Saturday, October 24, 2015

അവളെ നമുക്ക് ചെമ്പരത്തി എന്നോ താമരയെന്നോ പനിനീര്‍ പൂവെന്നോ വിളിക്കാം.



ബിയര്‍ ബോട്ടിലില്‍ നിന്നും എത്ര  ജാഗ്രതയോടെയാണവള്‍ ബിയര്‍ ഗ്ലാസ്സിലേക്ക്‌ പകരുന്നത്. ഗ്ലാസും ബോട്ടിലും ചെരിച്ചുപിടിച്ച്  ഇടയ്ക്കിടയ്ക്ക് ഗ്ലാസ്സിനേയും ബിയര്‍ ബോട്ടിലിനേയും ഉമ്മവെക്കാന്‍ അനുവദിച്ച് ഒട്ടും പതവരാതെ.അവള്‍ ബിയര്‍ പകരുന്നപോലെ ഇത്ര കാലമായിട്ടും പതവരാതെ ബിയര് ഗ്ലാസ്സിലേക്ക്‌ പകരാൻ എനിക്ക് കഴിയില്ല.ഒന്നോ രണ്ടോ മിച്ചറുകളെ ഗ്ലാസ്സിലേക്ക്‌ എറിഞ്ഞാണ് ഞാൻ  ഈ പ്രോബ്ലം  സോൾവ്‌ ചെയ്യാറ് .ദാഹിച്ചുകിടക്കുന്ന  മിച്ചർ  ആ പതയെ ആർത്തിയോടെ  വലിച്ചെടുക്കും.അവളുടെ ഈ കഴിവിനെ ഞാന്‍ പരസ്യമായി അനുമോദിച്ചിട്ടില്ല പെണ്ണല്ലേ ജാതി അഹങ്കാരം കൂടിയാലോ.ബിയര്‍ ഗ്ലാസ്സുകളിലേക്ക് ഐസ് ക്യൂബുകളെ നീന്താന്‍വിട്ട് അതിലൊന്ന് എനിക്ക് നേരെനീട്ടി.ബിയറില്‍ ഐസ് ക്യൂബുകള്‍ ഇടാറില്ലെന്ന അറിവ് അവള്‍ക്കില്ലെന്നു തോന്നുന്നു.

        അവള്‍ പകര്‍ന്നുതന്ന ബിയര്‍ ഗ്ലാസ്സുമായി ഞാന്‍ ആ ഹോട്ടല്‍മുറിയുടെ ജനലിനരികിലേക്ക് നടന്നു.അവിടെനിന്നു നോക്കിയാല്‍ ഭാരതപ്പുഴയും, പഴയ കൊച്ചിന്‍ പാലത്തേയും കാണാം.

   എന്താ പുരോഗമനവാദി ഒരു സാഹിത്യ ശൃഷ്ടിക്കുള്ള പുറപ്പാടാണോ?

എന്‍റെ ആ ജനലിനരികിലെ നില്‍പ്പ് കണ്ടിട്ടാവണം അവളങ്ങനെ ചോദിച്ചത്.അവള്‍ എന്നെ പുരോഗമനവാദി,ആധുനികാ എന്നൊക്കെ വിളിക്കും ചിലപ്പോള്‍ ഇവിടെ പറയാന്‍ പറ്റാത്ത പദങ്ങള്‍ ഇവക്കുമുന്പേ ആലങ്കാരികമായ്ചേര്‍ത്തും വിളിക്കും.അവള്‍ എനിക്ക് പുരോഗമനവാദി എന്ന പേരിട്ടപ്പോള്‍തന്നെ ഞാന്‍ അവള്‍ക്കുമിട്ടു ഒരു പേര്.അവളുടെ മുഖത്തെ വട്ടകണ്ണടക്കും തോളിലെ തുണിസഞ്ചിക്കും ജുബ്ബപോലുള്ള അവളുടെ വേഷത്തിനും പിന്നെ  ബോബ് ചെയ്ത മുടിക്കും എല്ലാം ചേര്‍ത്ത് പറ്റിയ ഒരു പേര്,ഫെമിനിസ്റ്റ്!

          അങ്ങനെ ഞാന്‍ പുരോഗമനവാദിയും അവള്‍ ഫെമിനിസ്റ്റുമായി.

                   തൃശ്ശൂരിലെ ഏതോ പട്ടിക്കാട്ടില്‍ നാലുമുറികളുള്ള വീട്ടിലെ ഫെമിനിസ്റ്റ്,ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറിലെ ഫെമിനിസ്റ്റ്,ജനകൂട്ടത്തിനും മൈക്കിനും മുന്നിലെ ഫെമിനിസ്റ്റ്.അവള്‍ക്ക് എത്ര എത്ര പര്യായങ്ങള്‍.ആ പര്യായങ്ങള്‍ക്ക് കൂട്ടായി ഒരു പുതിയ അര്‍ത്ഥം കൂടി ഞാന്‍ അവള്‍ക്ക് നല്‍കി അല്ലെങ്കില്‍ അവള്‍ സ്വയം എഴുതിചേര്‍ത്തു.ആ അര്‍ത്ഥത്തിലാണ് അവള്‍ ഇപ്പോള്‍ ഈ സന്ധ്യയില്‍, ഈ ഹോട്ടല്‍ മുറിയില്‍ എനിക്കുമുന്നില്‍ ഇരിക്കുന്നത്.എനിക്ക് ആസ്വദിക്കാനുള്ള ലഹരികുപ്പികള്‍ക്കും അച്ചാറിനും കശുവണ്ടി പരിപ്പിനും ഉള്ള അതേ അര്‍ഥത്തില്‍.

          അവളുടെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.ഞാന്‍ എന്ത് മറുപടി പറയും.അബദ്ധത്തില്‍ രണ്ട് കവിത എഴുതി.അത് ഈ പെണ്ണ് വായിക്കുകയും ചെയ്തു.അന്നുമുതല്‍ ഇവള്‍ എന്‍റെ ആരാധിക എന്നും പറഞ്ഞാണ് നടപ്പ്.ഇത്രയും ഒരു പൊട്ടിപെണ്ണിനെയാണോ ഈശ്വരാ ഞാന്‍ ഫെമിനിസ്റ്റ് എന്ന് വിളിച്ചത്.എവിടുന്നോ ചുരണ്ടിയ നാലുവരികളില്‍ ഈ പെണ്ണ് ഫ്ലാറ്റ്.ആ വരികളില്‍ ഒന്ന് സൂക്ഷിച്ചുനോക്കിയാല്‍ അയ്യപ്പേട്ടനെ കാണാം കാട്ടകടയെ കാണാം നെരൂദയെ കാണാം മറ്റു പലരേയും കാണാം.ആ വരികളില്‍ കാണാതിരിക്കാന്‍ സാദ്ധ്യതയുള്ളത് എന്നെ മാത്രമാണ്.ഭാഗ്യത്തിന് എന്‍റെ കവിതകള്‍ ആരും ശ്രദ്ധിച്ച് വായിച്ചിട്ടില്ലാത്തതുകാരണം മേല്‍പ്പറഞ്ഞ കവികള്‍ ഇപ്പോളും ഒളിവിലാണ്.

            മൂന്നാമതും അവള്‍ എന്നോട് ആ ചോദ്യം തന്നെ ചോദിച്ചു.പക്ഷെ ഇപ്രാവശ്യം ചില മാറ്റങ്ങള്‍ ഉണ്ട്.ഒന്ന് ഇപ്പോള്‍ അവളും എന്നോട് ചേര്‍ന്ന്‍ ജനലരികില്‍ ആണ് നില്‍ക്കുന്നത്.രണ്ട് ചോദ്യം കാതിലാണ്. മൂന്ന്‍ പുരോഗമനവാദിക്കുമുന്പ് നേരത്തെ സൂചിപ്പിച്ച അശ്ലീല പദങ്ങളില്‍ ഒന്ന് ചേര്‍ത്തിരിക്കുന്നു.ഇനിയും ഉത്തരം വൈകിക്കുന്നത് ബുധിയല്ലെന്നു എനിക്കും തോന്നി.

       സാഹിത്യ ശൃഷ്ടിയൊന്നുമല്ല.

       പിന്നെ എന്താണാവോ ഇത്ര ചിന്തിക്കാന്‍?

ഒരു പുഴയെ ഓര്‍ത്ത് ,അതിന്‍റെ ഒഴുക്കിലങ്ങനെ ഇത്തിരിദൂരം പോയിനോക്കിയതാ. എന്‍റെ  ഫെമി നോക്ക് നീ കാണുന്നില്ലേ ആ പുഴയെ വര്‍ഷക്കാലത്ത് കുതിച്ചൊഴുകുകയും വേനലില്‍ ഒഴുക്ക് നഷ്ടപ്പെടുകയും വീണ്ടും ഒന്നൊഴുകാന്‍ വര്‍ഷത്തെ കാത്തുകിടക്കുകയും ചെയ്യുന്ന ആ പുഴയെ.ഇതുപോലെ എനിക്കുമുണ്ടായിരുന്നു പ്രണയത്തിന്‍റെ ഒരു പുഴ.ആഴവും പരപ്പും ഈ പുഴയേക്കാള്‍ പതിന്മടങ്ങ്‌ കൂടുതലുള്ള ഒരു പുഴ.വേനലും വര്‍ഷവും ഒഴുക്ക് നിയന്ത്രിച്ചിരുന്ന പ്രണയത്തിന്റെ ഒരു പുഴ.

      ചുണ്ടില്‍ ലഹരി നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ ചോദിച്ചു.ആ പുഴ ഇപ്പോഴും ഒഴുകുന്നുണ്ടോ?

       ഞാന്‍ ഈ ഗ്ലാസിലെ ബിയറിനെ അഗാതമായി പ്രണയിക്കുന്നു.തൊട്ടുമുന്പ് വരെ  ആ ബിയര്‍ എനിക്കുമുന്നില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ ഗ്ലാസ്‌ ശൂന്യമാണ് എന്നിരുന്നാലും  ഞാന്‍ ആ ബിയറിനെ പ്രണയിക്കുന്നു.അതുകൊണ്ട് നീയാദ്യം ആ ഗ്ലാസ്‌ നിറച്ചുകൊണ്ടുവാ.ഒരു ഗ്ലാസ്‌ നിറയെ പ്രണയം.

            അവള്‍ കൊണ്ടുവന്ന ആ ബിയര്‍ ഗ്ലാസില്‍  രണ്ട് ഐസ് ക്യൂബുകള്‍ ലഹരിയില്‍ മുങ്ങിത്താണ്  പരസ്പരം ലയിച്ച് ഈ സന്ധ്യയെ അവരുടേതാക്കുന്നു.ഐസ് ക്യൂബുകള്‍ ബിയറിലേക്ക് തണുപ്പുകള്‍ പടര്ത്തുമ്പോള്‍ ആ ഗ്ലാസ്സിനോടുള്ള എന്റെ പ്രണയം ഒരു നുരപ്പോലെ കവിഞ്ഞൊഴുകുന്നു.

                     കോളേജ് ലൈഫിലോ മറ്റോ ഉണ്ടായിരുന്ന ഫാന്‍റസി അല്ലെ ആ പ്രണയം.വിട്ടേക്ക് അത്.ഈ മനോഹരമായ സന്ധ്യയെ നശിപ്പിക്കണോ?



 സിപ്പ് സിപ്പായ് ആസ്വദിച്ച് കഴിച്ചിരുന്ന ബിയറിനെ ഞാന്‍ ഒറ്റയടിക്ക് അകത്താക്കുന്നത് കണ്ടിട്ടാകണം അവള്‍ അങ്ങനെ പറഞ്ഞത് എന്നിരുന്നാലും അത്തരമൊരു ചോദ്യത്തില്‍ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.എന്‍റെ ആറേഴു കൊല്ലത്തെ പ്രണയം  ഈ ഫെമിനിസ്റ്റിന് വെറും പുച്ഛം.


         എന്‍റെ മൌനത്തെ  എറിഞ്ഞുടക്കുക എന്ന ലക്ഷ്യത്തോടെ അവളുടെ അടുത്ത ചോദ്യം.  



 ആ കുട്ടിയുടെ പേര്?

      നീ ഫെമിനിസ്റ്റ്,

      ഞാന്‍ പുരോഗമനവാദി,

      അവളെ നമുക്ക്  ചെമ്പരത്തി എന്നോ താമരയെന്നോ പനിനീര്‍ പൂവെന്നോ എന്ത് വേണേലും വിളിക്കാം.

         എന്നാല്‍  ഞാന്‍  അവളെ തേവിടിച്ചിപ്പൂവെന്നു വിളിക്കും.

എന്നാ എന്‍റെ പോന്നു  ഫെമിനിസ്റ്റെ നിന്‍റെ കവിളില്‍ എന്‍റെ കൈകൊണ്ട് ആഞ്ഞൊരു ഉമ്മ തരും. കേസ് കൊടുക്കാന്‍ തെളിവായിട്ട്‌  വെളുത്തു തുടുത്ത ആ കവിളത്ത് ഒരു മുദ്രയും കിട്ടും.

         കേസും കൂട്ടത്തിനോന്നും സമയമില്ല.എന്‍റെ മാര്യേജ് ഇങ്ങു അടുത്തു. ഞാന്‍ വരുമ്പോ നിന്‍റെ മടിയിലേക്ക്‌ വലിച്ചെറിഞ്ഞ ഇന്‍വിറ്റേഷന്‍ ഇല്ലേ അതെന്‍റെ കല്യാണകുറിയാ.ആ ദിവസം നിന്നോട് ആ വഴിക്കൊന്നും വരണ്ടാ എന്ന് പറയാന്കൂടിയാ ഇന്ന് ഞാന്‍ ഇങ്ങോട്ട് വന്നത്.

അതെന്താ ഞാന്‍ വന്നാല്‍?

നീ വരണ്ടാ അത്രതന്നെ.തര്‍ക്കിക്കാന്‍ നില്‍ക്കാതെ നീ പറ എവിടെനിന്ന് തുടങ്ങുന്നു നിങ്ങളുടെ പ്രണയഗാഥ?

എന്നാ കേട്ടോ അതിങ്ങനെ തുടങ്ങുന്നു.ഏഴാം ക്ലാസ്സില്‍ ഞങ്ങള്‍ ആദ്യം കണ്ടുമുട്ടി പിന്നെ ഒരു വര്‍ഷം ക്ലാസ്സ്മേറ്റ്‌.പിന്നെ കാണുന്നത് പ്ലസ്‌റ്റുവിനു.അന്ന്‍ അവളോടത് തുറന്നുപറയ്യാന്‍ പേടി.അതുകൊണ്ട് പറഞ്ഞില്ല.വീണ്ടും വേര്പാട് രണ്ടുപേരും രണ്ട് കോളേജില്‍.ഈ കാലയളവില്‍ ഒരു വട്ടം കണ്ടിരുന്നതൊഴിച്ചാല്‍ നോ മോര്‍ കോണ്ടാക്റ്റ് വിത്ത്‌ ഹേര്‍.പിന്നെ കോളേജ് ലൈഫിന് ശേഷം സമ്മാനിച്ച എകാന്തതക്കും ജോലി കിട്ടാത്തതിന്‍റെ നിരാശയിലേക്കുമാണ് അവള്‍ കടന്നു വരുന്നത്. ഒരു fb മെസ്സേജ് ആയി.അധികം വൈകാതെ ഞാന്‍ അവളെ വിളിച്ച് ആറേഴുകൊല്ലം മാറാലമൂടികിടക്കുന്ന ആ പ്രണയ വാചകം ഞാന്‍ അവളോട പറഞ്ഞു[ഇത്രയും കാലം പറയാന്‍ കഴിയാതിരുന്ന പ്രണയം ഇങ്ങനെ ഒരു അവസരത്തില്‍  ഇത്രപ്പെട്ടന്നു തുറന്നു പറയാന്‍ കാരണമെന്തെന്നു പിന്നീട് ഒരിക്കലും എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിട്ടില്ല]. ഫോണില്‍ അവളുടെ സബ്ദം ഇടറിയത് ഞാന്‍ ശ്രദ്ധിച്ച്ചതാണ്. ആ കാണുന്ന പഴയ കൊച്ചി പാലമില്ലേ അവിടെ നിന്നാണ് ഞാന്‍ അവള്‍ക്ക് അന്ന് ഫോണ്‍ ചെയ്തത്.

     എന്നിട്ട് അവള്‍ എന്ത് പറഞ്ഞു എന്‍റെ പുരോഗമനവാദിയോട്?

     യു ആര്‍ ടൂ ലേറ്റ്.ഞാന്‍ കാരണം തിരക്കിയില്ല ഔപചാരികതയുടെ പേരില്‍ ഒരു സോറി പറഞ്ഞ്  ഫോണ്‍ കട്ട്‌ ചെയ്തു.

          അന്ന് ആ മെയ്‌മാസ രാത്രിയില്‍ ദേ ആ കാണുന്ന തകര്‍ന്ന പഴയ കൊച്ചിന്‍ പാലത്തിന് ഒരു തകര്‍ന്ന പ്രണയം കൂട്ടുകിടന്നു.

      

                   എന്റെ ഫെമിനിസ്റ്റേ...പ്രണയം ഭ്രാന്താണ് കാലം സമ്മാനിക്കുന്ന ഒരുതരം ഭ്രാന്ത്.ചിലപ്പോള്‍ ആ ഭ്രാന്തിന്‍റെ കാലില്‍ ചില കണ്ണികള്‍ മരണം വരെ അങ്ങനെ തൂങ്ങികിടക്കും മറ്റുചിലപ്പോള്‍ അതറ്റുവീഴും.

      വീണ്ടും ഒഴിഞ്ഞുകൊണ്ടിരുന്ന ഗ്ലാസ്സുകള്‍ നിറച്ച് അവള്‍ എന്നോട് ചോദിച്ചു ആ ഭ്രാന്തിന്‍റെ കണ്ണികള്‍ അറ്റുപോഎങ്കില്‍ ആ കണ്ണിയില്‍ മറ്റൊരു ഭ്രാന്ത്‌ വിളക്കിചേര്‍ത്തിട്ടില്ലെങ്കില്‍ ഈ ഫെമിനിസ്റ്റിന് ആ കണ്ണിയുമായി ഇണങ്ങിചേരാന്‍ ആഗ്രഹമുണ്ട്.ആ ഇന്‍വിറ്റേഷന്‍ കീറിക്കളയാന്‍ വേണ്ട സമയമേ എനിക്കുവേണ്ടു നിന്‍റെ ഭ്രാന്തിന്‍റെ ചങ്ങലകണ്ണിയാകാന്‍.

          അവളുടെ ആ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ കൈയ്യിലെ ബിയര്‍ ഗ്ലാസ്സിനോട് ചോതിച്ചു,ജനലഴികളോട് ചോദിച്ചു,പുഴയില്‍ അവശേഷിക്കുന്ന ഓരോ മണ്‍ത്തരിയോടും ചോദിച്ചു,തകര്‍ന്നു കിടക്കുന്ന കൊച്ചിന്‍ പാലത്തോട് ചോദിച്ചു.എന്റെ ചോദ്യങ്ങള്‍ പ്രതിധ്വനികളായി അലയടിച്ച്ചതല്ലാതെ എനിക്കുള്ള ഉത്തരങ്ങള്‍ ഒന്നും ആ പ്രതിധ്വനികള്‍ക്ക് തരാനുണ്ടായിരുന്നില്ല.

                    അവസാനം ആരും സഹായിക്കാതെതന്നെ ഞാന്‍ ഒരു ഉത്തരം അവള്‍ക്ക് നല്‍കുന്നു.”ഫെമിനിസ്റ്റെ നിന്റെ ഫെമിനിസത്തിന്‍റെ  തോള്‍സഞ്ചിയും ജുബ്ബയും എന്‍റെ പുരോഗമനവാദിയുടെ തോള്‍സഞ്ചിയും ജുബ്ബയും പ്രണയത്തിന്‍റെ ഒരേ കൊളുത്തില്‍ തൂക്കിയിടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാനീലഹരിയില്‍ തളര്‍ന്നു കിടക്കുമ്പോള്‍ നെറ്റിയില്‍ പതിവ് ചുംബനം തന്ന്  ഈ ഹോട്ടല്‍ മുറിയുടെ വാതില്‍ പതിയെച്ചാരി നീ നടന്നകലുക.തിരിഞ്ഞുനോക്കരുത്.നിനക്കായ് തുറന്നു കിടക്കുന്ന പുതിയ വാതിലിലേക്ക് നീ ഓടി കയറുക.ഈ മുറിയുടെ ജനല്‍പ്പാളികള്‍ കൊട്ടിയടച്ച്  വാതിലുകള്‍ പൂട്ടി വൈകാതെ ഞാനും പടിയിറങ്ങും”.





          

Thursday, October 22, 2015

നിന്റെ ഓർമ്മകളെ ബലി-
കാക്കകൾക്കെറിഞ്ഞുകൊടുക്കാൻ
കുടിച്ചുതീർത്ത മദ്യകുപ്പികൾക്കാവുന്നില്ല.
ഈ ഇരുട്ടിൽ വഴിതെറ്റാതെ
നിന്റെ മുഖവുമായ്‌ നഷ്ടസ്വപ്നങ്ങൾ വീണ്ടുമെന്റെ നിദ്രയിൽ ചേക്കേറുന്നു.
ഇനിയും വയ്യ...!!!
കാലത്തിന്റെ ചിതൽപുറ്റുകളെ
നിങ്ങൾക്കുവിശക്കുന്നുവെങ്കിൽ
എന്റെ ഓർമ്മകളെമാത്രമല്ല,
എന്നെക്കൂടി എടുത്തുകൊൾക!

Wednesday, October 21, 2015

കാണാതെപോയ ആ കവിതയെവിടെ?

അമ്മേ...
പേറ്റുനോവില്‍നിന്നുയര്‍ന്ന താരാട്ടുപാട്ടും
വാത്സല്യത്തില്‍കുതിര്‍ന്ന അമ്മിഞ്ഞപ്പാലുംമണക്കുന്നയാകവിതയെവിടെ
ചുവരില്‍ കരികൊണ്ട് കോറിയിട്ട ആ രുചിയുള്ള കവിതയെവിടെ
കാത്തിരിപ്പിന്‍റെ പാതിരാതിരിയില്‍തെളിഞ്ഞ
ഒരുചെറുവെട്ടമെവിടെ..ഒരുപോട്ടുകവിതയെവിടെ..
ആ മാറില്‍ചേര്‍ന്നുകിടന്ന രാവിന്റെനിഴലെവിടെ,
ഞാന്‍ എവിടെ...?
അമ്മേ,
അമ്മ ചീന്തിക്കളഞ്ഞതാണോ
ഈ മകനോട് തെറ്റിയനാളിലാക്കവിത?

കൂട്ടുകാരാ...
നമ്മള്‍ ഒന്നിച്ചു കത്തിച്ച കവിതയെവിടെ
പുഴവക്കില്‍ കോറിയിട്ട ഭാവിചിത്രങ്ങളെവിടെ
നമ്മള്‍ കണ്ട മായക്കാഴ്ചകള്‍ എവിടെ
കണക്കുപുസ്തകത്തില്‍ വീട്ടാതെപ്പോയ കടങ്ങളെവിടെ
നമ്മള്‍ നടന്ന വഴികള്‍ എവിടെ
നമ്മള്‍ നിന്ന കവലകള്‍ എവിടെ
അവിടെതൂക്കിയിട്ട കവിതകളെവിടെ.
നമ്മളുപേക്ഷിച്ചിട്ട മദ്യകുപ്പികള്‍പ്പോലെ
ഏതുകുന്നിന്ചെരുവിലാണ് ഞാനാകവിതയുപേക്ഷിച്ചിട്ടത്.

കൂട്ടുകാരി..
നമ്മളാദ്യം കണ്ടനിമിഷം
മിഴികള്‍ എഴുതിയ കവിതയെവിടെ
വീണ്ടും വീണ്ടും കണ്ടപ്പോള്‍
നമ്മുടെ വിരലുകള്‍ കുറിച്ചിട്ട കൂട്ടക്ഷരങ്ങളെവിടെ.
വഴിവക്കിന്റെ രണ്ടറ്റത്തുനിന്നും
നിയെനിക്കും ഞാന്‍ നിനക്കും സമ്മാനിച്ച
മൗനമെന്നവാചാലതയെവിടെ.
“എനിക്കൂനിന്നെ നഷ്ടപ്പെടുത്താനാകില്ലെന്ന്‍”
നീയെഴുതിയ ആ ഒറ്റവരി കവിതയെവിടെ.
നിന്നില്‍ കുറ്റബോധത്തിന്‍റെ  മുറിവുണങ്ങുംമുന്നേ
ഞാന്‍ മറന്നിട്ടുപ്പോയ ഈരടികളെവിടെ
നമ്മുടെ കവിതയെവിടെ.

എല്ലാകവിതയും കളവുപോയിരിക്കുന്നു
ഒരുകള്ളന്‍റെ മുഖവുമായ് ഞാനൊളിഞ്ഞിരിക്കുന്നു.

പകലിൽ രാത്രിയെ കാത്തിരുന്ന്
രാത്രിയിൽ നക്ഷത്രങ്ങളോട് കഥപറഞ്ഞ്
അവന് മടുത്തിരിക്കുന്നു.
മരിക്കാൻ വല്ലാതെകൊതിതോന്നി ,
എങ്ങിനെ ?
കയർ ...
വിഷം ...
............
............
തീ ....
കൈയ്യിലൊരുപോറൽ .
എല്ലാം ഒരുപോലെപ്രിയപ്പെട്ടവ
അവസാനം നറുക്കെടുക്കാൻ തിരുമാനിച്ചു .
കടലാസ്സുകീറി ,
മരണമുഖങ്ങളോരോന്നും കൊത്തിവെച്ച് മേല്പ്പോട്ടെറി ഞ്ഞു.
ആകാശനക്ഷത്രങ്ങളെപ്പോലെ
അവ അവനുമുന്നിൽ ചിന്നിച്ചിതറി .
ആകാംഷയോടെ ,ആർത്തിയോടെ
അതിൽനിന്നൊരു നറുക്കെടുത്തു .
നിയ്യും ഞാനും തിരഞ്ഞെടുത്ത അതേ നറുക്ക് .
"ജീവിച്ചുമരിക്കുക ".
അവൻ മരിച്ചുതുടങ്ങിയിരിക്കുന്നു ....നമ്മെപ്പോലെ !

മുറ്റം

മുറ്റം
............
കൊഴിഞ്ഞ കരിയിലകളും
വാടിവീണ പൂക്കളും
അച്ഛന്റെ ബീഡികുറ്റിയും
മുത്തശ്ശിയുടെ മുറുക്കാൻ കറയും
വന്നവരുടേയും പോയവരുടേയും
കാൽപ്പാടുകളും
പെണ്ണിന്റെ കൈയ്യിലെ ചൂലും
കവിതകുറിച്ചിടുന്ന
ഒരുതുണ്ട്‌ കടലാസ്സുകഷ്ണം
കാലത്തിന്റെ കൈകളിൽനിന്ന്
വഴുതിവീണയാമത്തിൽ
ശൂന്യമായതീരത്തേക്ക്
തിരകൾവഴിതേടുമ്പോൾ
പുഴയിലെ ഓളങ്ങൾ
പാറക്കല്ലിൽ പൊട്ടിച്ചിരിക്കുമ്പോൾ
ഘടികാരം പ്രഭാതത്തെയുണർത്താൻ
കാലടികൾക്ക് വേഗംകൂട്ടുമ്പോൾ
മറവിയിൽ നിയ്യെന്നെ കുഴിച്ചുമൂടുമ്പോൾ
ഇവിടെ ഈ കൊച്ചുമുറിക്കുള്ളിൽ
ഞാൻ ഉറങ്ങുകയാണ്.
എന്റെയാനിദ്രയിൽ
ഘടികാരസൂചികളെയെല്ലാം ഉരുക്കിചേർത്ത്
അനന്തമായ ഒരുരാത്രിയും
ഏഴുകടലുകളെ ബന്ധിച്ച്
ഒരു കടലും
ഏഴുവൻകരകളെ ബന്ധിച്ച്
ഒരു കരയും
ഞാൻ സൃ ഷ്ടിക്കും.
ആ കരയിലേക്ക് 

പ്രതീക്ഷകളുടെ വഴിവിളക്കുകളാലലങ്കരിച്ച
കാത്തിരിപ്പിന്റെ ഒരൊറ്റയടിപ്പാത
നിന്നിലേക്ക്‌ ഞാൻ കൊറിയിടും .
ആ വഴിയെ
വൈകാതെ നീ
എന്നിലേക്കുള്ള യാത്രതുടങ്ങുക.
ഞാൻ ഉറങ്ങട്ടെ...
ഇന്നലെ
കാലം
വസന്തമായ്‌ വന്ന്
എന്നിലൊരു പൂവായ്‌
നിന്നെവിടർത്തി.
ഇന്ന്
കാലം
കാറ്റായ് വന്ന്
നിന്നെ പറിച്ച്‌
ചുരമിറങ്ങിപ്പോയി...
നിന്നില്നിന്ന് എത്രദൂരം പിന്നിട്ടു..
നിൻറെ മിഴിയോരം മുറിച്ചു കടന്നോ
കാൽപ്പാടുകൾ കാതങ്ങൾ താണ്ടിയോ .....
ഇല്ല ,
ഞാനോ നിയ്യോ എങ്ങും യാത്രപറഞ്ഞു പോയിട്ടില്ല
ഈ ദൂരങ്ങളത്രയും
മൌനത്തിന്റെ കണ്ണാടിയിലെ പ്രതിബിംബങ്ങളാണ്.
പിൻവിളികൊണ്ട് എറിഞ്ഞുടക്കാവുന്ന ചില്ല്..... അത്രയേയുള്ളൂ .
പക്ഷെ വാക്കുകൾ വറ്റിപ്പോയ ഈ അരുവിയിൽനിന്ന്
നമ്മളിലേക്കുള്ള ദൂരങ്ങളെ എറിഞ്ഞുടക്കാൻ
എനിക്കോ നിനക്കോ വാക്കുകളുടെ ഒരു വെള്ളാരംകല്ലുപ്പോലും കിട്ടുന്നില്ലല്ലോ...
ഞാൻ എന്നിൽ ഒരുവസന്തം കോറിയിടുന്നു.
ആയുർരേഖയിലൂടെ ഒഴുകുന്ന
ചുവന്ന അരുവിക്കുചുറ്റുമായിരിക്കും ആ പൂക്കൾ പടർന്ന് പന്തലിച്ച്‌ വിടരുക.
വഴിതെറ്റിവന്ന
ഈ പൂക്കാലവും ഞാനുമൊന്നിച്ചായിരിക്കും പിന്നീടൊരിക്കൽ ഇലകൾകൊഴിച്ച്‌ ശിശിരത്തെ വരവേൽക്കുക.
ആശയില്ലാത്ത മനുഷ്യനെപ്പോലെ
തളിരില്ലാത്ത ചില്ലകൾമാത്രമുള്ള ആ ശിശിരത്തിലൂടെ
കൈകുമ്പിൾനിറയെ പൂക്കളുമായ്‌ നിങ്ങൾ വരണം.
നിറമേതായാലും നിർബന്ധമായും ഒരുറോസാപ്പൂവുണ്ടയിരിക്കണം ആ പൂക്കളിൽ.
ഞാൻ സ്വീകരിച്ചില്ലെങ്കിലും ആ പുവിനെ എന്നിൽചേർത്തുവെക്കണം.
ആ പുവിന്റെ നിറമറിയാതിരിക്കാൻമാത്രമാകും ഞാനെന്റെ കൺപ്പീലികളെ ഇറുക്കെചേർത്തുപ്പിടിച്ചിരിക്കുന്നത്‌.

ബാല്യം

അക്കരെകുന്നിന്‍ ചെരുവില്‍നി ന്നും
വറ്റിവരണ്ടൊരുപുഴയുംകടന്ന്‍
കൊയ്ത്തുകഴിഞ്ഞൊരുപാടപറമ്പുംതാണ്ടി
തറവാട്ടുമുറ്റത്തെമധുരപുളിയുടെ-
തണലിലേക്കെത്തുന്നൊരാവധിക്കാലം.
മനസ്സുകൊതിക്കുന്നൊരാകുട്ടിക്കാലം.
ചില്ലകള്‍ചേര്‍ത്തുകൂടുവെച്ച്
അരുമക്കിളികളായിനമ്മള്‍.
പ്ലാവിലകോര്‍ത്ത് കഴുത്തിലിട്ട്
അനുരാഗഭാവം പകര്‍ന്നു നമ്മള്‍.
ഈര്‍ക്കലിമടക്കി വാഴനൂല്‍കെട്ടിയൊരമ്പുമായ്
നില്‍ക്കുന്നദേവനുംദേവിയുമായിനമ്മള്‍..
പേരറിയാക്കളികള്‍പിന്നയും
ഒത്തിരിയൊത്തിരികളിച്ചിരിക്കെ
ജുണിലെമഴയില്‍ കടലാസ്സുതോണിയില്‍
മുറ്റത്തുനിന്നുമായവധിക്കാലം
നാട്ടിടവഴിയിലൂടെങ്ങോഇറങ്ങിപ്പോയി...
ഒന്നായിരുന്ന നമ്മളുമന്നാമഴയില്‍
ഒറ്റയായോഴുകി മറഞ്ഞുപ്പോയി....
ജീവിതം രാത്രിയോളം ഇരുണ്ടുപോയെങ്കിലും
ഉണ്ടെൻന്നോർമ്മതൻ ശ്യാമാകാശത്തിൽ
ഒരുകൊച്ചുനക്ഷത്രം.
ബൈനോക്കുലർ കണ്ടെത്താത്ത
ശാസ്ത്രം തിരിച്ചറിയാത്ത ആ ഇത്തിരി വെട്ടത്തെ

നിയ്യെന്ന പേരിട്ടുവിളിക്കാം....
പ്രകാശം പ്രകാശത്തോടെന്നപോലെ
ഇരുട്ട്‌ ഇരുട്ടിനോടെന്നപോലെ
എനിക്ക്‌ നിന്നിൽ ലയിക്കണം.
നിയ്യെന്നത്‌ കാമുകിയൊ,
മരണമോ ആകാം.
ആരായാലും വീണ്ടെടുക്കാനാകാത്തവിധം
എന്നെ പ്രകാശമൊ ഇരുട്ടൊ ആക്കിമാറ്റുക!!!
സാഷാത്ക്കാരത്തിന്റെ ശ്മശാനത്തിൽ മണ്ണിട്ടുമൂടാനുള്ളതല്ല എന്റെ പ്രണയം.
ഇനിയും കാലങ്ങളേറെ
ജീവിതത്തിന്റെ നെരിപ്പോടിലിട്ട്‌
കനലായെരിക്കാനുള്ളതാണെനിക്കെന്റെ പ്രണയം.
ഇതെന്റെ പ്രത്യയശാസ്ത്രം.
ചീഞ്ഞുനാറാതെ
എന്റെ പ്രണയത്തിന്‌
എന്റെ പ്രത്യയശാസ്ത്രത്തിന്‌
ഒരുവീഞ്ഞുകുപ്പിയുമായ്‌ ഞാൻ കാവലിരിക്കും.
ആകാശം കണ്ടുമടുത്തെങ്കിൽ
കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ എന്നുറക്കെചൊല്ലികൊണ്ട്‌ അയ്യപ്പേട്ട ഇടക്കീവഴിക്കൊന്നിറങ്ങുക.ഒന്നിച്ചിരുന്ന് പുലയാടിമക്കൾ പാടാം നമുക്ക്‌.....
എനിക്ക്‌ തിരിച്ചുപോകണം ,
എന്റെ സ്ക്കൂൾ കാലത്തേക്ക്‌
എന്റെ ക്ലാസ്സ്‌ മുറിയിലേക്ക്‌
ഞാനിരുന്ന എന്റെ ബഞ്ചിലേക്ക്‌.

ആ ബഞ്ചിലിരുന്ന്
കണക്കിനും ശാസ്ത്രത്തിനും ഇടയിലൂടെ-

ഒരിക്കൽക്കൂടി എനിക്കവളെ ഒളിഞ്ഞുനോക്കണം.
ഒഴിവാക്കാൻ ആകാത്ത ഒരു വിടവാങ്ങൽ
നീ എന്നിൽനിന്നും
ഞാൻ നിന്നിൽനിന്നും..
നീ വസന്തത്തിലേക്കും
ഞാൻ വേനലിലേക്കും നടന്നു...
ആ യാത്രയിൽ നിയ്യും ഞാനും ഉപേക്ഷിച്ചട്ടത്‌ എന്നെതന്നെയായിരുന്നു­.
ഇന്ന് നിനക്കുഞ്ഞാൻ മറവിയാകാം.
എനിക്കുനിയ്യൊരോർമ്മയ­ും
എവിടയോവെച്ച്‌ ഓർമ്മകൾക്ക്‌ പരിണാമങ്ങൽ സംഭവിക്കുന്നു.
ചിലപ്പോൾ,
അവ ഒരുപുഴയുടെ ഉദ്ഭവമാകുന്നു...
ഇരുൾപൂത്ത രാത്രിയിൽ എനിക്‌ കൂട്ടിരിക്കുന്ന കൂട്ടുകാരിയാകുന്നു..­.
എരിയുന്ന സിഗറിറ്റിനാൽ
പുകഞ്ഞ്‌ പുകഞ്ഞ്‌ മദ്യത്തിൽ  കുത്തികെടുത്തുന്ന വിഷാദമാകുന്നു..

ഓർമ്മകളുടെ ആ പരിണാമം അവസാനിക്കുന്നത്‌ മറവിയിലാകട്ടെ.
നീയെന്നെമറന്നപ്പോലെ എനിക്കുനിന്നെ മറക്കണം...
മരണമാകട്ടെ ആ മറവി
ആ മറവിയാകട്ടെ എന്റെ മരണം...!!!
"ജനനം പ്രഭാതംപ്പോലെ മനോഹരമാണെങ്കിൽ
മരണം ഈ സന്ധ്യപ്പോലെ അതിമനോഹരമാണ്‌"
ജനന0
മരണ0
ജീവിത0
പ്രണയ0
സൗഹ്യദ0
എല്ലാറ്റിൻറെയും അവസാനം
ജേകബ് സാർ കണക്കിനുതന്ന വട്ടപൂജ്യം .
ഈ കാറ്ററിയാതെ കാലമറിയാതെ..
മിന്നലറിയാതെ മഴയറിയാതെ...
ചിറകുവിടർത്തി പറന്നെത്തട്ടെ ഞാൻ
നീ തങ്ങിനിൽക്കുമാഋതുവിലേക്ക്‌...
നിൻപൂപുഞ്ചിരിവിടരുമാഹരിതശാഖിയിലേക്ക്‌..
എൻജീവന്റെ മരകൊമ്പിലേക്ക്‌...
എൻ മഴതുള്ളികുളിരിലേക്ക്‌...
ചിറകുവിടർത്തിപറന്നെത്തട്ടെ ഞാൻ.
തെങ്ങോലവിരലിൽനി-
ന്നറ്റുവീഴുന്നൊരാ സൂര്യനെപ്പോലെ
ജീവിതവിഹായസ്സിൽനിന്നറ്റുവീഴണം
അപ്പൂപ്പൻതാടിയായ്‌ പാറിപറക്കണം.
നിന്റെ വേലിപടർപ്പിൽ തങ്ങിനിൽക്കണം.
മുള്ളുകൊണ്ട്‌ മുറിവേൽക്കണം.
സ്നേഹംകൊണ്ടെനിക്ക്‌ നീറണം.
സ്നേഹംകൊണ്ട്‌ എന്നെമാത്രം നീ നീറ്റണം...
പൂക്കൾ കൊഴിയുന്നു.
നമ്മളെ ബന്ധിച്ച കണ്ണികളിലൊന്ന് തുരുമ്പെടുക്കുന്നു.
നീ സ്വാതന്ത്രത്തിലേക്ക് നടക്കുന്നു.
എന്തിനായിരുന്നു നിറമുള്ള പൂമ്പാറ്റകളെ നീയ്യെന്നിൽ വരചിട്ടത്‌?
ഒരു കൊട്ടാരമുണ്ടാനഗരമധ്യത്തിൽ .
ചരിത്രമെന്തോആയികൊള്ളട്ടെ
ആ കൊട്ടാരം നമ്മുടെ പ്രണയഗോപുരം.

പൂക്കളും
കിളികളും
പച്ചിലകൾ വരച്ചിട്ട-
തണലുമുണ്ടവിടെ നമുക്കായ്.
അവിടെവെച്ചവിടെവെച്ച് അവിടെവെച്ച്
നിയ്യെനിക്കൊരു പൂതരിക ..
നിൻറെ ചുണ്ടിൽനിന്നൊരു ചിരി തരിക..
നിന്റെ കണ്ണിൽനിന്നൊരു കവിതതരിക ...
നിന്റെ ആഴത്തിൽനിന്നിത്തിരി പ്രണയംതരിക...

https://upload.wikimedia.org/wikipedia/commons/thumb/0/09/Shakthan_Thampuran_Palace1.jpg/220px-Shakthan_Thampuran_Palace1.jpg ചരിത്രമെന്തോ ആയികൊള്ളട്ടെ
ആ കൊട്ടാരം നമ്മുടെ പ്രണയഗോപുരം.
നിന്റെ സ്വരമെത്താതിടത്ത്‌,നിന്റെ സ്പർശം എത്താതിടത്ത്‌,നിയ്യില്ലാത്തിടത്ത്‌,ദേ ഇവിടെവെച്ച്‌ ഞാൻ ഒറ്റപ്പെട്ടുപോകുന്നു..
പ്രണയം കൊടുംകാറ്റായപ്പോൾ
ലഹരികൾ കൂറ്റൻതിരമാലകളായ്‌ ആഞ്ഞടിച്ചു.
ഞാൻ ചിന്നിച്ചിതറി തകരുകയാണ്‌,
ആരുകൊത്തിവെച്ചു ആ പാറക്കല്ലിൽ നിന്റെ മൗനം.