ബിയര്‍ ബോട്ടിലില്‍ നിന്നും എത്ര ജാഗ്രതയോടെയാണവള് ബിയര്‍ ഗ്ലാസ്സിലേക്ക് പകരുന്നത്. ഗ്ലാസും ബോട്ടിലും ചെരിച്ചുപിടിച്ച് ഇടയ്ക്കിടയ്ക്ക് ഗ്ലാസ്സിനേയും ബിയര്‍ ബോട്ടിലിനേയും ഉമ്മവെക്കാന്‍ അനുവദിച്ച് ഒട്ടും പതവരാതെ.അവള് ബിയര്‍ പകരുന്നപോലെ ഇത്ര കാലമായിട്ടും പതവരാതെ ബിയര്‍ ഗ്ലാസ്സിലേക്ക് പകരാൻ എനിക്ക് കഴിയില്ല.ഒന്നോ രണ്ടോ മിച്ചറുകളെ ഗ്ലാസ്സിലേക്ക് എറിഞ്ഞാണ് ഞാൻ ഈ പ്രോബ്ലം സോൾവ് ചെയ്യാറ് .ദാഹിച്ചുകിടക്കുന്ന മിച്ചർ ആ പതയെ ആർത്തിയോടെ വലിച്ചെടുക്കും.അവളുടെ ഈ കഴിവിനെ ഞാന്‍ പരസ്യമായി അനുമോദിച്ചിട്ടില്ല പെണ്ണല്ലേ ജാതി അഹങ്കാരം കൂടിയാലോ.ബിയര്‍ ഗ്ലാസ്സുകളിലേക്ക് ഐസ് ക്യൂബുകളെ നീന്താന്വിട്ട് അതിലൊന്ന് എനിക്ക് നേരെനീട്ടി.ബിയറില്‍ ഐസ് ക്യൂബുകള്‍ ഇടാറില്ലെന്ന അറിവ് അവള്‍ക്കില്ലെന്നു തോന്നുന്നു.
അവള് പകര്‍ന്നുതന്ന ബിയര്‍ ഗ്ലാസ്സുമായി ഞാന്‍ ആ ഹോട്ടല്‍മുറിയുടെ ജനലിനരികിലേക്ക് നടന്നു.അവിടെനിന്നു നോക്കിയാല്‍ ഭാരതപ്പുഴയും, പഴയ കൊച്ചിന് പാലത്തേയും കാണാം.
എന്താ പുരോഗമനവാദി ഒരു സാഹിത്യ ശൃഷ്ടിക്കുള്ള പുറപ്പാടാണോ?
എന്റെ ആ ജനലിനരികിലെ നില്‍പ്പ് കണ്ടിട്ടാവണം അവളങ്ങനെ ചോദിച്ചത്.അവള് എന്നെ പുരോഗമനവാദി,ആധുനികാ എന്നൊക്കെ വിളിക്കും ചിലപ്പോള്‍ ഇവിടെ പറയാന്‍ പറ്റാത്ത പദങ്ങള്‍ ഇവക്കുമുന്പേ ആലങ്കാരികമായ്ചേര്ത്തും വിളിക്കും.അവള് എനിക്ക് പുരോഗമനവാദി എന്ന പേരിട്ടപ്പോള്‍തന്നെ ഞാന്‍ അവള്‍ക്കുമിട്ടു ഒരു പേര്.അവളുടെ മുഖത്തെ വട്ടകണ്ണടക്കും തോളിലെ തുണിസഞ്ചിക്കും ജുബ്ബപോലുള്ള അവളുടെ വേഷത്തിനും പിന്നെ ബോബ് ചെയ്ത മുടിക്കും എല്ലാം ചേര്‍ത്ത് പറ്റിയ ഒരു പേര്,ഫെമിനിസ്റ്റ്!
അങ്ങനെ ഞാന്‍ പുരോഗമനവാദിയും അവള് ഫെമിനിസ്റ്റുമായി.
തൃശ്ശൂരിലെ ഏതോ പട്ടിക്കാട്ടില് നാലുമുറികളുള്ള വീട്ടിലെ ഫെമിനിസ്റ്റ്,ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറിലെ ഫെമിനിസ്റ്റ്,ജനകൂട്ടത്തിനും മൈക്കിനും മുന്നിലെ ഫെമിനിസ്റ്റ്.അവള്‍ക്ക് എത്ര എത്ര പര്യായങ്ങള്‍.ആ പര്യായങ്ങള്‍ക്ക് കൂട്ടായി ഒരു പുതിയ അര്‍ത്ഥം കൂടി ഞാന്‍ അവള്‍ക്ക് നല്കി അല്ലെങ്കില്‍ അവള് സ്വയം എഴുതിചേര്‍ത്തു.ആ അര്‍ത്ഥത്തിലാണ് അവള് ഇപ്പോള്‍ ഈ സന്ധ്യയില്‍, ഈ ഹോട്ടല്‍ മുറിയില്‍ എനിക്കുമുന്നില്‍ ഇരിക്കുന്നത്.എനിക്ക് ആസ്വദിക്കാനുള്ള ലഹരികുപ്പികള്ക്കും അച്ചാറിനും കശുവണ്ടി പരിപ്പിനും ഉള്ള അതേ അര്‍ഥത്തില്‍.
അവളുടെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.ഞാന്‍ എന്ത് മറുപടി പറയും.അബദ്ധത്തില്‍ രണ്ട് കവിത എഴുതി.അത് ഈ പെണ്ണ് വായിക്കുകയും ചെയ്തു.അന്നുമുതല്‍ ഇവള് എന്റെ ആരാധിക എന്നും പറഞ്ഞാണ് നടപ്പ്.ഇത്രയും ഒരു പൊട്ടിപെണ്ണിനെയാണോ ഈശ്വരാ ഞാന്‍ ഫെമിനിസ്റ്റ് എന്ന് വിളിച്ചത്.എവിടുന്നോ ചുരണ്ടിയ നാലുവരികളില്‍ ഈ പെണ്ണ് ഫ്ലാറ്റ്.ആ വരികളില്‍ ഒന്ന് സൂക്ഷിച്ചുനോക്കിയാല്‍ അയ്യപ്പേട്ടനെ കാണാം കാട്ടകടയെ കാണാം നെരൂദയെ കാണാം മറ്റു പലരേയും കാണാം.ആ വരികളില്‍ കാണാതിരിക്കാന്‍ സാദ്ധ്യതയുള്ളത് എന്നെ മാത്രമാണ്.ഭാഗ്യത്തിന് എന്റെ കവിതകള്‍ ആരും ശ്രദ്ധിച്ച് വായിച്ചിട്ടില്ലാത്തതുകാരണം മേല്‍പ്പറഞ്ഞ കവികള്‍ ഇപ്പോളും ഒളിവിലാണ്.
മൂന്നാമതും അവള് എന്നോട് ആ ചോദ്യം തന്നെ ചോദിച്ചു.പക്ഷെ ഇപ്രാവശ്യം ചില മാറ്റങ്ങള്‍ ഉണ്ട്.ഒന്ന് ഇപ്പോള്‍ അവളും എന്നോട് ചേര്‍ന്ന് ജനലരികില്‍ ആണ് നില്‍ക്കുന്നത്.രണ്ട് ചോദ്യം കാതിലാണ്. മൂന്ന് പുരോഗമനവാദിക്കുമുന്പ് നേരത്തെ സൂചിപ്പിച്ച അശ്ലീല പദങ്ങളില്‍ ഒന്ന് ചേര്‍ത്തിരിക്കുന്നു.ഇനിയും ഉത്തരം വൈകിക്കുന്നത് ബുധിയല്ലെന്നു എനിക്കും തോന്നി.
സാഹിത്യ ശൃഷ്ടിയൊന്നുമല്ല.
പിന്നെ എന്താണാവോ ഇത്ര ചിന്തിക്കാന്‍?
ഒരു പുഴയെ ഓര്‍ത്ത് ,അതിന്റെ ഒഴുക്കിലങ്ങനെ ഇത്തിരിദൂരം പോയിനോക്കിയതാ. എന്റെ ഫെമി നോക്ക് നീ കാണുന്നില്ലേ ആ പുഴയെ വര്‍ഷക്കാലത്ത് കുതിച്ചൊഴുകുകയും വേനലില്‍ ഒഴുക്ക് നഷ്ടപ്പെടുകയും വീണ്ടും ഒന്നൊഴുകാന്‍ വര്‍ഷത്തെ കാത്തുകിടക്കുകയും ചെയ്യുന്ന ആ പുഴയെ.ഇതുപോലെ എനിക്കുമുണ്ടായിരുന്നു പ്രണയത്തിന്റെ ഒരു പുഴ.ആഴവും പരപ്പും ഈ പുഴയേക്കാള്‍ പതിന്മടങ്ങ് കൂടുതലുള്ള ഒരു പുഴ.വേനലും വര്‍ഷവും ഒഴുക്ക് നിയന്ത്രിച്ചിരുന്ന പ്രണയത്തിന്റെ ഒരു പുഴ.
ചുണ്ടില്‍ ലഹരി നിറഞ്ഞ പുഞ്ചിരിയോടെ അവള് ചോദിച്ചു.ആ പുഴ ഇപ്പോഴും ഒഴുകുന്നുണ്ടോ?
ഞാന്‍ ഈ ഗ്ലാസിലെ ബിയറിനെ അഗാതമായി പ്രണയിക്കുന്നു.തൊട്ടുമുന്‍പ് വരെ ആ ബിയര്‍ എനിക്കുമുന്നില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ ഗ്ലാസ് ശൂന്യമാണ് എന്നിരുന്നാലും ഞാന്‍ ആ ബിയറിനെ പ്രണയിക്കുന്നു.അതുകൊണ്ട് നീയാദ്യം ആ ഗ്ലാസ് നിറച്ചുകൊണ്ടുവാ.ഒരു ഗ്ലാസ് നിറയെ പ്രണയം.
അവള് കൊണ്ടുവന്ന ആ ബിയര്‍ ഗ്ലാസില്‍ രണ്ട് ഐസ് ക്യൂബുകള്‍ ലഹരിയില്‍ മുങ്ങിത്താണ് പരസ്പരം ലയിച്ച് ഈ സന്ധ്യയെ അവരുടേതാക്കുന്നു.ഐസ് ക്യൂബുകള്‍ ബിയറിലേക്ക് തണുപ്പുകള്‍ പടര്‍ത്തുമ്പോള്‍ ആ ഗ്ലാസ്സിനോടുള്ള എന്റെ പ്രണയം ഒരു നുരപ്പോലെ കവിഞ്ഞൊഴുകുന്നു.
കോളേജ് ലൈഫിലോ മറ്റോ ഉണ്ടായിരുന്ന ഫാന്റസി അല്ലെ ആ പ്രണയം.വിട്ടേക്ക് അത്.ഈ മനോഹരമായ സന്ധ്യയെ നശിപ്പിക്കണോ?
സിപ്പ് സിപ്പായ് ആസ്വദിച്ച് കഴിച്ചിരുന്ന ബിയറിനെ ഞാന്‍ ഒറ്റയടിക്ക് അകത്താക്കുന്നത് കണ്ടിട്ടാകണം അവള് അങ്ങനെ പറഞ്ഞത് എന്നിരുന്നാലും അത്തരമൊരു ചോദ്യത്തില്‍ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.എന്റെ ആറേഴു കൊല്ലത്തെ പ്രണയം ഈ ഫെമിനിസ്റ്റിന് വെറും പുച്ഛം.
എന്റെ മൌനത്തെ എറിഞ്ഞുടക്കുക എന്ന ലക്ഷ്യത്തോടെ അവളുടെ അടുത്ത ചോദ്യം.
ആ കുട്ടിയുടെ പേര്?
നീ ഫെമിനിസ്റ്റ്,
ഞാന്‍ പുരോഗമനവാദി,
അവളെ നമുക്ക് ചെമ്പരത്തി എന്നോ താമരയെന്നോ പനിനീര് പൂവെന്നോ എന്ത് വേണേലും വിളിക്കാം.
എന്നാല്‍ ഞാന്‍ അവളെ തേവിടിച്ചിപ്പൂവെന്നു വിളിക്കും.
എന്നാ എന്റെ പോന്നു ഫെമിനിസ്റ്റെ നിന്റെ കവിളില്‍ എന്റെ കൈകൊണ്ട് ആഞ്ഞൊരു ഉമ്മ തരും. കേസ് കൊടുക്കാന്‍ തെളിവായിട്ട് വെളുത്തു തുടുത്ത ആ കവിളത്ത് ഒരു മുദ്രയും കിട്ടും.
കേസും കൂട്ടത്തിനോന്നും സമയമില്ല.എന്റെ മാര്യേജ് ഇങ്ങു അടുത്തു. ഞാന്‍ വരുമ്പോ നിന്റെ മടിയിലേക്ക് വലിച്ചെറിഞ്ഞ ഇന്‍വിറ്റേഷന്‍ ഇല്ലേ അതെന്റെ കല്യാണകുറിയാ.ആ ദിവസം നിന്നോട് ആ വഴിക്കൊന്നും വരണ്ടാ എന്ന് പറയാന്കൂടിയാ ഇന്ന് ഞാന്‍ ഇങ്ങോട്ട് വന്നത്.
അതെന്താ ഞാന്‍ വന്നാല്‍?
നീ വരണ്ടാ അത്രതന്നെ.തര്‍ക്കിക്കാന്‍ നില്‍ക്കാതെ നീ പറ എവിടെനിന്ന് തുടങ്ങുന്നു നിങ്ങളുടെ പ്രണയഗാഥ?
എന്നാ കേട്ടോ അതിങ്ങനെ തുടങ്ങുന്നു.ഏഴാം ക്ലാസ്സില്‍ ഞങ്ങള്‍ ആദ്യം കണ്ടുമുട്ടി പിന്നെ ഒരു വര്‍ഷം ക്ലാസ്സ്മേറ്റ്.പിന്നെ കാണുന്നത് പ്ലസ്റ്റുവിനു.അന്ന് അവളോടത് തുറന്നുപറയ്യാന് പേടി.അതുകൊണ്ട് പറഞ്ഞില്ല.വീണ്ടും വേര്‍പാട് രണ്ടുപേരും രണ്ട് കോളേജില്‍.ഈ കാലയളവില്‍ ഒരു വട്ടം കണ്ടിരുന്നതൊഴിച്ചാല്‍ നോ മോര് കോണ്ടാക്റ്റ് വിത്ത് ഹേര്‍.പിന്നെ കോളേജ് ലൈഫിന് ശേഷം സമ്മാനിച്ച എകാന്തതക്കും ജോലി കിട്ടാത്തതിന്റെ നിരാശയിലേക്കുമാണ് അവള് കടന്നു വരുന്നത്. ഒരു fb മെസ്സേജ് ആയി.അധികം വൈകാതെ ഞാന്‍ അവളെ വിളിച്ച് ആറേഴുകൊല്ലം മാറാലമൂടികിടക്കുന്ന ആ പ്രണയ വാചകം ഞാന്‍ അവളോട പറഞ്ഞു[ഇത്രയും കാലം പറയാന്‍ കഴിയാതിരുന്ന പ്രണയം ഇങ്ങനെ ഒരു അവസരത്തില്‍ ഇത്രപ്പെട്ടന്നു തുറന്നു പറയാന്‍ കാരണമെന്തെന്നു പിന്നീട് ഒരിക്കലും എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിട്ടില്ല]. ഫോണില്‍ അവളുടെ സബ്ദം ഇടറിയത് ഞാന്‍ ശ്രദ്ധിച്ച്ചതാണ്. ആ കാണുന്ന പഴയ കൊച്ചി പാലമില്ലേ അവിടെ നിന്നാണ് ഞാന്‍ അവള്‍ക്ക് അന്ന് ഫോണ്‍ ചെയ്തത്.
എന്നിട്ട് അവള് എന്ത് പറഞ്ഞു എന്റെ പുരോഗമനവാദിയോട്?
യു ആര് ടൂ ലേറ്റ്.ഞാന്‍ കാരണം തിരക്കിയില്ല ഔപചാരികതയുടെ പേരില്‍ ഒരു സോറി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
അന്ന് ആ മെയ്മാസ രാത്രിയില്‍ ദേ ആ കാണുന്ന തകര്‍ന്ന പഴയ കൊച്ചിന് പാലത്തിന് ഒരു തകര്‍ന്ന പ്രണയം കൂട്ടുകിടന്നു.
എന്റെ ഫെമിനിസ്റ്റേ...പ്രണയം ഭ്രാന്താണ് കാലം സമ്മാനിക്കുന്ന ഒരുതരം ഭ്രാന്ത്.ചിലപ്പോള്‍ ആ ഭ്രാന്തിന്റെ കാലില്‍ ചില കണ്ണികള്‍ മരണം വരെ അങ്ങനെ തൂങ്ങികിടക്കും മറ്റുചിലപ്പോള്‍ അതറ്റുവീഴും.
വീണ്ടും ഒഴിഞ്ഞുകൊണ്ടിരുന്ന ഗ്ലാസ്സുകള്‍ നിറച്ച് അവള് എന്നോട് ചോദിച്ചു ആ ഭ്രാന്തിന്റെ കണ്ണികള്‍ അറ്റുപോഎങ്കില് ആ കണ്ണിയില്‍ മറ്റൊരു ഭ്രാന്ത് വിളക്കിചേര്ത്തിട്ടില്ലെങ്കില് ഈ ഫെമിനിസ്റ്റിന് ആ കണ്ണിയുമായി ഇണങ്ങിചേരാന്‍ ആഗ്രഹമുണ്ട്.ആ ഇന്‍വിറ്റേഷന്‍ കീറിക്കളയാന്‍ വേണ്ട സമയമേ എനിക്കുവേണ്ടു നിന്റെ ഭ്രാന്തിന്റെ ചങ്ങലകണ്ണിയാകാന്.
അവളുടെ ആ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ കൈയ്യിലെ ബിയര്‍ ഗ്ലാസ്സിനോട് ചോതിച്ചു,ജനലഴികളോട് ചോദിച്ചു,പുഴയില്‍ അവശേഷിക്കുന്ന ഓരോ മണ്ത്തരിയോടും ചോദിച്ചു,തകര്‍ന്നു കിടക്കുന്ന കൊച്ചിന് പാലത്തോട് ചോദിച്ചു.എന്റെ ചോദ്യങ്ങള്‍ പ്രതിധ്വനികളായി അലയടിച്ച്ചതല്ലാതെ എനിക്കുള്ള ഉത്തരങ്ങള്‍ ഒന്നും ആ പ്രതിധ്വനികള്‍ക്ക് തരാനുണ്ടായിരുന്നില്ല.
അവസാനം ആരും സഹായിക്കാതെതന്നെ ഞാന്‍ ഒരു ഉത്തരം അവള്‍ക്ക് നല്കുന്നു.”ഫെമിനിസ്റ്റെ നിന്റെ ഫെമിനിസത്തിന്റെ തോള്‍സഞ്ചിയും ജുബ്ബയും എന്റെ പുരോഗമനവാദിയുടെ തോള്‍സഞ്ചിയും ജുബ്ബയും പ്രണയത്തിന്റെ ഒരേ കൊളുത്തില്‍ തൂക്കിയിടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാനീലഹരിയില് തളര്‍ന്നു കിടക്കുമ്പോള്‍ നെറ്റിയില്‍ പതിവ് ചുംബനം തന്ന് ഈ ഹോട്ടല്‍ മുറിയുടെ വാതില്‍ പതിയെച്ചാരി നീ നടന്നകലുക.തിരിഞ്ഞുനോക്കരുത്.നിനക്കായ് തുറന്നു കിടക്കുന്ന പുതിയ വാതിലിലേക്ക് നീ ഓടി കയറുക.ഈ മുറിയുടെ ജനല്പ്പാളികള് കൊട്ടിയടച്ച് വാതിലുകള്‍ പൂട്ടി വൈകാതെ ഞാനും പടിയിറങ്ങും”.

Ellam OK.. But who is that feminist?
ReplyDeleteEllam OK.. But who is that feminist?
ReplyDeleteDey...
ReplyDeletenthey??
DeleteIthraykoke kayyilundalleee..kandal parayillaatttooo
ReplyDelete