Sunday, November 12, 2017

ഗർഭം ധരിച്ചവൾ

മാധവൻ ഗർഭം ധരിച്ചവൾ എന്ന തൻ്റെ  നോവലിന്റെ അവാർഡ്ദാന ചടങ്ങിന്റെ വേദിയിൽ ഇരിക്കുമ്പോഴാണ്  അമ്മാളുവിന്റെ ഫോൺ  കാൾ വന്നത്. അതേസമയം സ്റ്റേജിലെ ഒരു മുഖ്യാഥിതി മാധവന്റെ നോവലിനെ കുറിച്ചും മാധവൻ ആ നോവലിലൂടെ മുന്നോട്ട് വെക്കുന്ന വ്യക്തി  സ്വാത്വന്ത്രം, സ്ത്രീപുരുഷ സമത്വം എന്ന ആശയത്തെക്കുറിച്ചും വാതോരാതെ ആവേശഭരിതനായി സംസാരിച്ചുകൊണ്ടിരിക്കുകയായതിനാൽ അമ്മാളുവിന്റെ ഫോൺ മാധവന് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല. വീണ്ടും ഒരിക്കൽക്കൂടി അമ്മാളുവിളിച്ചപ്പോൾ  മാധവൻ തെല്ലൊന്നു അസ്വസ്ഥനായ്. എന്താണാവോ ക്ലാസ് ടൈമിൽ പതിവില്ലാതെ അമ്മാളുവിളിക്കാൻ എന്നകാരണമെന്നാലോചിച്ച് തന്റെ ഇരിപ്പിടത്തിൽ അസ്വസ്ഥതയുടെ ചെറിയൊരു തരംഗം തീർത്ത് വീണ്ടും കസേരയിൽ ചാരി ഇരുന്നു.

            അല്പസമയത്തിനുശേഷം അധ്യക്ഷൻ മാധവനെ അവാർഡ് ഏറ്റുവാങ്ങാൻ ഷെണിച്ചു .തുടർന്ന് മാധവൻ  സദസിനോട് സംസാരിച്ചു തുടങ്ങി.

            പ്രിയപ്പെട്ടവരെ...എന്റെ ഈ നോവലിനെ, എളിയ ശ്രമത്തെ സ്വീകരിച്ച് ഹ്യദയത്തോട് ചേർത്തുനിർത്തി ഈ അവാർഡിന് അർഹനാക്കിയ നിങ്ങൾക്കെല്ലാവർക്കും എന്റെ നന്ദി. ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്ന ആളുകളിൽ ഭൂരിഭാഗവും എന്നെപ്പോലെ വർദ്ധക്യത്തിന്റെ വാതിൽക്കൽ എത്തിനിൽക്കുന്നവരാണ് .
അല്ലാത്തവരായി  അധ്യക്ഷനുൾപ്പെടെ വളരെ കുറച്ചുപേർ മാത്രം. എനിക്ക് ആ കുറച്ച്പേരോടാണ് സംസാരിക്കാനുള്ളത്. നമ്മൾ ജീവിച്ച് തീർന്നിരിക്കുന്നു . ഇനി ഇവരാണ്, ഈ ചെറുപ്പക്കാരാണ് സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്. സമത്വത്തിന്റെ വ്യക്തി സ്വാതന്ത്രത്തിന്റെ തീപന്തങ്ങളെ ജ്വലിപ്പിച്ച് ഈ  സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത്.
പ്രിയപ്പെട്ടവരെ, ഗർഭം ധരിച്ചവൾ എന്ന എന്റെ ഈ നോവലിലൂടെ, മീരയിലൂടെ, മീരയുടെ അച്ഛൻ  ശിവനിലൂടെ ഞാൻ മുന്നോട്ട് വെക്കാൻ ശ്രമിക്കുന്നതും ഇത്തരം ആശയങ്ങളെയാണ്.
    
             എന്റെ മോൾ അമ്മാളുവിന് തുടര്പഠനത്തിനുവേണ്ടി വീട്ടിൽനിന്നും മാറിനിൽക്കേണ്ടി വന്നപ്പോൾ അവളുടെ അമ്മ ഒട്ടും സമ്മധിക്കുകയുണ്ടായില്ല.ഒന്ന് ഓർത്തുനോക്കൂ ജന്മം നൽകി എന്ന ഒറ്റക്കാരണം കൊണ്ട് അവളുടെ ആഗ്രഹങ്ങൾക്ക്  ,സ്വപ്നങ്ങൾക്ക്  എതിരുനിൽക്കാൻ നമുക്ക് എന്താണ് അധികാരം? ജീവനുള്ള ഒന്നിന്റെയും അധികാരിയായ് മറ്റൊരു ജീവനെ ആരും നിയമിച്ചിട്ടില്ല. അച്ഛനമ്മമാർ ആണെങ്കിൽ പോലും. ഇനി ഈ ഭൂമിയിൽ മനുഷ്യനോ മ്യഗമോ  ആയി അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഒരു ജൻമം ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ് ? അതുകൊണ്ടു ഞാൻ അമ്മാളുവിനെ അവളുടെ ഇഷ്ടത്തിന് തുടര്പഠനത്തിനായ് അയച്ചു.
ചിലപ്പോൾ നമ്മൾ സ്നേഹംകൊണ്ടായിരിക്കാം  നാം നമ്മുടെ മക്കളെ ശാസിക്കുന്നത്  .പക്ഷെ നമുക്ക് ഒരിയ്ക്കലും അവരുടെ ജീവിതത്തെ നിയന്ത്രിക്കാനുള്ള അവകാശമില്ല. ഒരോ ജീവിതങ്ങളും ഓരോ വ്യക്തിത്വങ്ങളാണ്. ആ വ്യക്തിത്വങ്ങളെ ബഹുമാനിച്ച് മുന്നോട്ട് പോകാൻ നമുക്ക് ആവണം.

               ഒരു കാര്യംകൂടി ഞാൻ എന്റെ പുതുതലമുറയോട് പങ്കുവെക്കാൻ   ആഗ്രഹിക്കുന്നു.ഒരിക്കൽ എന്റെ അമ്മാളു
വളരെ വിഷമത്തോടെ എന്നോട് ചോദിച്ചു എന്താ അച്ഛാ ആൺകുട്ടികളെ പോലെ ഞങ്ങൾക്ക്  രാത്രി പുറത്തിറങ്ങി  നടക്കാൻ പറ്റാത്തത്. എത്ര കൊതിയുണ്ടെന്നോ ആൺകൂട്ടികളെ പോലെ  രാത്രി ഒരു കട്ടൻചായ കുടിക്കാൻ പോകാനും ബൈക്ക് ഓടിക്കാനും മഴനനയാനും. എന്നെങ്കിലും ഞങ്ങൾക്ക് അത് പറ്റുമോ അച്ഛാ…?

               എന്താണ് ഞാൻ അവൾക്ക് കൊടുക്കേണ്ട മറുപടി.നിങ്ങൾ ഈ പുതുതലമുറവേണം അതിനുള്ള ഉത്തരം എനിക്ക് പറഞ്ഞുതരാൻ. ഇത് അമ്മുവിൻറെ മാത്രം സങ്കടമോ ചോദ്യമോ അല്ല, നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ സ്ത്രീകളും അവരോട് തന്നെ ഈ ചോദ്യങ്ങൾ ഒരായിരംവട്ടം ഓരോ ദിവസവും ചോദിക്കുന്നുണ്ടാകാം. നോക്കൂ, നാം അവർക്ക് വഴിവെട്ടികൊടുക്കേണ്ടതില്ല അതിനവർ പ്രാപ്ത്തരാണ്, പക്ഷെ  നാം അവരുടെ വഴിയിലെ ഭീതിയുടെ മുളംകാടുകൾ ആവാതിരുന്നാൽമതി.

               സ്ത്രീയും പുരുഷനും , ചെമ്പരത്തിയും താമരയും പോലെ കടലും കരയും പോലെ പ്രകൃതിയുടെ രണ്ടു വിസ്മയങ്ങൾ മാത്രമാണ്. പരസ്പരം ബഹുമാനിക്കേണ്ടവർ, സ്നേഹിക്കേണ്ടവർ മാത്രം. എന്തിനാവിടെ അധികാരത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ ഒരു ഇടം. നമ്മുക്ക് ആ ഇടത്തെ ഇല്ലാതാക്കാൻ കഴിയണം.
നിങ്ങൾ നോക്കു....നമ്മൾ മേന്മ കൊള്ളുന്ന നമ്മുടെ ഭാഷയിൽപ്പോലുമുണ്ട് ഈ സ്ത്രീ പുരുഷ വിവേചനം.
നീ കന്യകയാണോ എന്ന് ഒരു പെൺകുട്ടിയോട് നാം ചോദിക്കുമ്പോൾ ആ പെൺകുട്ടി തിരിച്ച് നമ്മോട് എന്ത് ചോദിക്കും. നീ വേശ്യയല്ലെ എന്ന് ചോദിച്ചാൽ സ്ത്രീക്ക് തിരിച്ച് ചോദിയ്ക്കാൻ എന്താണ് നമ്മുടെ ഭാഷയിൽ ഉള്ളത്. വേശ്യകൾ ഉണ്ടാകുന്നുണ്ടെങ്കിൽ നമ്മൾ അവരെത്തേടി ചെന്നതുകൊണ്ടല്ലേ. പക്ഷെ ഭാഷയുടെ പരിമിധി  അല്ലെങ്കിൽ വിവേചനം നമ്മെ, പുഷന്മാരെ രക്ഷിക്കുന്നു . ഇനി  ഈ വാക്കുകൾക്കെല്ലാം മറുപുറമുണ്ടെന്നുതന്നെ  ഇരിക്കട്ടെ.നമ്മൾ ആ വാക്കുകളുമായി എത്ര അപരിചിതരാണ്. ഒന്ന് ആലോചിച്ച് നോക്കു.

               പുതിയ തലമുറയോട് ഒരു അപേക്ഷ കൂടി.ഒന്നുങ്കിൽ നിങ്ങൾക്ക് മേല്പറഞ്ഞ വാക്കുകൾക്ക് മെയിൽ വേർഷൻ കണ്ടെത്താൻ സാധിക്കണം.അല്ലെങ്കിൽ സമൂഹത്തിൽനിന്ന് ഈ വാക്കുകളെ മായ്ച്ചുകളയാൻ ആകണം.ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു...നന്ദി ...നമസ്കാരം.

              ഹർഷാരവങ്ങളോടെ മാധവൻ സദസ്സിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചു.യാത്രക്കിടയിൽ അമ്മാളുവിളിച്ചത് ഓർമ്മവരികയും തിരിച്ചുവിളിക്കുകയും ചെയ്തു. ഒന്നുമില്ല അച്ഛാ നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് മാത്രം പറഞ്ഞു അവൾ ഫോൺ കട്ടുചെയ്തു.

                  മാധവൻ പൂമുഖത്തെ ചാരുകസേരയിൽ ചാരികിടന്നു.മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു.എന്തുപറ്റി  ആവോ അമ്മാളുവിന്.ശബ്ദം കേട്ടിട്ട് എന്തോ അസുഖമുള്ളതുപ്പോലെ. വല്ലാതെ അസ്വസ്ഥമായപ്പോൾ മാധവൻ  ഗർഭം ധരിച്ചവൾ എന്ന തന്റെതന്നെ നോവൽ വായിക്കാൻ എടുത്തു . ആ നോവലിലെ മീര എന്ന പെൺകുട്ടി തന്റെ  അമ്മാളുതന്നെ അല്ലെ എന്നുതോന്നി മാധവന്.വഞ്ചിക്കപ്പെട്ട ഗർഭം ധരിച്ച മീര തന്റെ അച്ഛനോട് ചോദിക്കുന്ന അവസാന രംഗം മാധവൻ വായിച്ചു.

                 അച്ഛാ ശരിയാണ് ഞാൻ വഞ്ചിക്കപ്പെട്ടു, അവനാൽ ഗർഭംധരിച്ചു. കുറച്ചുനാൾ കഴിഞ്ഞാൽ എനിക്ക് പിഴച്ചുപെറ്റവൾ എന്ന പേരുംകൂടി കിട്ടും . ഞാൻ ഒന്ന് ചോദിച്ചോട്ടെ അച്ഛാ, അവനെ പുരുഷൻ എന്നല്ലാതെ വിളിക്കാൻ പറ്റുന്ന ഒരു പേരെങ്കിലും പറഞ്ഞു തരൂ. ഇത് തെറ്റാണെങ്കിൽ അവനുമില്ലേ പാതിപങ്കു .പറയൂ  അച്ഛാ ഞാൻ ഈ കുഞ്ഞിനെ ഇനി എന്ത് ചെയ്യണം ?അല്പസമയത്തെ നിശ്ശബ്ദതക്കു ശേഷം  മീരയോട് ഒന്നും പറയാതെ ..ആരെയൊക്കെയോ ചീത്ത വിളിച്ച് എന്തൊക്കയോ പിറുപിറുത്ത്  ശിവൻ എങ്ങോട്ടെന്നില്ലാതെ നടന്നുപോയ്.മീര അച്ഛൻ നടന്നകലുന്നത് നോക്കിനിന്നു.അപ്പോൾ അവൾക്കുമുകളിൽ മേഘങ്ങൾ മാഞ്ഞുപോകുകയും പുതിയൊരു ആകാശം അവിടെ തെളിഞ്ഞുവരുകയും ചെയ്തു.

              പെട്ടെന്ന് മാധവനിൽ  എന്തോ ഒരു ഭയം ഉടലെടുത്തു.അമ്മാളുവിനെ ഒരിക്കൽക്കൂടി ഫോണിൽ വിളിച്ചു. എന്തുപറ്റി അമ്മാളുവിന് എന്നു  നിർബന്ധിപിച്ച് ചോദിച്ചപ്പോൾ അമ്മാളു പൊട്ടിക്കരഞ്ഞുപ്പോയ്.ഫോൺ വെച്ചതിനുശേഷം അൽപ്പനേരം ചാരുകസേരയിൽ ആലോചിച്ചിരുന്നതിനുശേഷം ഒരു തീരുമാനം എടുത്തപ്പോലെ പെട്ടന്ന് ചാരുകസേരയിൽനിന്ന് മാധവൻ ചാടി എണീറ്റു.അപ്പോൾ തന്റെ ഗർഭം ധരിച്ചവൾ എന്ന നോവൽ മടിയിൽനിന്നും താഴെ  വീഴുകയും മീരയും ശിവനും മാധവനെനോക്കി കളിയാക്കി ചിരിക്കുകയും ചെയ്തു.അപ്പോഴും പുറത്ത് മേഘങ്ങൾ എല്ലാം മാഞ്ഞുപോകുകയും തികച്ചും നഗ്നമായ ഒരു ആകാശം തെളിഞ്ഞുവരുകയും ചെയ്തു.

Friday, September 22, 2017

ഋതുഭേദങ്ങള്‍



സൗഹ്യദത്താൽചുറ്റപ്പെട്ട നമ്മെ കടന്നുപോകരുതെന്നാശിച്ച  ആ കാമ്പസ് ദിനങ്ങൾ എത്ര മനോഹരം .ക്ലാസ് മുറികളുടെയും ലൈബ്രറിയുടേയും കാന്റീനിറ്റേയും തണൽ വിരിച്ച മരങ്ങളുടേയും പശ്ചാത്തലത്തിൽ സൗഹ്യദവും പ്രണയവും അരങ്ങുതീർത്ത  ആ ദിനങ്ങൾ നമുക്ക് സമ്മാനിച്ചത് അവർണ്ണനീയമായ ഒരായിരം  ഓർമ്മകൾ .

ഞങ്ങൾ മുറിവേൽപ്പിച്ച ഡസ്‌ക്കുകളും ചുവരുകളും ഒരിക്കലും പരിഭവങ്ങൾ പറഞ്ഞിട്ടില്ല.കോറിയിട്ട ആ വാക്കുകളെ ഇന്നും അവ കാത്തുസൂക്ഷിക്കുന്നു .തലച്ചോറ് മരവിക്കുമ്പോൾ ചിന്തകൾക്കുള്ള  മേച്ചിൽപ്പുറങ്ങൾ കാണിച്ചുതരാൻ ജനൽപ്പാളികൾ  ഒരിക്കലും മടികാണിച്ചിട്ടില്ല.ചിലപ്പോൾ  സ്ത്രീ സൗന്ദര്യത്തിലേക്ക്,  പച്ചവിരിച്ച നെൽപ്പാടങ്ങളിലേക്ക് , മൂടൽമഞ്ഞിനെ ചുംബിക്കുന്ന കുന്നുകളിലേക്ക് .

എഞ്ചിനീയറിംഗ് പ്രതീക്ഷകളുടേതുമാറി സപ്പ്ളികളുടേതായപ്പോൾ  ലഹരിയും കൂട്ടുകാരനായി. ലഹരികളിൽ വെള്ളം ചേർക്കുമ്പോൾ അവിടെ മനസ്സുകൾതമ്മിൽ ലയിക്കുകയും സൗഹ്യദത്തിന്റെ വീര്യം കൂടുകയുമായിരുന്നു ലഹരി പകർന്നുതന്ന ഗ്ലാസ്സിൽപ്പോലും ഒരായിരം ഓർമ്മകൾ തങ്ങിനിൽക്കുന്നു. ജീവനുള്ള, ഹ്യദയമിടിപ്പുള്ള ആ ഓർമകൾ രക്തതുള്ളികളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, മനസ്സിന്റെ കടലാഴങ്ങളിൽനിന്നും തലച്ചോറിന്റെ കരയിലേക്ക് കൂറ്റൻ തിരമാലകളായി അവ ആർത്തടിക്കുമ്പോൾ അറിയാതെനാം ആ സൗഹ്യദത്തിന്റെ ലഹരിയിൽ വീണുപോകുന്നു.

ഈ വസന്തകാലംമതി വരാനിരിക്കുന്ന വേനലിൽ തളരാതിരിക്കാൻ. ആ വസന്തത്തിൽ കൊഴിഞ്ഞുപ്പോയ നിമിഷപുഷ്പങ്ങൾമതി ഓർത്തുവെക്കുവാൻ.ഞങ്ങൾ അറിഞ്ഞിരുന്നില്ല ഋതുക്കൾ മാറുന്നത്. ഋതുഭേദങ്ങൾ അറിയാത്ത ശലഭങ്ങളെപ്പോലെ  ക്ലാസ്സ്മുറികളിൽ ഞങ്ങൾ.
പക്ഷെ, വേദനയോടെ ശലഭങ്ങൾ തിരിച്ചറിയുന്നു ഇപ്പോൾ ശിശിരമാണ് ....
ഇലകൾ പൊഴിക്കാൻ സമയമായിരിക്കുന്നു ....
പറന്നകന്നേപറ്റൂ ....

കാലത്തിന്റെ തൂലികകൊണ്ട് സൗഹാർദത്തിന്റെ കൈയ്യൊപ്പുമായ് ഞങ്ങൾ വിടപറയുന്നു....


Al Ameen Engineering college [2009-13 EC batch] ലെ  ദിനങ്ങളെകുറിച്ച് 2013 ൽ എഴുതിയത് .


Wednesday, June 14, 2017

അന്നെങ്കിലും നീ ഈ മഴയേ അറിയൂ...

ഈറൻസന്ധ്യ പുഴകടന്നെത്തുമ്പോൾ
ഇടവഴിയിലൊരുമഴ 
ഇടറിയ ഈണത്തിൽ താളത്തിൽ
പെയ്തുപോകുമ്പോൾ
കൂട്ടുകാരീ എൻ മഴമരച്ചോട്ടിൽ
വന്നൊന്നു നിൽക്കുമോ നീ.
എൻ മഴക്കൊന്നു നിന്നെതൊടുവാൻ
എൻ മഴക്കൊന്നു നിന്നിൽ പതിക്കുവാൻ,
ആർദ്രമായ്  ആർദ്രമായ് നിന്നിൽ പടരാൻ
എൻ മഴമരച്ചോട്ടിൽ വന്നൊന്നു നിൽക്കുമോ നീ.

ക്ഷ്ണികമേയുള്ളൂ ഇടറിയ 
ഈണത്തിൽ താളത്തിൽ
പെയ്തുതോരാനിനീ.
അറിയാം ഈമഴ നീ നനയില്ലെന്ന്.
എൻമഴ  നിന്നിൽ പതിക്കില്ലെന്ന്.
എങ്കിലും ഏകാന്തമേഘമായ്‌
നിൻമഴയാകുവാൻ  കാത്തിരിക്കാം.
ദൂരെ ദൂരെ നിന്നെ കണ്ടാൽ
ആർത്താർത്തു പെയ്യാൻ കാത്തിരിക്കാം.
അന്നെങ്കിലും നീ ഈ മഴയേ അറിയൂ...
അന്നെങ്കിലും നീ ഈ മഴയൊന്നു നനയൂ...

Saturday, May 27, 2017

നീ മായ്ച്ചുകളഞ്ഞൊരു നീലാകാശം ഞാൻ


മൗനം പൂത്തുകനത്തൊരു ശാഖിയിൽ
നീയിന്നന്തിയുറങ്ങുമ്പോൾ 
പെയ്യും മഴയുടെ 
നീറും മഴയുടെ 
ഉരുകും മഴയുടെ 
വേരുകൾ തേടി ചെന്നാൽ 
കാണാം നിനക്കീയിരുളിൽ 
മേഘത്താളിൽ 
മഷിയിൽ
വാക്കിൽ 
നൊന്തുമടുത്തുകനത്തുകിടക്കുമൊരാകാശം 
പണ്ടെന്നോ നീ മായ്ച്ചുകളഞ്ഞു-
രസിച്ചൊരു നീലാകാശം.

മേഘപൊത്തിൽ 
നട്ടുവളർത്തിയ 
നക്ഷത്രങ്ങൾ 
പറിച്ചു തന്നിട്ടും, 
കുളിരും മഞ്ഞിൽ
നിന്നെക്കാണാൻ 
ഇറങ്ങിവന്നിട്ടും
പെയ്യും മഴയിൽ 
നിനക്കുചുറ്റും 
ചിതറി വീണിട്ടും
കാണാം നിനക്കിന്നീമഴയുടെ  വേരിൽ 
നൊന്തുമടുത്തുകനത്തുകിടക്കുമൊരാകാശം 
നീമായ്ച്ചുകളഞ്ഞു രസിച്ചൊരു നീലാകാശം.
അടർത്തിയെടുത്തു മറന്നുകളഞ്ഞൊരു നീലാകാശം.

വേനൽ ജീവിതങ്ങൾ


സൂര്യനുതാഴെ ഒരുപാട്‌ ജീവിതങ്ങൾ
മനസിൽ പൊള്ളുന്ന കനലുള്ളവർ.
നീയും ഞാനും അക്കൂട്ടത്തിൽപ്പെടും.
മനസ്സിന്റെ താപമളക്കാൻ ഒരുമാപിനിയുമില്ല.
ഒരു പുഴയോ മഴയോ മനസ്സിന്റെ മരുഭൂവിലേക്ക്‌ എത്തിനോക്കാറുപോലുമില്ല.
ജീവിതം ഒരു ഋതുവിൽമാത്രം തൂങ്ങിയാടുന്നു,പിടയുന്നു.
ജീവിതത്തെ തീക്ഷ്ണമായ വേനലെന്നു കുറിച്ചിടാതെ നമുക്കുമുന്നെ കടന്നുപോയവരായ്‌ ആരെങ്കിലുമുണ്ടൊ?.
ഉണ്ടാകാം ഉണരാതെപോയ ഭ്രൂണങ്ങൾ മാത്രം

നീ എത്ര ക്രൂരയാണ്‌

ഒരു മഴപോലും നീയെന്നെ ഇപ്പൊൾ ഒറ്റക്ക്‌ നനയാൻ അനുവദിക്കുന്നില്ല.
ഒരു തണലിലും ഒറ്റക്കിരുത്തുന്നില്ല.
നട്ടുവളർത്തിയ പൂക്കളെല്ലാം ചോദിച്ചുവാങ്ങുന്നു.
യാത്രപറഞ്ഞിറങ്ങിയാൽ പിൻവിളികൾ കൊണ്ട്‌ ശ്വാസംമുട്ടിക്കുന്നു.
നീ എത്ര ക്രൂരയാണ്‌!
കവിതയിൽനിന്നുപോലും അൽപ്പനേരത്തേക്ക്‌ എന്നിൽനിന്നും മാറിനിൽക്കുനില്ല.
യാഥാർത്ഥ്യത്തിൽനിന്ന്
ഒരുപാട്‌ ദൂരെ ഞാൻ നിയ്യുമായ്‌ ഇതുപോലെ ജീവിക്കുകയാണ്‌.
അങ്ങ്‌ ആകാശത്തെ മറയൻട്രൈവിൽ പ്രണയിക്കാനിറങ്ങിയ മേഘങ്ങളെ
ചുംബനത്തിനും ആലിംഗനത്തിനും ഇടക്കുവെച്ച്‌
സദാചാരത്തിന്റെ കായൽകാറ്റ്‌ ആട്ടിയോടിച്ചു.
പിന്നെയെങ്ങനെ,
മേഘങ്ങൾ ഗർഭംധരിക്കും,
മഴകുഞ്ഞുങ്ങൾ ഭൂമിയുടെ കളിമുറ്റത്ത്‌
തത്തോം പിത്തോം തുള്ളിച്ചാടിനടക്കും,
വളർന്ന് പുഴയാകും.
സ്വപ്നത്തിൽ നിന്നെ ഞാൻ കണ്ടുപെണ്ണേ
മഴവിൽതോണിയിൽ നീ വരുന്നൂ...
പാതിരാ പുഞ്ചിരി തൂകുന്നു നീ
പാതിരാമണലിൽ പടരുന്നു.
കാത്തിരിക്കാനിനി വയ്യെന്റെ പെണ്ണേ...
മഴപെയ്ത പുഴപ്പോലെ നീയൊഴുകൂ..
രാവിന്റെ മാറിൽനിലാവുപ്പോലെ
കുളിരിന്നുകൂട്ടായ്‌ നീ പൊഴിയൂ.
ഇളവെയിൽ ഇലയോട്‌
ഇണചേർന്നപ്പോലെ നീ
ഇണയായ്‌ ഈണമായ്‌ ചേർന്നുനിൽക്കൂ.
രാവിന്റെ കാവിൽ കവിതപൂക്കുമ്പോൾ
പൂവെറിയാനൊരു ശിൽപ്പമാകൂ...
പൂവെറിയാനൊരു ശിൽപ്പമാകൂ...
ഓലമേഞ്ഞ ക്ലാസ്‌ മുറിയിലെ 
വലത്തെയറ്റത്തെ 
ആദ്യത്തെ ബഞ്ചിലെ
ആദ്യമിരിക്കുന്ന പെൺകുട്ടി
നീയൊന്ന് തിരിഞ്ഞുനോക്ക്‌..
അവസാനത്തെ പിരീഡിലും നിന്നെതന്നെ നോക്കിയിരിക്കുന്ന ഒരുവനെക്കാണാം കൊല്ലങ്ങൾക്കിപ്പുറവും.

Sunday, March 5, 2017

മൂന്നാമത്തെ കുഴിമാടം

പ്രിയപ്പെട്ടവൾക്ക് ,
ട്രെയിൻ കാത്തുനിൽക്കുന്നതിനിടക്ക്  നിന്നെ കണ്ടുമുട്ടുന്നതുവരെ ദിവസവും മുൻദിവസങ്ങളെപ്പോലെ  ആവർത്തനവിരസമായിരുന്നു.

പതിവുപോലെ സൂര്യൻ നക്ഷത്രങ്ങളെ തടവറകളിലാക്കി ഏകാധിപതിയായി ഭൂലോകം  ഭരിച്ചുതുടങ്ങി. സൂര്യൻറെ പ്രകാശകിങ്കരന്മാർ  വേനൽ പകലിന്റെ തെരുവിലിറങ്ങി ഓരോ ഇലയെയും പൂവിനേയും  എന്നെയും നിന്നെയും ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.
         
പക്ഷെ, അന്നുരാത്രി  നക്ഷത്രങ്ങൾ  സൂര്യന്റെ തടവറ ഭേദിച്ച് ആകാശത്ത് ഒത്തുകൂടി. സ്വാതന്ത്ര്യത്തിന്റെ ശബ്ദമുതിർത്തു. ശബ്ദം കാറ്റായി!. കാറ്റും മേഘവും ഏറ്റുമുട്ടി. ഘർഷണത്തിൽനിന്നും മിന്നൽ ഉണ്ടായി. മിന്നലിൽനിന്ന്  മഴയുണ്ടായി. മഴയിൽ നിന്ന്  അന്നുരാത്രി  നീ എന്റെ അരികിലേക്ക് ഓടിക്കയറി.

  നീ ഓർക്കുന്നുവോ ..? മാഹിയിലെ മുകുന്ദനാണ് രാത്രി നമ്മെ പരിചയപ്പെടുത്തിയത് . എം  മുകുന്ദൻ ചിരിച്ചുനിൽക്കുന്ന മാതൃഭൂമി ആഴ്ച്ചപതിപ്പിലെ മുഖചിത്രം നോക്കി നീ പറഞ്ഞുമുകുന്ദേട്ടന്റെ നല്ലൊരു കഥയുണ്ട്  ഇതിൽ, വായിച്ചുനോക്കു . അപ്പോൾ   മുകുന്ദനെ ഞാൻ  ഒന്നുനോക്കി . നോട്ടത്തിന്റെ അർത്ഥം  മനസിലാക്കിയവണ്ണം മുകുന്ദൻ  നിന്നെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഇത് ലീന  , എന്റെ നാട്ടുകാരിയാണ്.

അന്ന് നിയ്യാണ്   കത്തിനെ കുറിച്ചുള്ള ആശയം  മുന്നോട് വെച്ചത്. ഓരോ കൊല്ലവും നാം കണ്ടുമുട്ടിയ അതെ ദിവസം  നീ എനിക്കും ഞാൻ നിനക്കും ഓരോ കത്തയക്കുക. അന്ന് നീ കത്തെഴുതുന്നതിനെ  കുറിച്ച്  പറഞ്ഞപ്പോൾ   ആദ്യം ഓർമവന്നത്  എന്റെ അച്ഛനെ ആയിരുന്നു.അച്ഛൻ അമ്മക്ക് ആഴ്ച്ചതോറും കത്തയക്കുമായിരുന്നു. അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ കത്തുകൾ ഞാൻ അമ്മക്ക് ഒരുപാടുവട്ടം  വായിച്ചുകൊടുത്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ  ഞാൻ ആർക്കും ഒരുകത്തും എഴുതിയിട്ടില്ല. എന്റെ മേൽവിലാസത്തിൽ ഒരു കത്തും  ഇതുവരെ എനിക്ക്  ലഭിച്ചിട്ടുമില്ല.

സ്വന്തം മേൽവിലാസത്തിൽ ഒരു കത്തുവരിക അതും   ദാസന്റെയും ചന്ദ്രികയുടെയും ആത്മാക്കൾ തുമ്പികളെപോലെ   പറന്നുകളിക്കുന്ന മയ്യഴിയിൽ നിന്നും ഒരു പെൺ സുഹ്യത്തിന്റെ കത്ത്. നിന്റെ ആശയത്തെ  അഗീകരിക്കാൻ  പിന്നീട്  എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.


 അന്ന് നമ്മൾ എന്തിനെകുറിച്ചോക്കയോ സംസാരിച്ചു. നീ സംസാരിച്ചത്  അധികവും ജീവിത്തത്തെ കുറിച്ചാണ്.നിന്റെ യാത്രകളെ കുറിച്ചാണ് . പക്ഷെ അന്ന് അവസാനമായി  നീ സംസാരിച്ചത്  മരണത്തെകുറിച്ചായിരുന്നു  കടലിനേക്കാൾ പുൽതകിടിയേക്കാൾ  പൂന്തോപ്പുകളെക്കാൾ  നിനക്കിഷ്ടം നിശബ്ദമായ സെമിത്തേരികളാണെന്നു  അന്ന് നീ പറഞ്ഞിരുന്നു. നെരൂദയുടെ ഡെത്ത്  അലോൺ  എന്ന  കവിതയിലെ വരികൾ നീ  അന്ന് പാടിത്തന്നത്  ഞാൻ ഓർക്കുന്നു.നിന്റെ ശബ്ദത്തിൽ കവിത മനോഹരമായിരുന്നു പക്ഷെ കവിതയുടെ  പൂർണമായ അർഥം എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞിയിരുന്നില്ല.

I see, when alone at times,
coffins under sail
setting out with the pale dead, women in their dead braids,
bakers as white as angels,
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjM63D7p8g54J5TnLqrFFtkQGfGg9Yd3LQY9xNxUA3VbegCeInXyX7Uv2fngagDJs7Hd1z3XDWpP6muW5T8YFGYqrGCbSn98d9MItXA8OtaQv1da-fkPFfVl5NTKnYU0sa6iRulJLn5yIc/s400/download.jpgthoughtful girls married to notaries,
coffins ascending the vertical river of the dead,
the wine-dark river to its source,
with their sails swollen with the sound of death()
filled with the silent noise of death.   വരികൾക്കു ശേഷം  നീ എന്നിലേക്ക് പെട്ടന്നു വീണുപോയി. ചുട്ടുപൊള്ളുന്ന പനിയുമായ്  പിന്നെ നീ കുറേനേരം എന്റെ മടിയിൽ ശാന്തമായി  കിടന്നുറങ്ങിഎന്റെ മടിയിൽ  നീ  നിശബ്ദം കിടന്നുറങ്ങുമ്പോൾ  ട്രെയിൻ ബീതോവന്റെ സംഗീതത്തിൽ ഇരുട്ടിലൂടെ മുന്നോട്ടു പാഞ്ഞുകൊണ്ടേ ഇരുന്നു. പിന്നെ  പുലരിയുടെ ഒരുവക്കിൽവെച്ച്  രണ്ടു വഴികളിലേക്ക് കാലം നമ്മെ യാത്രയാക്കി.



  ഇന്നിപ്പോൾ കണ്ടുമുട്ടലിൽനിന്ന് ഒരുകൊല്ലം നാം സാഞ്ചരിച്ചിരിക്കുന്നു. എത്രയോ റയിൽവേ സ്റ്റേഷനുകൾ , എത്രയോ മരങ്ങൾ  എത്രയോ നിമിഷങ്ങൾ പിറകോട്ടാങ്ങനെ  ഓടിപ്പോയി .

അന്ന് ,   യാത്രക്കൊടുവിൽ എന്റെ ഡയറിയൽ  ഞാൻ ഇങ്ങനെ കുറിച്ചിട്ടു.
"ബീതോവന്റെ സംഗീതത്തേക്കാൾ  മനോഹരമായ് ഒരിക്കൽ മാത്രം ട്രെയിനുകൾ പാടി. അത്  ഇന്നലെയായിരുന്നു,  മയ്യഴിപെണ്ണിനോടൊപ്പം സഞ്ചരിച്ച   ഇന്നലത്തെ രാത്രിയുടെ ട്രാക്കിൽ വെച്ചായിരുന്നു" .


സംഗീതമായാലും അലർച്ചയായാലും ഏതു ശബ്ദമായാലും എല്ലാറ്റിന്റേയും അദ്യം   നിശബ്ദതയിൽ അല്ലെ ?. ഓരോ  നിശബ്ദതയും എന്തിന്റെയൊക്കയോ  മരണമല്ലേ!.

 ഓർക്കുന്നുവോ  അന്നുനിയാണ്   മരണത്തെക്കുറിച്ച്  സംസാരിച്ചു തുടങ്ങിയത്. അന്നുനീ മരണത്തെ  ഇങ്ങനെ  രേഖപ്പെടത്തി,
" ജീവിതം പ്രഭാതംപോലെ മനോഹരമാണെങ്കിൽ
  മരണം സന്ധ്യപോലെ  അതിമനോഹരമാണ് "

കത്ത് ഇവിടെ നിർത്താൻ സമയമായെന്ന് തോന്നുന്നു. അല്ലെങ്കിൽ മരണത്തെ  കുറിച്ചുമാത്രം പറഞ്ഞ്  ഞാൻ കത്തിനെ ശവതുല്യമാക്കും.
ഒരു കാര്യം കൂടി പറയട്ടെ ?
സംഗീതം എങ്ങനെയാണ്  അന്ന് അവസാനിച്ചത്. ഓർക്കുമ്പോൾ ഭയമാകുന്നു.  നിന്റെ വലിഞ്ഞു മുറുകിയ സിരകൾ, പാതി കൂമ്പിയ മിഴികൾ, മടിയിൽ കിടന്നു പിടയുന്ന ശരീരം. പിന്നെ വല്ലാത്തൊരു  നിശബ്ദതയൊടെ  എന്റെ മാടിയിലേക്ക്  ചാഞ്ഞപ്പോൾ നീ  സന്ധ്യപോലെ അതിമനോഹരിയായി  തോന്നപ്പെട്ടു. അതിനുശേഷം  നീ എപ്പോഴെങ്കിലും സന്ധ്യപോലെ അതിമനോഹരിയായി മാറിയിരുന്നോ?പിന്നീട്  എപ്പോഴെങ്കിലും നീ ആരെയെങ്കിലും അങ്ങനെ ഭയപ്പെടുത്തിയിരുന്നോ? ഇല്ലെന്നു വിശ്വസിക്കുന്നു.
എഴുത്ത് അവസാനിപ്പിക്കുകയാണ്. ആകാംഷയോടെ നിന്റെ കത്തതിനായി ഞാൻ കാത്തിരിക്കുന്നു

കത്ത്  ഞാൻ നിന്റെ പുതിയ മേൽ വിലാസമായ, മൂന്നാമത്തെ കുഴിമാടം, സെമിത്തേരി, മാഹി പള്ളി ,മാഹി എന്ന   മേൽവിലാസത്തിൽ നാളെതന്നെ അയക്കുന്നതാണ്.

എന്ന്
സുഹ്യത്ത് .