മുറ്റം നിറയെ ഒരാൾ പൊക്കത്തിൽ
വളർന്നുനിൽക്കുന്ന പുൽച്ചെടികൾ, റൂമിലെ ജനാലകളിലും റൂഫിലും
കെട്ടികിടക്കുന്ന മാറാലകൂട്ടങ്ങൾ, ചെറിയ ചെറിയ ജീവികൾ,മുൻപ് ഈ വീട്ടിൽ
താമസിച്ചവരുടെ ഉൾപ്പെടെ പൂമുഖത്തുനിന്നു പ്രവേശിക്കുന്ന ഹാളിൽ നിറയെ
പഴയതും പുതിയതുമായ ചെരിപ്പുകൾ, അടുക്കളയിൽ നൂറോളം മദ്യക്കുപ്പികൾ, മിനറൽ
ബോട്ടിലുകൾ. അവയ്ക്കിടയിൽ വിശപ്പിനുമീതെ നല്ല കട്ടിപുതപ്പ് പുതച്ച് ഉച്ചവരെ
കിടന്നുറങ്ങി.
പിന്നീട് എണീറ്റ് പൂമുഖത്ത് പൊള്ളുന്ന ഉച്ചവെയിലിലേക്ക് നോക്കിയിരുന്നു. ആരുമില്ലെങ്കിൽ
ഉച്ചവെയിലും നല്ല കൂട്ടാണ്. അൽപനേരം അവനുമായി സംസാരിച്ചിരുന്നു. അപ്പോഴാണ്
അങ്ങുദൂരെ ഒരു ചെടിയിൽ ഒരു പുഷ്പം വിരിഞ്ഞുനിൽക്കുന്നത് കണ്ടത്. ഈ
പകലിന്റെ, വെയിലിന്റെ കൂർത്തതും പൊള്ളുന്നതുമായ രശ്മികൾ ആ പൂവിന്റെ
മൃദുലതയിൽ എന്തോ എഴുതിവെക്കുന്നതായ് തോന്നി. ചിലപ്പോൾ പ്രണയമാകാം.എല്ലാ
പൂക്കളും പകലിന്റെ മണവാട്ടിമാരായിരിക്കും .
അല്ലെങ്കിൽ കാമമാകാം.എല്ലാ പൂക്കളും പകലിലെ ഇരകളും.
ഇതൊന്നുമല്ലെങ്കിൽ മരണവുമാവാം.എല്ലാ പൂക്കളും നാളയുടെ ശവംനാറി പൂക്കളായിരിക്കാം.
ആ ചിന്തയിൽ നിന്നും പതിയെ എണീറ്റ് വീണ്ടും റൂമിലോട്ട് നടന്നു. കൂടെ
അകത്തുകേറാൻ ശ്രമിച്ച പകലിനെ പുറത്താക്കി വാതിലടച്ചു. റൂമിൽ ഇരുട്ട്
പടർന്നു. ഏകാന്തതയിലേക്കുള്ള ഒരു ഗുഹാമുഖം ആ ഇരുട്ടിൽ
തെളിഞ്ഞുവന്നു.പതിയെ ഞാൻ ആ ഗുഹയിലേക് പ്രവേശിച്ചു. ഹാ നോക്കു എത്ര സുന്ദരം!
ആയിരം മയിൽപ്പീലികൾ എന്നിലേക് പെയ്തിറങ്ങി. അദ്യശ്യമായ ഏതോ കോണിൽനിന്ന്
പ്രേമഭാജനത്തിന്റെ ശബ്ദങ്ങൾ കാലാന്തരങ്ങൾക്കപ്പുറത്തുനിന്ന് ഒഴുകിവന്നു. ആ
കൂരിരുട്ടിൽ അമ്മയുടെ കാത്തിരിപ്പിന്റെ റാന്തൽ വിളക്ക്കണ്ടു.
അച്ഛന്റെ കാലടിശബ്ദം സഗൗരവം എങ്ങോട്ടോ ധൃതിപിടിച്ച് ഇറങ്ങിപോകുന്നത് കണ്ടു.
പെങ്ങന്മാരുടെ ചിലമ്പൽ ഏതോ പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച്,
പ്രതിധ്വനിച്ച് എന്റെ കാതിലെത്തി. പറങ്കിമാങ്ങകൾ പൂത്തുനിൽക്കുന്ന
കുന്നിന്റെ ഉച്ചിയിൽനിന്ന് ലഹരിനുകരാൻ കൂട്ടുകാരൻ ഉറക്കെ വിളിക്കുന്നതായ്
തോന്നി. അമ്പലപ്പടവിനു താഴെയുള്ള പ്രിയപ്പെട്ട വലിയ ഗുൽമോഹർ ചെടിയും
അതിനു താഴയിലൂടെ ഒഴുകുന്ന ശോകനാശിനി പുഴയേയും കൊഴിഞ്ഞ ഗുൽമോഹറുകളോടൊപ്പം
കിടക്കുന്ന എന്നെയും കണ്ടു. അങ്ങനെ അവിടെ ഞാൻ ജീവിക്കുന്നത് ഞാൻതന്നെ
ആസ്വദിച്ചുനിന്നു. സുഹൃത്തേ മനസ്സിൽ നിറക്കൂട്ടുകളുണ്ടെങ്കിൽ ഏകാന്തതയെ
നമുക്ക് അത്രക്ക് മനോഹരമാക്കാം.(sunday diary)