണുകൾ നമുക്ക് മുറ്റത്തുനിൽക്കുന്ന പൂവിനെ കാണിച്ചുതരുന്നു, അങ്ങുദൂരെ ഉള്ള സൂര്യനെ കാണിച്ചുതരുന്നു, സ്നേഹിതനേയും ശത്രുവിനേയും ഈ പ്രപഞ്ചത്തെതന്നെയും കാണിച്ചുതരുന്നു. പക്ഷെ ഒന്ന് ഓർത്തുനോക്കൂ ,നമ്മുടെ കണ്ണുകളാൽ നമ്മുക് നമ്മളെ പൂർണമായ് കാണാൻ കഴിയുമോ ?. അത്തരം ഒളിഞ്ഞോ മറഞ്ഞോ ഇരിക്കുന്ന കാഴ്ചകളെ കണ്ടെത്താൻ ചിലപ്പോൾ കണ്ണാടികൾ വേണ്ടിവരും.കണ്ണാടികൾ അവയെ കണ്ടെത്തുകയും നമ്മുടെ കണ്ണുകൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്യും. ചിലപ്പോൾ ആ കണ്ണാടിക്കാഴ്ചകൾ ഫ്രെയിം ചെയ്‌ത്‌സൂക്ഷിക്കുന്ന ഒരു ചിത്രംപോലെ മനസ്സിൽ പതിഞ്ഞു കിടക്കുകയും ചെയ്യും .
എന്റെ കണ്ണുകൾ കാണാതെപോകുകയും കണ്ണാടികൾ കണ്ടെത്തി കാണിച്ചുതരുകയും ചെയ്ത അത്തരമൊരു കാഴ്ചയെകുറിച്ചാണ് ഈ പോസ്റ്റ് , ഇന്നും മനസ്സിൽ ഫ്രെയിം ചെയ്തുസൂക്ഷിക്കുന്ന ഒരു പെൺമുഖത്തെ കുറിച്ച്.
ഞാനും അവളും കൂടിയുള്ള അവസാനത്തെ യാത്രയോ /കണ്ടുമുട്ടലോ ആയിരിക്കും ഇതെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു. അവൾ ആ യാത്രയിലുടനീളം മൗനത്തിലായിരുന്നതുകൊണ്ടു എന്റെ അരയിൽ ചുറ്റികിടക്കുന്ന അവളുടെ കൈകളുടെ കരസ്പർശം മാത്രമേ അവളിൽനിന്നു ഞാൻ അറിഞ്ഞിരുന്നുള്ളു.ഈ യാത്രക്കുശേഷം അവളുടെ അഭാവം എന്നെ എത്രത്തോളം ശൂന്യ മാക്കുമെന്നു എനിക്ക് അപ്പോൾ അറിയാത്തതുകൊണ്ടു ഞാനത്ര ദുഖത്തിലുമായിരുന്നില്ല.അതുകൊണ്ടുതന്നെതിരക്കുപിടിച്ച റോഡിൽ എന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രമായിരുന്നു.
വാഹനങ്ങളെ മറികടന്നുപോകുന്നതിനുവേണ്ടി ഇടക്കിടക്ക് ഞാൻ എന്റെ ബൈക്കിന്റെ സൈഡ് മിററിലോട്ട് നോക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ അടുത്തടുത്തു വരുന്ന വണ്ടികൾ ,അല്ലെങ്കിൽ വെളുത്തവരകളാൽ വിഭജിക്കപ്പെട്ട നീണ്ട വിജനമായ റോഡ് , പാറിപ്പറക്കുന്ന അവളുടെ ഷാളിന്റെ അറ്റമോഒക്കെ ആയിരുന്നു ആ സൈഡ് മിററിൽ പ്രതിഫലിച്ചത് .
പക്ഷെ ഇടക്കെപ്പഴോ ആ സൈഡ് മിററിൽ അവളുടെ മുഖം കണ്ടു. കണ്ണീരിൽ കുതിർന്ന കരിമഷി ഒരു നേർരേഖപോലെ, തരിശും വിശാലവുമായ ഒരു ഭൂപ്രദേശത്തിന്റെ മധ്യത്തിൽ വെച്ച് അവസാനിക്കുന്ന വീതികുറഞ്ഞ ഒരു റോഡുപോലെ അവളുടെ കവിളിൽ പതിഞ്ഞുകിടക്കുന്നതുകണ്ടു . കരഞ്ഞുകലങ്ങി അസ്തമയസൂര്യന്റെ നിറമായിരുന്ന കണ്ണുകളും, ചിറകൊടിഞ്ഞുവീണ കിളിയെപ്പോലെ വിറക്കുന്നുണ്ടായിരുന്നു അവളുടെ ചുണ്ടുകളും കണ്ടു . എത്ര സുന്ദരവും അതേസമയം വേദനാജനകവുമായിരുന്നു ആ കാഴ്ചയെന്ന് നിങ്ങളെ വാക്കുകൾകൊണ്ട് എനിക്ക് മനസിലാക്കിത്തരാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്റെ ജീവിതത്തിൽ ഞാൻ അവളെ ഏറ്റവും കൂടുതൽ സ്നേഹിച്ച നിമിഷം അതായിരിക്കും. ഈ സൈഡ് മിറർ കാഴ്ചയെപ്പറ്റി ഞാൻ അവളോട് ഇതുവരെ സംസാരിച്ചിട്ടില്ല. ചിലപ്പോൾ മിററിലൂടെ ഞാൻ അവളെ കണ്ടത് പാവം അറിഞ്ഞിട്ടുകൂടി ഉണ്ടാകില്ല. ഈ പോസ്റ്റ് വായ്ക്കുമ്പോൾ അവൾ ഈ യാത്രയെക്കുറിച്ച് തീർച്ചയായും ഓർക്കുമായിരിക്കും.
ഇന്നിപ്പോൾ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു , എന്നിട്ടും ആ സൈഡ് മിറർ കാഴ്ച്ച ഇപ്പോഴുംമായാതെ മനസിൽ കിടക്കുന്നു. മനസിൽ സ്വരുക്കൂട്ടിവെക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി. ഇപ്പോഴും ബൈക്ക് യാത്രകൾക്കിടക്ക് എന്റെ ബൈക്കിന്റെ സൈഡ് മിററിലോട്ട് ഇടക്കിടക്ക് ഞാൻ അവളേയും പ്രതീക്ഷിച്ച് നോക്കാറുണ്ട്. ഇടക്കൊക്കെ കാണാറുമുണ്ട് കരിമഷി കലങ്ങിയ കണ്ണുമായ് നിൽക്കുന്ന ആ സ്നേഹത്തെ.
പെട്രോളിനു വിലകൂട്ടുന്നതിൽ ആദ്യമൊക്കെ നല്ല അമർഷമുണ്ടായിരുന്നു.
പക്ഷെ,പതിയെ അതുശീലമായ്‌,അഡ്ജസ്റ്റട്‌ ആയി.
ബീഫു നിരോധിച്ചപ്പോൾ
ഇന്നിയെന്തുചെയുമ്മെന്ന് ആലോചിച്ചു...
എന്തൊ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതിനോടും അഡ്ജസ്റ്റട്‌ ആയി.

പിന്നെ നോട്ടുനിരോധനം...
ക്യൂനിൽക്കേണ്ടി വന്നപ്പോ ശരിക്കും പ്രധികരിക്കാൻ തോന്നി.
പക്ഷെ വെയിലിന്റെ ചൂടൊന്നു കുറഞ്ഞപ്പൊൾ രാമേട്ടനോട്‌ ഒന്നും രണ്ടും പറഞ്ഞ്‌ സമയംകളഞ്ഞ്‌ ആ ക്യൂവിനോടും അഡ്ജസ്റ്റട്‌ ആയി.
ഭഗവാന്റേയും ഗൗരി ലങ്കേഷിന്റേയും മരണം,
അഡ്ജസ്റ്റ്‌ ചെയ്യാൻ മാത്രമതൊന്നും എന്നെ ബാധിച്ചിട്ടില്ല.
സിനിമാ തിയ്യേറ്ററിലെ ദേശീയഗാനം,
ആദ്യത്തെ രണ്ടുമൂന്നുവട്ടം എണീറ്റുനിൽക്കാൻ അൽപ്പം ബുധിമുട്ടി.
ഇപ്പൊ അതുമായ്‌ അഡ്ജസ്സട്‌ ആണു.
വല്യ പ്രശ്നമൊന്നും തോന്നുന്നില്ല.
ഇനിയിപ്പൊ ഏകാധിപത്യം വരട്ടെ,
പെട്ടന്നുതന്നെ അതുമായ്‌ അഡ്ജസ്റ്റുചെയ്യാൻ പറ്റുമെന്ന്
എനിക്ക്‌ നല്ല കോൺഫിഡൻസ്‌ ഉണ്ടു.
പകൽ ഒരു വളർത്തുപട്ടി കണക്കെ മുറ്റത്ത്‌ കാവൽകിടക്കുന്നു.കാറ്റ്‌ നവവധുക്കളെപ്പോലെ നമ്രമുഖികളായ്‌ നിൽക്കുന്ന പൂക്കളെ ഇക്കിളിപ്പെടുത്തി കാമനകളുടെ ഇതൾ വിടർത്തുന്നു.മരങ്ങൾ ശരത്ക്കാല ഓർമ്മകളുടെ പച്ചിലകളാൽ മൂടിനിൽക്കുന്നു.ഒരു വ്യദ്ധൻ തന്റെ അസ്തമയത്തിലേക്ക്‌ വടികുത്തി പകലിലൂടെ ഇഴഞ്ഞുനീങ്ങുന്നു.വെളിച്ചമുണ്ടായിട്ടുപോലും അങ്ങുദൂരെവെച്ച്‌ അയാൾ കാഴ്ച്ചയിൽനിന്ന് മാഞ്ഞുപോകുന്നു. ആ വ്യദ്ധനെപോലെ ജീവിതത്തിന്റെ ഉച്ചവെയിലിൽവെച്ച്‌ പലരേയും നാം മായ്ച്ചുകളുയുന്നു.(sundaythoughts)
മരണത്തെപ്പോലും നിയന്ത്രിക്കാൻ കഴിയുന്നവരാണ്
എഴുത്തുകാർ ,
അവർക്കു മരണത്തെ ദുഃഖമാക്കാനും
ദുരന്തമാക്കാനും കഴിയുന്നു.
സന്തോഷമാക്കാനും സുന്ദരമാക്കാനും കഴിയുന്നു.
മരണത്തെ തോൽപ്പിക്കാനും പുനർജനിപ്പിക്കാനും കഴിയുന്നു.

യേശുവിന്റെ മരണം ദുഃഖമാക്കി
ഉയർത്തെഴുന്നേൽപ്പ് പുനർജന്മമാക്കി
യൂദാസിന്റെ മരണം സന്തോഷമാക്കി
അവർ മരണത്തെ നിയന്ത്രിച്ചു
എഴുത്തുകാർക്ക് പ്രണയത്തെപ്പോലും
മരണമാക്കാൻ കഴിയുന്നു.
ഒരു ചില്ല
ഒരു കൂട്
ഒരു അത്തിപ്പഴം
രണ്ട് പക്ഷിച്ചുണ്ടുകൾ ഒന്നിക്കുന്ന നീണ്ട രാത്രി ,
രണ്ടു ശരീരങ്ങൾ ഒരു ആത്മാവായിമാറുന്ന സുന്ദരമായ മരണം.

രമണനും മാർക്‌സ്സും മരിക്കുന്നേയില്ല.
എഴുത്തുകാർ മരണത്തേയും തോൽപ്പിക്കുന്നു.
നോക്കു ഈസന്ധ്യയിലേക്ക്‌...
പകലിന്റെ മരണം എത്ര സുന്ദരമാണ്!!

ആത്മഹത്യാ കുറിപ്പുകൾ കാണുമ്പോൾ

ചില ആത്മഹത്യാ കുറിപ്പുകൾ കാണുമ്പോൾ മരണം കാൽപ്പനികവും കലയുമാണ്‌.
വെമുലയെ ഓർക്കുക.
ചില കഴുമരങ്ങൾ കാണുമ്പോൾ മരണം ധീരതയാണ്‌.
ഭഗത്‌ സിംഗിനെ ഓർക്കുക.
ചില വെടിയൊച്ചകൾ കേൾക്കുമ്പോൾ
മരണം ഹിംസയാണ്‌ .
വടികുത്തി കണ്ണടവെച്ച അഹിംസയെ ഓർക്കുക.
ചില അധാരമില്ലാത്ത കുടിലുകൾ കാണുമ്പോൾ മരണം ഒരു രക്ഷയാണ്‌.
കർഷകരെ ഓർക്കുക.
ചില കുഴിമാഠങ്ങൾ കാണുമ്പോൾ മരണം
പൊങ്ങച്ചമാണ്‌.
നിങ്ങൾക്ക്‌ ആരെ വേണമെങ്കിലും ഓർക്കാം.
ചില ജീവിതങ്ങൾ കാണുമ്പോൾ
മരണം കാലത്തിന്റെ(നിലനിൽപ്പിന്റെ) അനിവാര്യതയാണ്‌.
ജീവിച്ചിരിക്കുന്ന എല്ലാവരേയും നമുക്ക്‌ ഓർക്കാം.
ചിലരെയെങ്കിലും നമുക്ക്‌ കണ്ടെത്താനാകും.
അഗ്നിപോൽ ജ്വലിച്ചദ്യശ്യമാകുന്നൊരു ഉടലിന്നുഇടംകൊടുക്കാൻ ഒരു ഹ്യദയമില്ലിവിടെ.
ലഹരികൾ, അമ്പലപ്രാവുകൾ ചുറ്റിനടക്കുമൊരാധമനിയിൽ
പൂക്കുമൊരേകാന്ത രാത്രിയുടെ അറ്റത്ത്‌..
ഇലകളഴിചിട്ട് ഉടലായ്‌ കിടക്കുമെങ്കിൽ
ഞാൻ ഒരിക്കൽകൂടി പ്രണയിക്കാം
ഒരൽപ്പനേരത്തേക്ക്‌ ഏതൊരു ഉടലിനേയും
നീ മൗനത്തിന്റെ ഗോവണികയറി
എന്റെ ആകാശത്തിലൂടെ ഒരു കൊള്ളിയാൻ വെട്ടമായ്‌ പാഞ്ഞുപോയതിനു ചന്ദ്രക്കല സാക്ഷിയാണ്‌.
കറുത്തവാവിനു കോടതികൂടട്ടെ
സാക്ഷിയില്ലാതെ പരാതിക്കാരൻ പരാജയപ്പെടട്ടെ.
ഇരുണ്ട തടവറയിലേക്ക്‌ വിധി എഴുതട്ടെ!
ആകാശത്തെ എന്നിൽനിന്ന് മായ്ച്ചുകളയാൻ മറക്കരുത്
പ്രകാശം പ്രകാശത്തോടെന്നപോലെ
ഇരുട്ട്‌ ഇരുട്ടിനോടെന്നപോലെ
എനിക്ക്‌ നിന്നിൽ ലയിക്കണം.
നിയ്യെന്നത്‌ കാമുകിയൊ,
മരണമോ ആകാം.
ആരായാലും വീണ്ടെടുക്കാനാകാത്തവിധം
എന്നെ പ്രകാശമൊ ഇരുട്ടൊ ആക്കിമാറ്റുക!!!

ആശുപത്രി വാര്‍ഡില്‍ നിന്ന്

പുലരിയിലേക്ക്‌ മഴതേവീ ആരോ പാടുന്ന മേഘമൽഹാർ പൂർത്തിയാക്കും മുൻമ്പ്‌
എന്റെചോരയിൽനിന്നിത്തിരി പങ്കെടുത്ത്‌
എന്റെ പേരെഴുതിയ രക്തകുപ്പിയുടെ വിലാപയാത്രയുമയ്‌ അവർ കടന്നുപ്പോയ്‌.
കഷ്ടം, അതിൽ അവൾക്കുള്ള എത്ര പനിനീർപ്പൂവുകളുണ്ടായിരുന്നെന്നോ.

തെർമ്മോമീറ്ററിൽ അതികം താപമില്ലിന്നു!
എന്‍റെഹ്യദയം
 കുഴിച്ചിട്ട്‌ കുരിശ്ശുനാട്ടി
 തെമ്മാടിക്കുഴിയാക്കി
നിന്റെ ഓര്‍മയുടെ ഇലയായ്‌ മരമായ്‌
തണലാക്കിമാറ്റിയില്ലേ ഞാന്‍.
പിന്നെ പൊള്ളുന്ന ഹ്യദയമവർക്കെങ്ങനെ കണ്ടെത്താനാകും.

മരുന്നുകളുടെ ലഘുലേഖ മാലാഖയുടെ മാറൊട്ടി നടന്നെത്താൻ അൽപ്പം സമയമെടുക്കും.
ഘനീഭവിച്ച വേദനകളുടെമുകളിൽ
ഇനി ഇത്തിരി നേരം വീണ്ടും മയങ്ങാം.
അങ്ങ്‌ ആകാശത്തെ മറയൻട്രൈവിൽ
 പ്രണയിക്കാനിറങ്ങിയ മേഘങ്ങളെ
ചുംബനത്തിനും ആലിംഗനത്തിനും ഇടക്കുവെച്ച്‌
സദാചാരത്തിന്റെ കായൽകാറ്റ്‌ ആട്ടിയോടിച്ചു.
പിന്നെയെങ്ങനെ,
മേഘങ്ങൾ ഗർഭംധരിക്കും,
മഴകുഞ്ഞുങ്ങൾ ഭൂമിയുടെ കളിമുറ്റത്ത്‌
തത്തോം പിത്തോം തുള്ളിച്ചാടിനടക്കും,
വളർന്ന് പുഴയാകും.
ഒരു മഴപോലും നീയെന്നെ ഇപ്പൊൾ ഒറ്റക്ക്‌ നനയാൻ അനുവദിക്കുന്നില്ല.
ഒരു തണലിലും ഒറ്റക്കിരുത്തുന്നില്ല.
നട്ടുവളർത്തിയ പൂക്കളെല്ലാം ചോദിച്ചുവാങ്ങുന്നു.
യാത്രപറഞ്ഞിറങ്ങിയാൽ പിൻവിളികൾ കൊണ്ട്‌ ശ്വാസംമുട്ടിക്കുന്നു.
നീ എത്ര ക്രൂരയാണ്‌!
കവിതയിൽനിന്നുപോലും അൽപ്പനേരത്തേക്ക്‌ എന്നിൽനിന്നും മാറിനിൽക്കുനില്ല.


യാഥാർത്ഥ്യത്തിൽനിന്ന്
ഒരുപാട്‌ ദൂരെ ഞാൻ നിയ്യുമായ്‌ ഇതുപോലെ ജീവിക്കുകയാണ്‌.

Wednesday, February 21, 2018

പുഴകടന്നു പോയവർ



രഘുവും അനുരാധയും വാതിൽപ്പൂട്ടി കുംഭമാസത്തിലെ നട്ടുച്ചവെയിലിലേക്ക് ഇറങ്ങിനടന്നു. പുറത്ത് വെയിൽ നിന്നുകത്തുകയാണ്.വായുവിന് ചൂടുപിടിച്ച് നീരാവിപോലെ മണ്ണിൽനിന്ന് ഉയർന്നുപൊങ്ങുന്നു. വെയിലിലൂടെയാണ് രഘുവിനും രാധക്കും പുഴകടന്നു പോകേണ്ടത്.

പുഴക്ക് അക്കരെയാണ് കുടപ്പാറ ക്ഷേത്രം.റോഡുമാർഗം പോകാനാകും. പക്ഷെ വളരെ ദൂരകൂടുതലാണ്.ഇതാകുമ്പോൾ ഒരു കിലോമീറ്ററോളം വീതിയുള്ള പുഴകടന്ന് ചെറിയ രണ്ടു ഇഷ്ടികച്ചൂളയും കഴിഞ്ഞാൽ പൂത്തുനിൽക്കുന്ന പറങ്കിമരങ്ങൾ  വിരിച്ചിട്ട തണലിലൂടെ ഇത്തിരിദൂരം നടന്നാൽ മതി പൂരപ്പറമ്പിൽ എത്താൻ.കൈയ്യിൽ തുങ്ങിനടക്കുന്ന രാധയേയുംകൂട്ടി രഘു വെയിലിലൂടെ നടന്നുനീങ്ങി

അവർ നടന്നു നീങ്ങവേ  നീ  വയറ്റിലുള്ള പെണ്ണിനേം കൂട്ടി എങ്ങോട്ടാടാ ചെക്കാ എന്ന പാത്തുമ്മയുടെ അരിശംകലർന്ന ചോദ്യം മുറുക്കി കറവീണ പല്ലുംകാട്ടി വേലിചാടി രഘുവിനുമുന്നിൽ പ്രത്യക്ഷപെട്ടു.
അതിനു അവൾക്കിപ്പോ ആറുമാസം ആയല്ലേയുള്ളു.അവൾക്ക് ഉത്സവം കാണാൻ ഒരു പൂതീം . പിന്നെ പുരയിൽ ഒറ്റക് ഇരുത്തണ്ടല്ലോ എന്ന് ആലോചിച്ചപ്പോ കൂടെപോന്നോട്ടെ എന്ന് കരുതി. 

നീ ഇങ്ങനെ പെണ്ണുംപിള്ള പറയുന്നതുംകേട്ട് തുള്ളിക്കൊ. പാത്തുമ്മക്ക് വീണ്ടും അരിശംവന്നു. അരിശത്തിനൊത്ത് പാത്തുമ്മയുടെ മേൽകാതുകളിൽ തൂക്കിയിട്ടിരുന്ന സ്വർണ്ണക്കമ്മലുകൾ കൂട്ടിമുട്ടി ചിലമ്പിച്ചു.
ഓരോ കാതുകളിലും  ഏഴുമേൽക്കാതുകളുണ്ട് പാത്തുമ്മക്ക്. ഏറ്റവും താഴത്തെ കാതിൽ ഒരു വലിയ ജിമിക്കിയും മേൽകാതുകളിൽ നെറ്റിപ്പട്ടംപോലെ വീതികൂടിയ കമ്മലുകളും.ഒൻപതാമത്തെ വയസ്സിലാണ് പാത്തുമ്മയെ രഘുവിന്റെ ദേശത്തേക്ക് കല്യാണംകഴിച്ച്‌   കൊണ്ടുവരുന്നത്. ശേഷം പാത്തുമ്മ എട്ടുപെറ്റു. ഓരോ ഗർഭധാരണത്തിനും പാത്തുമ്മക്ക് സമ്മാനമായി ഒരുജോഡി കമ്മലും ഒരു മേൽക്കാതും നിർബന്ധം. അടുത്ത ഒരു മേൽകാതിന്  കാതിൽ ഇടമില്ലാണ്ടെ ആയപ്പോഴാണ് ഒൻപതാമത്തേതിനു എത്ര നിർബന്ധിച്ചിട്ടും പാത്തുമ്മ വഴങ്ങാതിരുന്നത്.

വീണ്ടും പാത്തുമ്മ രഘുവിനോട് അരിശപ്പെട്ടു. പണ്ട് നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഉത്സവംകാണാൻ പുഴകടന്നുപോയത് നിനക്ക് അറിയാലോ രഘു.അന്ന് അവൾക്ക്  മാസം എട്ടാ. അന്നും ഉമ്മ ഇതുപോലെ ശാസിച്ചതാ.ആര് കേൾക്കാൻ ? എന്നിട്ട് എന്താണ്ടായെന്ന് അറിയോനിനക്ക് ?
രഘു വയസ്സൻ ശബ്ദത്തിൽ അതേചോദ്യം പാത്തുമ്മയോട് തിരിച്ചുചോദിച്ചു.
"എന്നിട്ട് എന്താ ഇണ്ടായേ ?"
അതുകണ്ട് രഘുവിന്റെ കൈയ്യിൽ തൂങ്ങികിടന്ന രാധ മഴനനഞ്ഞ കുഞ്ഞുപക്ഷികണക്കെ വിറച്ചതും നേർത്തതുമായ  ശബ്ദവീചിയിൽ മനോഹരമായി ഒന്നുചിരിച്ചു.

ഇജ്ജ്  (നീയ്യ് )വല്ലാണ്ടെ ചിരിക്കണ്ട  പെണ്ണേ ...
അന്ന് അൻറെ  കെട്ടിയോൻ അവൾടെ വയറ്റിലാ. അന്ന് പൂരത്തിന് കൊണ്ടുവന്ന ആന വെടികെട്ടിനിടക്ക് ഇടഞ്ഞു.ആളുകൾ ചിതറിയോടി. അവന്റെ അമ്മേടെ വയറ്റിൽ ആരോചവിട്ടി. ചോരപോവാൻ തുടങ്ങി. അന്ന് ഡോക്ടർ തറപ്പിച്ച് പറഞ്ഞതാ ഒന്നുങ്കിൽ തള്ള അല്ലെങ്കിൽ കുട്ടി.രണ്ടുംകൂടി കൂട്യാകൂടില്ലാന്നു . ഏതോ ഭാഗ്യത്തിനാ തടികേടാവാണ്ടെ രണ്ടിനേം കിട്ടിയത്.
രഘോ എപ്പഴും പടച്ചോൻ കാത്തുന്നു വരില്ല.
പടച്ചോൻ എന്നെ കാക്കണ്ട കൊടപ്പാറ ഭഗവതി എന്നെ കാത്തോളും.
രഘു വീണ്ടും പാത്തുമ്മയെ ശുണ്ഠി പിടിപ്പിച്ചു.
അപ്പോൾ പുകയില കൂട്ടിമുറുക്കിയ വെറ്റില നീട്ടിത്തുപ്പി രഘുവിനെ പാത്തുമ്മ ആട്ടി.എടാ  എട്ടാംമാസത്തിലെ പൊട്ടാ അന്ന് അന്റെ തള്ളക്ക് ചോരപോയപ്പോ എൻറെമോൻ ഉമ്മറാടാ ചോരകൊടുത്തത്.അതിലൊരു പങ്ക് അന്റെ  ഞരമ്പിലൂടേം ഓടുന്നുണ്ടടാ കള്ള ഹിമാറെ. അപ്പൊ എൻറെ പടച്ചോനും നിന്റെമേൽ ഒരു അവകാശം ഉണ്ടെടാ.

രാധയുടെ മുന്നിൽവെച്ച് പാത്തുമ്മയുടെ ആട്ടുംതുപ്പും ഇനിയും കേൾക്കണ്ട  എന്നുവെച്ചു വീണ്ടും രഘു രാധയേയും കൂട്ടി നട്ടുച്ചവെയിലിലൂടെ നടന്നുനീങ്ങി. അവർ നടന്നകലുന്നത് വേലിപടർപ്പിൽ ചാരിനിന്നു പാത്തുമ്മ നോക്കി നിന്നു. നെഞ്ചിൽ കൈവെച്ച്  പെണ്ണിന് ഒന്നും വരുത്തല്ലേ എന്ന് ഉടയതമ്പുരാനായ പടച്ചോനോട് അവർ തേടി.

പാത്തുമ്മ അങ്ങനൊക്കെ പറഞ്ഞപ്പോൾ രാധക്ക് ഒരുൾഭയം. എന്നാ രഘുവേട്ടാ ഞാൻ തറവാട്ടിൽ ഇരിക്കാം. ഏട്ടൻ പോയിവാ. ഇങ്ങോട്ട് നടക്ക് പെണ്ണേ... രഘു ദേഷ്യത്തോടെ നടത്തത്തിനു വേഗതകൂട്ടി.

അവർ നട്ടുച്ചവെയിലിനോടൊപ്പം പുഴയിലേക്ക് ഇറങ്ങി.  കുംഭത്തിൽ വറ്റിക്കിടക്കുന്ന പുഴകണ്ടാൽ മണൽ വാരിവിതറി ഇട്ടിരിക്കുന്ന  മറ്റൊരു ആകാശമാണെന്നും പുഴയിലൂടെ പൂരം കാണാൻ പോകുന്ന ചെറിയ ചെറിയ മനുഷ്യ കൂട്ടങ്ങൾ സന്ധ്യക്ക് ആകാശത്തിലൂടെ കൂടണയാൻ പോകുന്ന  ചെറിയ പക്ഷിക്കൂട്ടങ്ങളെപ്പോലെയാണെന്നും  തോന്നിപ്പിച്ചു.

രഘുവും രാധയും പുഴകടക്കുമ്പോൾ കാളി പുറകിൽനിന്നും വിളിച്ചുചോദിച്ചു.
രഘോ...ഇവൾക്കിതിപ്പൊ എത്രാംമാസ്സാ?
ആറായി രഘു വിളിച്ചുപറഞ്ഞു.

നിങ്ങൾ രണ്ടാളും ഇങ്ങനെ പോകുന്നത് കാണുമ്പോ നിന്റെ അച്ഛനും അമ്മയും പണ്ട് പൂരംകാണാൻ പോയതാ ഓർമ്മവരണെ. ഭാഗ്യത്തിനാ നിൻറെ അമ്മ അന്ന് രക്ഷപെട്ടത് എൻ്റെ കുട്ട്യേ..

നിങ്ങൾക്ക് ഇത്ര വയസ്സായില്ലേ കാളിതള്ളേ... പ്രായത്തിൽ ഇനി പുഴകടന്ന് പൂരപ്പറമ്പ് കാണാൻ പോണോ. രാധ കൂടുതൽ പേടിക്കാതിരിക്കാൻവേണ്ടി രഘു വിഷയംമാറ്റാൻ  ശ്രമിച്ചു.
ഇനിയിപ്പോ എത്രകാലാന്നുവെച്ചാ അണിഞ്ഞൊരുങ്ങി നിൽക്കണ ഭഗവതിയെ ഒന്ന് കാണാൻപറ്റ?.കൊല്ലത്തിൽ ഒരിക്കൽ അല്ലെയുള്ളൂ. വയ്യെങ്കിലും പോവുകതന്നെ.കാളി പറഞ്ഞു
രഘുവിന്റെ ചോദ്യം കാളിയെ വീണ്ടും വയസത്തിയാക്കി. കാളിയുടെ കാൽവേഗം കുറഞ്ഞു. അതുകൊണ്ടു രാധയും രഘുവും കാളിയേക്കാൾ ഒരുപാട് മുന്നിൽ എത്തി.

ഇവിടെ ഇരുന്നല്ലേ രഘുവേട്ട കല്യാണ ആൽബത്തിൽവെക്കാൻ നമ്മൾ ഫോട്ടോഎടുത്തത്. ഒരു മണൽത്തിട്ട കാണിച്ചുകൊണ്ട് രാധ ചോദിച്ചു. ആദ്യായി തോണിയിൽ കയറിയതും ഞാൻ ഇവിടുന്നാട്ടോ രഘുവേട്ട.
നീ ഇങ്ങോട്ട് വാ പെണ്ണെ കളിച്ച് നിൽക്കാണ്ടെ. വേഗം പുഴക്കടക്കാം പിന്നെ തണലാ ..അപ്പൊ ക്ഷീണം അത്രക്ക് അങ്ങ് അറിയില്ല. രഘു അവളുടെ കൈപിടിച്ച്പുഴകടന്നു.

അപ്പോൾ കാളിതള്ള പാതിപുഴതാണ്ടി എന്നെ കാത്തോളണേ ഭഗവതി എന്ന് നീട്ടിവിളിച്ച് കാൽമുട്ടിൽ കൈകൾ ഊന്നി കിതച്ച് നിൽക്കുകയായിരുന്നു.
 
ക്ഷേത്രത്തിലേക്ക് അടുക്കുംതോറും ജനത്തിരക്ക് കൂടിവന്നു. വടക്കുംമുറി ദേശത്തിന്റെയും കിഴക്കുമുറി ദേശത്തിന്റെയും ഗജവീരന്മാർ പൂരപ്പറമ്പിൽ നിരന്നുനിൽക്കുന്നു. രഘു രാധയേയുംകൂട്ടി ഭഗവതിയുടെ നടക്കൽ വന്നുനിന്നു. അവർക്ക് അരികിലൂടെ ഗജവീരന്മാർ ഒന്നൊന്നായി ഭഗവതിയെ വന്നു വണങ്ങി.അതിൽ ഒരു കൊമ്പൻ  ഭഗവതിയെ വണങ്ങി ശേഷം തുമ്പികൈ മേൽപ്പോട്ടുയർത്തി വളച്ചുപിടിച്ച് ഉറക്കെ ചിന്നംവിളിച്ചു. രാധ പേടികൊണ്ട് രഘുവിന്റെ കൈത്തണ്ടയിൽ മുറുക്കിപിടിച്ചു.

വാ നമുക്ക് ആശ്രമത്തിൽ പോയിനിൽക്കാം. ക്ഷേത്രത്തിനോട് ചേർന്നുള്ള ആശ്രമത്തിലേക്ക് രഘു രാധയെ കൊണ്ടുപോയി. അവിടെ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന വലിയ മരത്തിന്റെ ചുവട്ടിൽ നിന്നാൽ വെടികെട്ട് വളരെ വ്യക്തമായി കാണാം.  

രഘുവും രാധയും ആശ്രമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആശ്രമത്തിന്റെ അതിരിനോട് ചേർന്ന്  വെടിമരുന്നുകൾ മഹാശബ്ദത്തോടെ പൊട്ടിത്തെറിക്കാൻ തയ്യാറായായി ഒരു തീജ്വാലക്കായ് ദാഹിച്ച് ചെറിയ ചെറിയ കുഴികളിൽ തുല്യ അകലത്തിൽ അക്ഷമരായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

സന്ധ്യമയങ്ങി! പകൽപ്പൂരം കാവുകേറി!
അക്ഷമരായിനിന്ന കരിമരുന്നുകൾക്ക് തീകൊടുത്തു.അവ ആകാശത്തേക്ക് കുതിച്ചുപൊങ്ങി പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. വെടിക്കെട്ടിന്റെ അമരം കൂടിവന്നു. വെടിക്കെട്ടിന്റെ  ശബ്ദം രാധക്ക് അസഹനീയമായി തോന്നി. വെടിമരുന്നിന്റെ പ്രകാശം അവളുടെ കാണ്ണുകളെ ഇറുക്കിയടപ്പിച്ചു. വെടിക്കെട്ട് അവസാനിക്കുംതോറും അമരം കൂടിക്കൂടി വന്നു. ഭൂമി കുലുങ്ങാൻ തുടങ്ങി.  ആശ്രമത്തിലെ പഴകിയ മേൽക്കൂരകളിൽനിന്ന് മൺകട്ടകൾ അടർന്നുവീണു. രാധ വീണ്ടും കാതുകളും കണ്ണുകളും കൂടുതൽ ഇറുക്കിയടച്ചു. കൊട്ടികലാശത്തിൽ വെടിമരുന്നിനു ഭ്രാന്തുപിടിച്ചു. കൂടുതൽ കൂടുതൽ അമരത്തിൽ അവ പൊട്ടിത്തെറിച്ചു. വെടിമരുന്നിന്റെ അട്ടഹാസം ഗജവീരന്മാരിൽ പരിഭ്രാന്തി ഉണർത്തി. അവ ഉറക്കെ ചിന്നം വിളിച്ചു.കൂട്ടത്തിൽ ഒരാന ജനക്കൂട്ടത്തിലേക്ക് ഇറങ്ങിയോടി. ജനക്കൂട്ടം പരിഭ്രമിച്ച് ചിതറിയോടി. വെടികെട്ടുകഴിഞ്ഞു കണ്ണുതുറന്ന രാധ പേടിച്ചുവിറച്ചുനിന്നു. രാധ രഘുവിന്റെ കൈത്തണ്ടക്കായ് തിരഞ്ഞു.
രാധയുടെ ഭയം കൂടിവന്നു.അപ്പോൾ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന  മരച്ചില്ലക്കിടയിൽനിന്ന്
ഇണയെ വിളിക്കുന്ന ഏതോ പക്ഷിയുടെ നാദം ചിറകുവിടർത്തി ദൂരേക്ക് പറന്നുപോയി.

വിവരമറിഞ്ഞ പാത്തുമ്മ നെഞ്ചിൽ കൈവെച്ച് ഉടയതമ്പുരാനായ പടച്ചോനെ വിളിച്ചു.
കാൽമുട്ടിൽ കൈകൾ ഊന്നി കുനിഞ്ഞുനിന്ന് കാളിതള്ള ഭഗവതിയെ വിളിച്ചു കരഞ്ഞു.
ഇടക്കെപ്പഴോ ബോധം വന്നപ്പോൾ അനുരാധമാത്രം എൻറെ രഘുവേട്ടാ എന്ന്  നീട്ടിവിളിച്ചു.