പ്രിയപ്പെട്ടവൾക്ക് ,
ട്രെയിൻ കാത്തുനിൽക്കുന്നതിനിടക്ക് നിന്നെ കണ്ടുമുട്ടുന്നതുവരെ ആ ദിവസവും മുൻദിവസങ്ങളെപ്പോലെ ആവർത്തനവിരസമായിരുന്നു.
പതിവുപോലെ സൂര്യൻ നക്ഷത്രങ്ങളെ തടവറകളിലാക്കി ഏകാധിപതിയായി ഭൂലോകം ഭരിച്ചുതുടങ്ങി. സൂര്യൻറെ പ്രകാശകിങ്കരന്മാർ വേനൽ പകലിന്റെ തെരുവിലിറങ്ങി ഓരോ ഇലയെയും പൂവിനേയും എന്നെയും നിന്നെയും ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.
പക്ഷെ, അന്നുരാത്രി
നക്ഷത്രങ്ങൾ
സൂര്യന്റെ തടവറ ഭേദിച്ച് ആകാശത്ത് ഒത്തുകൂടി. സ്വാതന്ത്ര്യത്തിന്റെ ശബ്ദമുതിർത്തു. ആ ശബ്ദം കാറ്റായി!. കാറ്റും മേഘവും ഏറ്റുമുട്ടി. ആ ഘർഷണത്തിൽനിന്നും
മിന്നൽ ഉണ്ടായി. മിന്നലിൽനിന്ന്
മഴയുണ്ടായി. ആ മഴയിൽ നിന്ന് അന്നുരാത്രി നീ എന്റെ അരികിലേക്ക് ഓടിക്കയറി.
നീ ഓർക്കുന്നുവോ ..? മാഹിയിലെ മുകുന്ദനാണ് ആ രാത്രി നമ്മെ പരിചയപ്പെടുത്തിയത്
. എം മുകുന്ദൻ ചിരിച്ചുനിൽക്കുന്ന മാതൃഭൂമി ആഴ്ച്ചപതിപ്പിലെ മുഖചിത്രം നോക്കി നീ പറഞ്ഞു . മുകുന്ദേട്ടന്റെ നല്ലൊരു കഥയുണ്ട് ഇതിൽ, വായിച്ചുനോക്കു . അപ്പോൾ മുകുന്ദനെ ഞാൻ ഒന്നുനോക്കി . നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയവണ്ണം മുകുന്ദൻ
നിന്നെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഇത് ലീന , എന്റെ നാട്ടുകാരിയാണ്.
അന്ന് നിയ്യാണ് ഈ കത്തിനെ കുറിച്ചുള്ള ആശയം മുന്നോട് വെച്ചത്. ഓരോ കൊല്ലവും നാം കണ്ടുമുട്ടിയ അതെ ദിവസം നീ എനിക്കും ഞാൻ നിനക്കും ഓരോ കത്തയക്കുക. അന്ന് നീ കത്തെഴുതുന്നതിനെ
കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഓർമവന്നത് എന്റെ അച്ഛനെ ആയിരുന്നു.അച്ഛൻ അമ്മക്ക് ആഴ്ച്ചതോറും കത്തയക്കുമായിരുന്നു. അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ ആ കത്തുകൾ ഞാൻ അമ്മക്ക് ഒരുപാടുവട്ടം വായിച്ചുകൊടുത്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ ഞാൻ ആർക്കും ഒരുകത്തും എഴുതിയിട്ടില്ല. എന്റെ മേൽവിലാസത്തിൽ ഒരു കത്തും ഇതുവരെ എനിക്ക് ലഭിച്ചിട്ടുമില്ല.
സ്വന്തം മേൽവിലാസത്തിൽ ഒരു കത്തുവരിക അതും ദാസന്റെയും ചന്ദ്രികയുടെയും ആത്മാക്കൾ തുമ്പികളെപോലെ പറന്നുകളിക്കുന്ന മയ്യഴിയിൽ നിന്നും ഒരു പെൺ സുഹ്യത്തിന്റെ കത്ത്. നിന്റെ ഈ ആശയത്തെ അഗീകരിക്കാൻ പിന്നീട് എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
അന്ന് നമ്മൾ എന്തിനെകുറിച്ചോക്കയോ സംസാരിച്ചു. നീ സംസാരിച്ചത്
അധികവും ജീവിത്തത്തെ കുറിച്ചാണ്.നിന്റെ യാത്രകളെ കുറിച്ചാണ് . പക്ഷെ അന്ന് അവസാനമായി നീ സംസാരിച്ചത്
മരണത്തെകുറിച്ചായിരുന്നു കടലിനേക്കാൾ പുൽതകിടിയേക്കാൾ പൂന്തോപ്പുകളെക്കാൾ നിനക്കിഷ്ടം നിശബ്ദമായ സെമിത്തേരികളാണെന്നു അന്ന് നീ പറഞ്ഞിരുന്നു. നെരൂദയുടെ ഡെത്ത് അലോൺ എന്ന കവിതയിലെ വരികൾ നീ അന്ന് പാടിത്തന്നത് ഞാൻ ഓർക്കുന്നു.നിന്റെ ശബ്ദത്തിൽ ആ കവിത മനോഹരമായിരുന്നു പക്ഷെ ആ കവിതയുടെ പൂർണമായ അർഥം എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞിയിരുന്നില്ല.
I see, when alone at times,
coffins under sail
setting out with the pale dead, women in their dead braids,
coffins ascending the vertical river of the dead,
the wine-dark river to its source,
with their sails swollen with the sound of death()
filled
with the silent noise of death. ഈ വരികൾക്കു ശേഷം നീ എന്നിലേക്ക് പെട്ടന്നു വീണുപോയി. ചുട്ടുപൊള്ളുന്ന പനിയുമായ് പിന്നെ നീ കുറേനേരം എന്റെ മടിയിൽ ശാന്തമായി കിടന്നുറങ്ങി. എന്റെ മടിയിൽ നീ നിശബ്ദം കിടന്നുറങ്ങുമ്പോൾ ട്രെയിൻ ബീതോവന്റെ സംഗീതത്തിൽ ഇരുട്ടിലൂടെ മുന്നോട്ടു പാഞ്ഞുകൊണ്ടേ ഇരുന്നു. പിന്നെ പുലരിയുടെ ഒരുവക്കിൽവെച്ച് രണ്ടു വഴികളിലേക്ക് കാലം നമ്മെ യാത്രയാക്കി.
ഇന്നിപ്പോൾ ആ കണ്ടുമുട്ടലിൽനിന്ന് ഒരുകൊല്ലം നാം സാഞ്ചരിച്ചിരിക്കുന്നു. എത്രയോ റയിൽവേ സ്റ്റേഷനുകൾ , എത്രയോ മരങ്ങൾ എത്രയോ നിമിഷങ്ങൾ പിറകോട്ടാങ്ങനെ ഓടിപ്പോയി .
അന്ന് , ആ
യാത്രക്കൊടുവിൽ എന്റെ ഡയറിയൽ ഞാൻ ഇങ്ങനെ കുറിച്ചിട്ടു.
"ബീതോവന്റെ സംഗീതത്തേക്കാൾ മനോഹരമായ് ഒരിക്കൽ മാത്രം ട്രെയിനുകൾ പാടി. അത് ഇന്നലെയായിരുന്നു, മയ്യഴിപെണ്ണിനോടൊപ്പം സഞ്ചരിച്ച ഇന്നലത്തെ രാത്രിയുടെ ആ ട്രാക്കിൽ വെച്ചായിരുന്നു" .
സംഗീതമായാലും അലർച്ചയായാലും ഏതു ശബ്ദമായാലും എല്ലാറ്റിന്റേയും അദ്യം നിശബ്ദതയിൽ അല്ലെ ?. ഓരോ നിശബ്ദതയും എന്തിന്റെയൊക്കയോ മരണമല്ലേ!.
ഓർക്കുന്നുവോ അന്നുനിയാണ് മരണത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. അന്നുനീ മരണത്തെ ഇങ്ങനെ രേഖപ്പെടത്തി,
" ജീവിതം പ്രഭാതംപോലെ മനോഹരമാണെങ്കിൽ
മരണം സന്ധ്യപോലെ അതിമനോഹരമാണ് "
ഈ കത്ത് ഇവിടെ നിർത്താൻ
സമയമായെന്ന് തോന്നുന്നു. അല്ലെങ്കിൽ മരണത്തെ കുറിച്ചുമാത്രം പറഞ്ഞ് ഞാൻ ഈ കത്തിനെ ശവതുല്യമാക്കും.
ഒരു കാര്യം കൂടി പറയട്ടെ ?
ആ സംഗീതം എങ്ങനെയാണ് അന്ന് അവസാനിച്ചത്. ഓർക്കുമ്പോൾ ഭയമാകുന്നു. നിന്റെ വലിഞ്ഞു മുറുകിയ സിരകൾ, പാതി കൂമ്പിയ മിഴികൾ, മടിയിൽ കിടന്നു പിടയുന്ന ശരീരം. പിന്നെ വല്ലാത്തൊരു നിശബ്ദതയൊടെ എന്റെ മാടിയിലേക്ക് ചാഞ്ഞപ്പോൾ നീ സന്ധ്യപോലെ അതിമനോഹരിയായി തോന്നപ്പെട്ടു. അതിനുശേഷം നീ എപ്പോഴെങ്കിലും സന്ധ്യപോലെ അതിമനോഹരിയായി മാറിയിരുന്നോ?പിന്നീട് എപ്പോഴെങ്കിലും നീ ആരെയെങ്കിലും അങ്ങനെ ഭയപ്പെടുത്തിയിരുന്നോ? ഇല്ലെന്നു വിശ്വസിക്കുന്നു.
എഴുത്ത് അവസാനിപ്പിക്കുകയാണ്. ആകാംഷയോടെ നിന്റെ കത്തതിനായി ഞാൻ കാത്തിരിക്കുന്നു
ഈ കത്ത് ഞാൻ നിന്റെ പുതിയ മേൽ വിലാസമായ, മൂന്നാമത്തെ കുഴിമാടം, സെമിത്തേരി, മാഹി പള്ളി ,മാഹി
എന്ന മേൽവിലാസത്തിൽ നാളെതന്നെ അയക്കുന്നതാണ്.
എന്ന്
സുഹ്യത്ത് .

No comments:
Post a Comment