Wednesday, October 21, 2015

കാണാതെപോയ ആ കവിതയെവിടെ?

അമ്മേ...
പേറ്റുനോവില്‍നിന്നുയര്‍ന്ന താരാട്ടുപാട്ടും
വാത്സല്യത്തില്‍കുതിര്‍ന്ന അമ്മിഞ്ഞപ്പാലുംമണക്കുന്നയാകവിതയെവിടെ
ചുവരില്‍ കരികൊണ്ട് കോറിയിട്ട ആ രുചിയുള്ള കവിതയെവിടെ
കാത്തിരിപ്പിന്‍റെ പാതിരാതിരിയില്‍തെളിഞ്ഞ
ഒരുചെറുവെട്ടമെവിടെ..ഒരുപോട്ടുകവിതയെവിടെ..
ആ മാറില്‍ചേര്‍ന്നുകിടന്ന രാവിന്റെനിഴലെവിടെ,
ഞാന്‍ എവിടെ...?
അമ്മേ,
അമ്മ ചീന്തിക്കളഞ്ഞതാണോ
ഈ മകനോട് തെറ്റിയനാളിലാക്കവിത?

കൂട്ടുകാരാ...
നമ്മള്‍ ഒന്നിച്ചു കത്തിച്ച കവിതയെവിടെ
പുഴവക്കില്‍ കോറിയിട്ട ഭാവിചിത്രങ്ങളെവിടെ
നമ്മള്‍ കണ്ട മായക്കാഴ്ചകള്‍ എവിടെ
കണക്കുപുസ്തകത്തില്‍ വീട്ടാതെപ്പോയ കടങ്ങളെവിടെ
നമ്മള്‍ നടന്ന വഴികള്‍ എവിടെ
നമ്മള്‍ നിന്ന കവലകള്‍ എവിടെ
അവിടെതൂക്കിയിട്ട കവിതകളെവിടെ.
നമ്മളുപേക്ഷിച്ചിട്ട മദ്യകുപ്പികള്‍പ്പോലെ
ഏതുകുന്നിന്ചെരുവിലാണ് ഞാനാകവിതയുപേക്ഷിച്ചിട്ടത്.

കൂട്ടുകാരി..
നമ്മളാദ്യം കണ്ടനിമിഷം
മിഴികള്‍ എഴുതിയ കവിതയെവിടെ
വീണ്ടും വീണ്ടും കണ്ടപ്പോള്‍
നമ്മുടെ വിരലുകള്‍ കുറിച്ചിട്ട കൂട്ടക്ഷരങ്ങളെവിടെ.
വഴിവക്കിന്റെ രണ്ടറ്റത്തുനിന്നും
നിയെനിക്കും ഞാന്‍ നിനക്കും സമ്മാനിച്ച
മൗനമെന്നവാചാലതയെവിടെ.
“എനിക്കൂനിന്നെ നഷ്ടപ്പെടുത്താനാകില്ലെന്ന്‍”
നീയെഴുതിയ ആ ഒറ്റവരി കവിതയെവിടെ.
നിന്നില്‍ കുറ്റബോധത്തിന്‍റെ  മുറിവുണങ്ങുംമുന്നേ
ഞാന്‍ മറന്നിട്ടുപ്പോയ ഈരടികളെവിടെ
നമ്മുടെ കവിതയെവിടെ.

എല്ലാകവിതയും കളവുപോയിരിക്കുന്നു
ഒരുകള്ളന്‍റെ മുഖവുമായ് ഞാനൊളിഞ്ഞിരിക്കുന്നു.

No comments:

Post a Comment