Wednesday, October 5, 2011

നിശാഗന്ധി

രാത്രിയുടെ  തണലില്‍ 
പൂത്തൊരീ നിശാഗന്ധി 
പകലിന്റെ ചൂടില്‍ 
അടര്‍ന്നുവീണതറിയാതെ
പ്രണയമാം നൗകയില്‍ 
ശാന്തമാം കടലിലൂടെ നാം മുന്നേറുമ്പോള്‍ 
അറിയാതെപോയി ഈ യാത്ര,
ഉരുകിയൊലിക്കുന്ന 
ഹിമപാളികളാല്‍ 
ചേര്‍ത്തുവെച്ച സ്വപ്ന-
നൗകയിലാണെന്നും 
ശാന്തമാം സമുദ്രത്തിനടിയില്‍ 
ചൂടേറ്റു പിടയുന്ന 
ജീവന്റെ തുണ്ടുകളെ 
കൊത്തികൊറിയ്ക്കുവാ-
നാളുണ്ടെന്നും.
എങ്കിലും സഖീ,
നമുക്കീ ചിറകറ്റു വീണ സ്വപ്നവും പേറി 
തേങ്ങി കരയുന്ന പക്ഷികളായ്
അന്തിക്കിരുട്ടിന്റെ ഇരുകൂട്ടില്‍ 
ചെന്നുചേക്കേറാം.
ഇനിയൊരു പകലില്‍ 
വീണ്ടുമൊരു നിശാഗന്ധി 
കൊഴിഞ്ഞു  പോകാതിരിയ്ക്കാന്‍ 
പുവ്വിന്നുകൂട്ടായ്‌ കുടപിടിയ്ക്കാം
                                          [വി കെ]