മാധവൻ ഗർഭം ധരിച്ചവൾ എന്ന തൻ്റെ നോവലിന്റെ അവാർഡ്ദാന ചടങ്ങിന്റെ വേദിയിൽ ഇരിക്കുമ്പോഴാണ് അമ്മാളുവിന്റെ ഫോൺ കാൾ വന്നത്. അതേസമയം സ്റ്റേജിലെ ഒരു മുഖ്യാഥിതി മാധവന്റെ നോവലിനെ കുറിച്ചും മാധവൻ ആ നോവലിലൂടെ മുന്നോട്ട് വെക്കുന്ന വ്യക്തി സ്വാത്വന്ത്രം, സ്ത്രീപുരുഷ സമത്വം എന്ന ആശയത്തെക്കുറിച്ചും വാതോരാതെ ആവേശഭരിതനായി സംസാരിച്ചുകൊണ്ടിരിക്കുകയായതിനാൽ അമ്മാളുവിന്റെ ഫോൺ മാധവന് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല. വീണ്ടും ഒരിക്കൽക്കൂടി അമ്മാളുവിളിച്ചപ്പോൾ മാധവൻ തെല്ലൊന്നു അസ്വസ്ഥനായ്. എന്താണാവോ ക്ലാസ് ടൈമിൽ പതിവില്ലാതെ അമ്മാളുവിളിക്കാൻ എന്നകാരണമെന്നാലോചിച്ച് തന്റെ ഇരിപ്പിടത്തിൽ അസ്വസ്ഥതയുടെ ചെറിയൊരു തരംഗം തീർത്ത് വീണ്ടും കസേരയിൽ ചാരി ഇരുന്നു.
അല്പസമയത്തിനുശേഷം അധ്യക്ഷൻ മാധവനെ അവാർഡ് ഏറ്റുവാങ്ങാൻ ഷെണിച്ചു .തുടർന്ന് മാധവൻ സദസിനോട് സംസാരിച്ചു തുടങ്ങി.
പ്രിയപ്പെട്ടവരെ...എന്റെ ഈ നോവലിനെ, എളിയ ശ്രമത്തെ സ്വീകരിച്ച് ഹ്യദയത്തോട് ചേർത്തുനിർത്തി ഈ അവാർഡിന് അർഹനാക്കിയ നിങ്ങൾക്കെല്ലാവർക്കും എന്റെ നന്ദി. ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്ന ആളുകളിൽ ഭൂരിഭാഗവും എന്നെപ്പോലെ വർദ്ധക്യത്തിന്റെ വാതിൽക്കൽ എത്തിനിൽക്കുന്നവരാണ് .
അല്ലാത്തവരായി അധ്യക്ഷനുൾപ്പെടെ വളരെ കുറച്ചുപേർ മാത്രം. എനിക്ക് ആ കുറച്ച്പേരോടാണ് സംസാരിക്കാനുള്ളത്. നമ്മൾ ജീവിച്ച് തീർന്നിരിക്കുന്നു . ഇനി ഇവരാണ്, ഈ ചെറുപ്പക്കാരാണ് സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്. സമത്വത്തിന്റെ വ്യക്തി സ്വാതന്ത്രത്തിന്റെ തീപന്തങ്ങളെ ജ്വലിപ്പിച്ച് ഈ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത്.
പ്രിയപ്പെട്ടവരെ, ഗർഭം ധരിച്ചവൾ എന്ന എന്റെ ഈ നോവലിലൂടെ, മീരയിലൂടെ, മീരയുടെ അച്ഛൻ ശിവനിലൂടെ ഞാൻ മുന്നോട്ട് വെക്കാൻ ശ്രമിക്കുന്നതും ഇത്തരം ആശയങ്ങളെയാണ്.
എന്റെ മോൾ അമ്മാളുവിന് തുടര്പഠനത്തിനുവേണ്ടി വീട്ടിൽനിന്നും മാറിനിൽക്കേണ്ടി വന്നപ്പോൾ അവളുടെ അമ്മ ഒട്ടും സമ്മധിക്കുകയുണ്ടായില്ല.ഒന്ന് ഓർത്തുനോക്കൂ ജന്മം നൽകി എന്ന ഒറ്റക്കാരണം കൊണ്ട് അവളുടെ ആഗ്രഹങ്ങൾക്ക് ,സ്വപ്നങ്ങൾക്ക് എതിരുനിൽക്കാൻ നമുക്ക് എന്താണ് അധികാരം? ജീവനുള്ള ഒന്നിന്റെയും അധികാരിയായ് മറ്റൊരു ജീവനെ ആരും നിയമിച്ചിട്ടില്ല. അച്ഛനമ്മമാർ ആണെങ്കിൽ പോലും. ഇനി ഈ ഭൂമിയിൽ മനുഷ്യനോ മ്യഗമോ ആയി അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഒരു ജൻമം ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ് ? അതുകൊണ്ടു ഞാൻ അമ്മാളുവിനെ അവളുടെ ഇഷ്ടത്തിന് തുടര്പഠനത്തിനായ് അയച്ചു.
ചിലപ്പോൾ നമ്മൾ സ്നേഹംകൊണ്ടായിരിക്കാം നാം നമ്മുടെ മക്കളെ ശാസിക്കുന്നത് .പക്ഷെ നമുക്ക് ഒരിയ്ക്കലും അവരുടെ ജീവിതത്തെ നിയന്ത്രിക്കാനുള്ള അവകാശമില്ല. ഒരോ ജീവിതങ്ങളും ഓരോ വ്യക്തിത്വങ്ങളാണ്. ആ വ്യക്തിത്വങ്ങളെ ബഹുമാനിച്ച് മുന്നോട്ട് പോകാൻ നമുക്ക് ആവണം.
ഒരു കാര്യംകൂടി ഞാൻ എന്റെ പുതുതലമുറയോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.ഒരിക്കൽ എന്റെ അമ്മാളു
വളരെ വിഷമത്തോടെ എന്നോട് ചോദിച്ചു എന്താ അച്ഛാ ആൺകുട്ടികളെ പോലെ ഞങ്ങൾക്ക് രാത്രി പുറത്തിറങ്ങി നടക്കാൻ പറ്റാത്തത്. എത്ര കൊതിയുണ്ടെന്നോ ആൺകൂട്ടികളെ പോലെ രാത്രി ഒരു കട്ടൻചായ കുടിക്കാൻ പോകാനും ബൈക്ക് ഓടിക്കാനും മഴനനയാനും. എന്നെങ്കിലും ഞങ്ങൾക്ക് അത് പറ്റുമോ അച്ഛാ…?
എന്താണ് ഞാൻ അവൾക്ക് കൊടുക്കേണ്ട മറുപടി.നിങ്ങൾ ഈ പുതുതലമുറവേണം അതിനുള്ള ഉത്തരം എനിക്ക് പറഞ്ഞുതരാൻ. ഇത് അമ്മുവിൻറെ മാത്രം സങ്കടമോ ചോദ്യമോ അല്ല, നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ സ്ത്രീകളും അവരോട് തന്നെ ഈ ചോദ്യങ്ങൾ ഒരായിരംവട്ടം ഓരോ ദിവസവും ചോദിക്കുന്നുണ്ടാകാം. നോക്കൂ, നാം അവർക്ക് വഴിവെട്ടികൊടുക്കേണ്ടതില്ല അതിനവർ പ്രാപ്ത്തരാണ്, പക്ഷെ നാം അവരുടെ വഴിയിലെ ഭീതിയുടെ മുളംകാടുകൾ ആവാതിരുന്നാൽമതി.
സ്ത്രീയും പുരുഷനും , ചെമ്പരത്തിയും താമരയും പോലെ കടലും കരയും പോലെ പ്രകൃതിയുടെ രണ്ടു വിസ്മയങ്ങൾ മാത്രമാണ്. പരസ്പരം ബഹുമാനിക്കേണ്ടവർ, സ്നേഹിക്കേണ്ടവർ മാത്രം. എന്തിനാവിടെ അധികാരത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ ഒരു ഇടം. നമ്മുക്ക് ആ ഇടത്തെ ഇല്ലാതാക്കാൻ കഴിയണം.
നിങ്ങൾ നോക്കു....നമ്മൾ മേന്മ കൊള്ളുന്ന നമ്മുടെ ഭാഷയിൽപ്പോലുമുണ്ട് ഈ സ്ത്രീ പുരുഷ വിവേചനം.
നീ കന്യകയാണോ എന്ന് ഒരു പെൺകുട്ടിയോട് നാം ചോദിക്കുമ്പോൾ ആ പെൺകുട്ടി തിരിച്ച് നമ്മോട് എന്ത് ചോദിക്കും. നീ വേശ്യയല്ലെ എന്ന് ചോദിച്ചാൽ സ്ത്രീക്ക് തിരിച്ച് ചോദിയ്ക്കാൻ എന്താണ് നമ്മുടെ ഭാഷയിൽ ഉള്ളത്. വേശ്യകൾ ഉണ്ടാകുന്നുണ്ടെങ്കിൽ നമ്മൾ അവരെത്തേടി ചെന്നതുകൊണ്ടല്ലേ. പക്ഷെ ഭാഷയുടെ പരിമിധി അല്ലെങ്കിൽ വിവേചനം നമ്മെ, പുഷന്മാരെ രക്ഷിക്കുന്നു . ഇനി ഈ വാക്കുകൾക്കെല്ലാം മറുപുറമുണ്ടെന്നുതന്നെ ഇരിക്കട്ടെ.നമ്മൾ ആ വാക്കുകളുമായി എത്ര അപരിചിതരാണ്. ഒന്ന് ആലോചിച്ച് നോക്കു.
പുതിയ തലമുറയോട് ഒരു അപേക്ഷ കൂടി.ഒന്നുങ്കിൽ നിങ്ങൾക്ക് മേല്പറഞ്ഞ വാക്കുകൾക്ക് മെയിൽ വേർഷൻ കണ്ടെത്താൻ സാധിക്കണം.അല്ലെങ്കിൽ സമൂഹത്തിൽനിന്ന് ഈ വാക്കുകളെ മായ്ച്ചുകളയാൻ ആകണം.ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു...നന്ദി ...നമസ്കാരം.
ഹർഷാരവങ്ങളോടെ മാധവൻ സദസ്സിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചു.യാത്രക്കിടയിൽ അമ്മാളുവിളിച്ചത് ഓർമ്മവരികയും തിരിച്ചുവിളിക്കുകയും ചെയ്തു. ഒന്നുമില്ല അച്ഛാ നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് മാത്രം പറഞ്ഞു അവൾ ഫോൺ കട്ടുചെയ്തു.
മാധവൻ പൂമുഖത്തെ ചാരുകസേരയിൽ ചാരികിടന്നു.മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു.എന്തുപറ്റി ആവോ അമ്മാളുവിന്.ശബ്ദം കേട്ടിട്ട് എന്തോ അസുഖമുള്ളതുപ്പോലെ. വല്ലാതെ അസ്വസ്ഥമായപ്പോൾ മാധവൻ ഗർഭം ധരിച്ചവൾ എന്ന തന്റെതന്നെ നോവൽ വായിക്കാൻ എടുത്തു . ആ നോവലിലെ മീര എന്ന പെൺകുട്ടി തന്റെ അമ്മാളുതന്നെ അല്ലെ എന്നുതോന്നി മാധവന്.വഞ്ചിക്കപ്പെട്ട ഗർഭം ധരിച്ച മീര തന്റെ അച്ഛനോട് ചോദിക്കുന്ന അവസാന രംഗം മാധവൻ വായിച്ചു.
അച്ഛാ ശരിയാണ് ഞാൻ വഞ്ചിക്കപ്പെട്ടു, അവനാൽ ഗർഭംധരിച്ചു. കുറച്ചുനാൾ കഴിഞ്ഞാൽ എനിക്ക് പിഴച്ചുപെറ്റവൾ എന്ന പേരുംകൂടി കിട്ടും . ഞാൻ ഒന്ന് ചോദിച്ചോട്ടെ അച്ഛാ, അവനെ പുരുഷൻ എന്നല്ലാതെ വിളിക്കാൻ പറ്റുന്ന ഒരു പേരെങ്കിലും പറഞ്ഞു തരൂ. ഇത് തെറ്റാണെങ്കിൽ അവനുമില്ലേ പാതിപങ്കു .പറയൂ അച്ഛാ ഞാൻ ഈ കുഞ്ഞിനെ ഇനി എന്ത് ചെയ്യണം ?അല്പസമയത്തെ നിശ്ശബ്ദതക്കു ശേഷം മീരയോട് ഒന്നും പറയാതെ ..ആരെയൊക്കെയോ ചീത്ത വിളിച്ച് എന്തൊക്കയോ പിറുപിറുത്ത് ശിവൻ എങ്ങോട്ടെന്നില്ലാതെ നടന്നുപോയ്.മീര അച്ഛൻ നടന്നകലുന്നത് നോക്കിനിന്നു.അപ്പോൾ അവൾക്കുമുകളിൽ മേഘങ്ങൾ മാഞ്ഞുപോകുകയും പുതിയൊരു ആകാശം അവിടെ തെളിഞ്ഞുവരുകയും ചെയ്തു.
പെട്ടെന്ന് മാധവനിൽ എന്തോ ഒരു ഭയം ഉടലെടുത്തു.അമ്മാളുവിനെ ഒരിക്കൽക്കൂടി ഫോണിൽ വിളിച്ചു. എന്തുപറ്റി അമ്മാളുവിന് എന്നു നിർബന്ധിപിച്ച് ചോദിച്ചപ്പോൾ അമ്മാളു പൊട്ടിക്കരഞ്ഞുപ്പോയ്.ഫോൺ വെച്ചതിനുശേഷം അൽപ്പനേരം ചാരുകസേരയിൽ ആലോചിച്ചിരുന്നതിനുശേഷം ഒരു തീരുമാനം എടുത്തപ്പോലെ പെട്ടന്ന് ചാരുകസേരയിൽനിന്ന് മാധവൻ ചാടി എണീറ്റു.അപ്പോൾ തന്റെ ഗർഭം ധരിച്ചവൾ എന്ന നോവൽ മടിയിൽനിന്നും താഴെ വീഴുകയും മീരയും ശിവനും മാധവനെനോക്കി കളിയാക്കി ചിരിക്കുകയും ചെയ്തു.അപ്പോഴും പുറത്ത് മേഘങ്ങൾ എല്ലാം മാഞ്ഞുപോകുകയും തികച്ചും നഗ്നമായ ഒരു ആകാശം തെളിഞ്ഞുവരുകയും ചെയ്തു.