Thursday, June 18, 2015

നിന്‍റെ വഴിയിലൂടെ


                           
                            
                             ചൂടുചായക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ഉമ്മറതിണ്ണയില്‍.അമ്മയുടെ ശാപവാക്കുകള്‍ വീണ് ചായ തിളക്കുന്നതേയുളളു.കാത്തിരിപ്പ് അവസാനിപ്പിച്ച് എനിക്കുമുന്നെ യാത്ര തുടങ്ങിയ വഴികളിലൂടെ ഞാന്‍ നടക്കാനിറങ്ങി.വഴികളിലെ കൈകുമ്പിളുകളില്‍ ഇന്നലെ പെയ്തുതോര്‍ന്ന മഴയുടെ എച്ചിലുകള്‍ തങ്ങിനില്‍ക്കുന്നു.ആ എച്ചിലുകളില്‍ കാര്‍മേഘകണ്ണാല്‍ ആകാശം മുഖം നോക്കുന്നു.വഴിയോരങ്ങളിലൂടെ പരിചിതമായ മുഖങ്ങളുടെ നിഴലുകള്‍ അപരിചിതരെപ്പോലെ കടന്നുപോകുന്നു.വാഹനങ്ങളുടെ കാല്‍പ്പാടുകള്‍ മണ്ണില്‍ ചിത്രപ്പണികള്‍ നടത്തി ലക്ഷ്യത്തിലെത്താന്‍ പായുന്നു.

           എനിക്ക് എവിടെയാണ് എത്തിചേരേണ്ടത്?എനിക്കുമുന്നില്‍ തളര്‍ന്നുകിടക്കുന്ന വഴികളില്‍ ഏതിലൂടെയാണ് എനിക്ക് പോകേണ്ടത്?വേഗംകുറഞ്ഞ എന്‍റെ ചിന്തകള്‍ക്ക്  ഗതിവേഗം പകരാന്‍, ചുണ്ടില്‍ ഇരിക്കുന്ന സിഗരറ്റില്‍നിന്ന്‍ ഒന്നോ രണ്ടോ പുകച്ചുരുളുകൾക്കുകൂടി  മോക്ഷം നൽകി.  ശ്വാസം   ഉള്ളിലേക്കെടുത്ത് ചേർത്തുവെച്ച  ചുണ്ടുകളിൽ ചെറിയൊരു വിടവുണ്ടാക്കി ചിറകുമുളച്ചുതുടങ്ങിയ  ആ പുകചുരുളുകളെ അനന്തതയുടെ വിഹായസ്സിലേക്ക് തുറന്നുവിട്ടു.ശേഷിക്കുന്ന പുകയിലച്ചുരുളിനെ നിലത്തേക്കുവലിച്ചെറിഞ്ഞു .ഞാന്‍ ആസ്വദിച്ചുവലിച്ചിരുന്ന പുകയിലചുരുളിനെ ആരോ ഉപേക്ഷിച്ചിട്ടുപോയ കഫത്തിന്റെ  അരികിൽ കിടക്കുന്നത്  കണ്ടപ്പോൾ സിഗരറ്റിനൊട്  അറപ്പും  കഫത്തിന്റെ ഉടമസ്ഥനോട് വെറുപ്പുംതോന്നി  .                                      

             അവന്‍റെ കൈകൾ  കഫത്തിനരികിൽ കിടക്കുന്ന  സിഗരറ്റുകുറ്റിക്കു നേരെ നീങ്ങുന്നതുകണ്ടപ്പോളാണ്  ഇത്രയും നേരം ഞാൻ നിന്നിരുന്നത്  ഒരു ഭ്രാന്തൻറെഅരികിലാണെന്ന  ബോധോദയം എനിക്ക് ഉണ്ടായത്.അവൻ  ശേഷിച്ച ആ  സിഗരറ്റിന്‍റെ   കുറ്റികഷ്ണത്തെ  ചുണ്ടിൽവെച്ചപ്പോൾ  ,എന്‍റെ തലച്ചോറിലും ഈ ശൂന്യതയിലും  ലയിച്ച പുകച്ചുരുളിന്റെ ശേഷിച്ച  ആത്മാവാണല്ലോ  വലിച്ചെടുക്കുന്നത് എന്ന് തോന്നിയപ്പോൾ ഒരു ഓക്കാനം  തൊണ്ടവരെവന്ന് വഴിതെറ്റിയവനെപ്പോലെ  തിരിച്ചുപോയി.എനിക്കും ആ ഭ്രാന്തനുമിടയില്‍ ഏതോ ബന്ധനത്തിന്‍റെ കേട്ടുമുറുക്കിയാണ്  വ്യത്യസ്ത ചുണ്ടുകളില്‍നിന്ന് അല്‍പ്പം മുന്‍മ്പ് ഒരേ സിഗരറ്റുകൊണ്ട് ഉല്‍പ്പാദിപ്പിക്കപ്പെട്ട പുകച്ചുരുളുകള്‍ ശൂന്യതയുടെ ഒളിതാവളങ്ങളിലേക്ക് ഓടിക്കയറിയത്.അല്ലെങ്കില്‍ എന്തിനാണ് ഞാനിപ്പോള്‍ ഈ ഭ്രാന്തന്റെ ഭ്രാന്തില്ലാത്ത നിഴലിനെഭയന്ന് ഒരടിവിട്ട് പിന്‍തുടരുന്നത്‌.                   എനിക്കാണോ അവനാണോ ഭ്രാന്ത്!എനിക്കല്ലെങ്കില്‍ പിന്നെന്തിന് ഒരു ഭ്രാന്തന്റെ സഞ്ചാര മാര്‍ഗത്തിലൂടെ ഞാനവനെ പിന്‍തുടരണം?അവന്‍റെ കാലിലേക്ക് ശൂക്ഷിച്ചുനോക്കി,ചങ്ങലകണ്ണികളൊന്നും കാണാനില്ല.സ്വതന്ത്രമാണ്  അവന്‍റെ കാലുകള്‍.എന്‍റെ ഭയം കൂടുകയാണ് ഇപ്പോള്‍ ഭയപ്പെടുത്തുന്നത്‌ ഭ്രാന്തന്‍റെ നിഴലല്ല അവന്‍റെ കാലിലെ ചങ്ങലകണ്ണികളുടെ അസാനിധ്യമാണ്.അവനാണോ എനിക്കാണോ ഭ്രാന്തെന്ന് ഉറപ്പിക്കാന്‍ ആ ചങ്ങലകണ്ണികള്‍  എന്നെസഹായിച്ചേനെ.

                 ആള്‍കൂട്ടത്തില്‍ തന്‍റെ നഗ്നത തുറന്നുകാട്ടുന്നത് ആ ഭ്രാന്തനാണ്,പഴകിജീര്‍ണ്ണിച്ച തൊലികളിലെ മുറിവുകളില്‍നിന്ന് ദുര്ഗന്ധം വമിക്കുന്നത് അവനില്‍നിന്നാണ്,തെരുവുപട്ടികളെ ഉമ്മവെക്കുന്നത് അവനാണ്,മറ്റൊരാളുടെ കഫംപുരണ്ട സിഗരറ്റുവലിക്കുന്നത് അവനാണ്.അപ്പോള്‍ ഭ്രാന്ത് അവനാകാനെവഴിയുള്ളൂ.എനിക്കല്ല!                

                  എന്റെ പേടി കൂടുന്നു.ഈ വിജനമായ വഴികളില്‍ എനിക്കുമുന്നില്‍ ഭ്രാന്തന്‍,ഭ്രാന്തനുമുന്നില്‍ അവന്‍ ഊതിവിട്ട പുകച്ചുരുളുകള്‍,പുകച്ചുരുളുകള്‍ക്കുമുന്നില്‍ കാലം.ഞങ്ങള്‍ അങ്ങനെ വരിവരിയായ് യാത്രതുടര്‍ന്നു.ആ യാത്രയില്‍ എന്‍റെ കാല്‍പ്പാടുകള്‍ക്കുമാത്രം ഭയത്തിന്‍റെ അടിതെറ്റിയ താളം.ഭ്രാന്തനും പുകച്ചുരുളും കാലവും നിശബ്ദതയുടെ ഭീകരതാളംചവിട്ടി എനിക്കുമുന്നില്‍.

പെട്ടന്ന്!

കാലംനിന്നു.

കാലത്തിനുപുറകില്‍പുകച്ചുരുളുകള്‍നിശ്ചലമായി.

പുകച്ചുരുളുകള്‍ക്കുപിറകില്‍ ഭ്രാന്തന്‍ നിന്നു.

ഭ്രാന്തനുപിറകില്‍ ഭയത്തിന്‍റെ ഹൃദയരാഗവുമായ് ഞാന്‍ നിന്നു.

ഞങ്ങള്‍ക്കെല്ലാം മുന്നിലൂടെ കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമാക്കി,അല്ലെങ്കില്‍ ചിതറിതെറിക്കാന്‍തയ്യാറായ് ട്രാക്കിന്‍റെ ദൂരെയേതോവളവില്‍ കാത്തുനില്‍ക്കുന്ന ശരീരത്തെകണ്ടുള്ള  അട്ടഹാസത്തോടെ ഒരു ട്രെയിന്‍ പാഞ്ഞുപ്പോയി.ട്രാക്കുകള്‍ മുറിച്ചുകടന്ന് ഞങ്ങള്‍ യാത്രതുടര്‍ന്നു.കാലത്തിന്‍റെ വഴിയിലൂടെ പുകച്ചുരുളുകള്‍,പുകച്ചുരുളിന്റെ വഴിയിലൂടെ ഭ്രാന്തന്‍,ഭ്രാന്തന്റെ വഴിയിലൂടെ ഞാന്‍.ഞങ്ങള്‍ കാലാന്തരങ്ങളിലൂടെയാത്രതുടര്‍ന്നു.പുഴകള്‍,കുന്നുകള്‍,രാപ്പകലുകള്‍,ചിന്തകള്‍,സ്വപ്‌നങ്ങള്‍,ബന്ധങ്ങള്‍,ബന്ധനങ്ങള്‍ എല്ലാവഴികളും പിന്നിട്ട് ഞങ്ങള്‍ യാത്ര ചെയ്തു.

സഞ്ചരിച്ച് സഞ്ചരിച്ച് ഇന്നുവീണ്ടും അതേ ട്രാക്കിനുപിറകില്‍  കാലം നിന്നു!കാലത്തിനുപുറകില്‍ പുകച്ചുരുളുകള്‍ നിന്നു!

പുകച്ചുരുളുകള്‍ക്കുപിറകില്‍ ഞാന്‍ നിന്നു!

ഞങ്ങള്‍ക്കുമുന്നിലൂടെ ട്രെയിന്‍ പഴയ അട്ടഹാസത്തോടെ കടന്നുപ്പോയി.എവിടെ ഭ്രാന്തന്‍?ഈ ട്രാക്കിന്‍റെ ഏതോവളവില്‍വെച്ച്  അവന്‍മാത്രം യാത്ര അവസാനിപ്പിച്ചിരിക്കുന്നു.ഭൂമിയുടെ കൈകുമ്പിളിലേക്ക് തെറിച്ച അവന്‍റെ എച്ചിലിലേക്ക്,അവന്‍റെ ചോരതുള്ളികളിലേക്ക് എത്തിനോക്കുമ്പോള്‍ എനിക്ക് വീണ്ടും പേടിയാകുന്നു.ആ രക്തതുള്ളികളിലെ എന്റെ മുഖത്തിന് അവന്‍റെ ഛായ.ആ ഭ്രാന്തന്റെ അതേ മുഖഛായ.

ഭാഗ്യം ഞാന്‍ നഗ്നനല്ല,എന്നില്‍ ഉണങ്ങാത്ത മുറിവുകളില്ല, എന്റെ കാലുകളില്‍ ചങ്ങലകണ്ണികളോ ബന്ധനങ്ങളോ ഇല്ല.........ഞാനല്ല ഭ്രാന്തന്‍!.